റിയാദ്

കെ രംഗനാഥ്

June 19, 2020, 10:20 pm

അഞ്ചുലക്ഷം മലയാളികള്‍ തൊഴില്‍രഹിതരായി മടങ്ങുന്നു ഈ വര്‍ഷം രാജ്യം വിടുന്നത് 12 ലക്ഷം പ്രവാസികള്‍

Janayugom Online

കൊറോണയുടെ പടയോട്ടത്തില്‍ പകച്ചുനില്ക്കുന്ന സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിനു പ്രവാസികള്‍ നാടുവിട്ടുകൊണ്ടിരിക്കുന്നു. സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസി പലായനത്തിനിടെ രാജ്യത്തുനിന്ന് ഈ വര്‍ഷം പുറത്താകുന്നവരുടെ സംഖ്യ 12 ലക്ഷം കവിയും. സ്വന്തം നാടുകളിലേക്കുള്ള ഈ പ്രവാസിപ്രവാഹത്തിന്റെ ആശങ്കാജനകമായ കണക്കുകള്‍ സൗദി തൊഴില്‍ വിപണി വികസനകാര്യാലയമാണ് ഇന്നലെ പുറത്തുവിട്ടത്.

തൊഴിലില്ലാതെ കുടിയിറക്കപ്പെടുന്നവരില്‍ അഞ്ചു ലക്ഷത്തിനും ആറു ലക്ഷത്തിനുമിടയില്‍ മലയാളികളായിരിക്കും. കൊറോണമൂലം ലോകമെമ്പാടുമുള്ള തൊഴില്‍ വിപണികള്‍ തകര്‍ന്നടിയുന്നതിന്റെ പ്രത്യാഘാതം മാത്രമാണ് സൗദി അറേബ്യയും നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിരാജ്യമായിട്ടും സൗദിയിലെ രൂക്ഷമായ തൊഴിലില്ലായ്മ 12 ശതമാനമായി തുടരും.

ലക്ഷക്കണക്കിനു പ്രവാസികള്‍ നാടുവിടുന്നുവെങ്കിലും എണ്ണ വിലത്തകര്‍ച്ചയും കൊറോണയും മൂലം ആഴമേറിയ പ്രതിസന്ധിയിലായ രാജ്യത്ത് സ്വദേശികള്‍ക്ക് തൊഴില്‍ നല്കാനും കഴിയാത്ത സാമ്പത്തിക സാഹചര്യങ്ങളാണുള്ളത്. 3.48 കോടിയില്‍പരം ജനസംഖ്യയുള്ള സൗദി അറേബ്യ പ്രവാസി ജനസംഖ്യയില്‍ യുഎസിനും റഷ്യയ്ക്കും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം പ്രവാസി ജനസംഖ്യയുള്ള സൗദിയില്‍ 1.04 കോടി വിദേശികളാണ്.

തൊട്ടുപിന്നില്‍ 78 ലക്ഷം വിദേശികളുമായി യുഎഇയും.1975 ല്‍ 34,000 ഇന്ത്യന്‍ പ്രവാസികള്‍ മാത്രമുണ്ടായിരുന്ന സൗദി അറേബ്യ ക്രമേണ ഇന്ത്യാക്കാരുടേയും പ്രത്യേകിച്ച് മലയാളികളുടേയും സ്വപ്നഭൂമിയായി മാറുകയായിരുന്നു. 2017 ല്‍ 41 ലക്ഷം ഇന്ത്യാക്കാരുണ്ടായിരുന്ന സൗദി അറേബ്യയില്‍ സ്വദേശിവല്ക്കരണത്തിന്റെ വേലിയേറ്റത്തില്‍ അത് 38 ലക്ഷമായി ചുരുങ്ങി. ഇവരില്‍ 18 ലക്ഷത്തോളം മലയാളികളാണെന്നാണ് കണക്ക്. ഈ വര്‍ഷം 12 ലക്ഷം വിദേശികള്‍ തൊഴില്‍രഹിതരായി രാജ്യം വിടുമ്പോള്‍ അവരില്‍ ആറ് ലക്ഷത്തോളം മലയാളികളടക്കം 8.3 ലക്ഷം ഇന്ത്യന്‍ പ്രവാസികളുണ്ടാവും. മലയാളികള്‍ക്ക് സമഗ്രാധിപത്യമുള്ള മേഖലകളിലാണ് പിരിച്ചുവിടലുകള്‍ ഏറ്റവും വ്യാപകമായി നടന്നുവരുന്നത്.

ടൂറിസം, ഹോട്ടല്‍വ്യവസായം, ഭക്ഷ്യോല്പന്നവിതരണ മേഖല, ഓഫീസ് ഭരണനിര്‍വഹണം, ട്രാവല്‍ ഏജന്‍സികള്‍, സെക്യൂരിറ്റി സേവനം, െ്രെഡവര്‍മാര്‍, നിര്‍മ്മാണമേഖല, ഫ്‌ലാറ്റ് കെട്ടിടസമുച്ചയങ്ങളിലെന്ന സേവന മേഖലകള്‍, നിത്യോപയോഗ സാധനങ്ങളുടെ ചില്ലറ വില്പന, സിവില്‍ വ്യോമയാനരംഗം തുടങ്ങി മലയാളികള്‍ക്ക് നിറസാന്നിധ്യമുള്ള മേഖലകളെയാണ് പിരിച്ചുവിടല്‍ നടപടികള്‍ ഏറ്റവുമധികം ബാധിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയില്‍ നിന്നു നാട്ടിലേക്ക് പുറപ്പെടുന്ന തൊഴില്‍ഹിതരായ 2.6 ലക്ഷം പേരില്‍ മഹാഭൂരിഭാഗവും കേരളീയരാണെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുവൈറ്റില്‍ പിരിച്ചുവിടുന്ന ആറ് ലക്ഷം പേരില്‍ പകുതിയിലേറെയും ഇന്ത്യാക്കാരാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍ സിംഹഭാഗവും മലയാളികളാണ്. ഇതിനിടെയാണ് സൗദിയില്‍ നിന്നും ആറുലക്ഷത്തോളം മലയാളികളടക്കം 12 ലക്ഷം പേരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയിറക്ക് നടന്നുവരുന്നത്.

Eng­lish summary:five lakh Ker­alites lost jobs in Sau­di Arabia

You may also like this video: