Saturday
16 Feb 2019

അഞ്ചു ഭീകരരെ സൈന്യംവധിച്ചു

By: Web Desk | Sunday 10 February 2019 10:44 PM IST

ശ്രീനഗര്‍: ആറു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ അഞ്ചു ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. ഏറ്റുമുട്ടല്‍ തുടങ്ങിയത് ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു.
12 മണിയോടെ സൈന്യം അഞ്ച് ഭീകരരെയും വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിനുപിന്നാലെ പ്രദേശത്തുണ്ടായ കല്ലേറില്‍ എട്ട് പ്രദേശവാസികള്‍ക്കും നാല് സിആര്‍എഫ് ജവാന്മാര്‍ക്കും പരിക്കേറ്റു.
ഗാം ജില്ലയിലെ കെല്ലം ദേവ്‌സര്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും രാഷ്ട്രീയ റൈഫിള്‍സും സിആര്‍എഫും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

”അഞ്ചു ഭീകരരെയും വധിച്ചു. ഭീകരരുടെ പക്കല്‍നിന്നും ആയുധങ്ങളും കണ്ടെടുത്തു,” സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരെല്ലാം പ്രദേശവാസികളായിരുന്നുവെന്ന് സൈന്യവും പൊലീസും വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ലഷ്‌കറെ തോയിബ കമാന്‍ഡറെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചിരുന്നു. ഇര്‍ഫാന്‍ അഹമ്മദ് ഷെയ്ഖ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.
നിയന്ത്രണരേഖയില്‍ നടന്ന മറ്റൊരു സംഭവത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ സ്‌നൈപ്പര്‍ ആക്രമണത്തില്‍ സൈനികനു പരിക്കേറ്റു. നൗഷേര സെക്ടറിലെ കലാല്‍ മേഖലയിലെ സുരക്ഷാ പോസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സൈനികനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം പ്രദേശത്തെ സൈനിക ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സൈനിക കമാന്‍ഡ് ആശുപത്രിയിലേക്കും മാറ്റി. ഈ വര്‍ഷം ആരംഭിച്ചതിനുശേഷം പൂഞ്ച്, രജൗരി മേഖലകളില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടാകുന്നുണ്ട്.

Related News