സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍കൂടി സുപ്രീംകോടതിയില്‍

Web Desk

ബെംഗളൂരു

Posted on July 13, 2019, 3:49 pm

കര്‍ണാടകയിലെ അഞ്ച് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, കെ.സുധാകര്‍, എം.ടി.ബി നാഗരാജു, മുനിരകത്‌ന എന്നിവരാണ് ഹര്‍ജി നല്‍കിയത്. രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി. ഭരണഘടനയുടെ 190ാം അനുഛേദപ്രകാരം ചട്ടങ്ങള്‍ പാലിച്ചാണ് രാജിക്കത്ത് നല്‍കിയത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടില്ല. സ്വമേധയാ നല്‍കിയ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതായും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

കര്‍ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കൊപ്പം ഇവരുടെ ഹര്‍ജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. ശനിയാഴ്ച രാവിലെയാണ് ഹര്‍ജി കോടതിയിലെത്തിയത്. ഹര്‍ജി കോടതിയിലെത്തിയതിന് ശേഷമാണ് വിമതര അനുനയിപ്പിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് വീണ്ടും നടത്തിയത്.

വിശ്വാസവോട്ടെടുപ്പ് നടക്കാനുള്ള സാധ്യതകള്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് ജെഡിഎസ് ക്യാമ്ബിന് പ്രതീക്ഷയേറി. എം.ടി.ബി നാഗരാജുവുമായി കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ നടത്തി. നാഗരാജിനെ തിരികെ എത്തിക്കാനായാല്‍ കെ. സുധാകറും തിരികെ എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എം.ടി.ബി.നാഗരാജ് പറഞ്ഞത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഡകെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് പറഞ്ഞു.

അതിനിടെ പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കാന്‍ സ്വതന്ത്ര എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. തിങ്കളാഴ്ചവരെയുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് യെദ്യൂരപ്പയും പറഞ്ഞു.