പുതുപ്പള്ളി തെരുവ് സ്വദേശി നസീഫിന്റെ മക്കളായ മുഹമ്മദ് ആഹിൽ (18), മുഹമ്മദ് നിഹാൽ (20) എന്നിവരാണ് തെക്കേ മലമ്പുഴ ഭാഗത്ത് റിസർവോയറിൽ അവസാനമായി മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഡാമിലെ കുഴിയില്‍പ്പെട്ടാണ് മുങ്ങി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴയിലും അതിർത്തിയിലെ വാളയാർ അണക്കെട്ടിലും കഴിഞ്ഞ പത്തു വർഷത്തിനിടെ പൊലിഞ്ഞത് നിരവധി ജീവനുകളാണ്. നീന്തൽ പരിജ്ഞാനം ഇല്ലാത്തവരും ജലാശയങ്ങളെപ്പറ്റി അറിയാത്തവരുമാണ് മിക്കപ്പോഴും ജലാശയങ്ങളിൽ ഇറങ്ങി മുങ്ങിമരണത്തിന് ഇരയാവുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ജലാശയങ്ങളിൽ അപകട മുന്നറിയിപ്പ് സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
കഴിഞ്ഞ മാസം 29നാണ് കരിമ്പ മൂന്നേക്കർ തുടിക്കോട് ആദിവാസി കോളനിയിലെ ചിറയിൽപ്പെട്ട് മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത്. ഇതിന്റെ ആഘാതം മാറും മുമ്പാണ് മലമ്പുഴയിൽ രണ്ട് സഹോദരങ്ങളുടെ മുങ്ങി മരണം. കരിമ്പ മൂന്നേക്കർ തുടിക്കോട് ഉന്നതിയിൽ രാധിക പ്രദീപ് പ്രജീഷ് എന്നീ മൂന്ന് കുട്ടികളാണ് ചിറയിൽപ്പെട്ട് മരിച്ചത്. പാലക്കാട് കഴിഞ്ഞവർഷമാണ് കല്ലേക്കാട്ട് പുഴയിൽ തമിഴ്നാട് നിന്നും ബന്ധു വീട്ടിലേക്ക് വന്ന യുവാക്കൾ മുങ്ങി മരിച്ചത്. മലമ്പുഴ വാളയാർ പോലുള്ള അണക്കെട്ടുകളിൽ മണലെടുപ്പ് മൂലം മിക്കയിടത്തും അപകടച്ചുഴികൾ രൂപപ്പെട്ടിട്ടുണ്ടാകും. ഓരോ ജലാശയങ്ങൾക്കും സമീപത്ത് താമസിക്കുന്നവർക്ക് മാത്രമാണ് ജലാശയങ്ങളിലെ അപകടച്ചുഴികളെ പറ്റിയും മറ്റും അറിയുന്നത്. സംസ്ഥാനത്ത് പ്രതിവർഷം ആയിരത്തിലധികം ആളുകളാണ് ജലാശയങ്ങളിൽ മുങ്ങി മരിക്കുന്നത്. ജലാശയങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനായി ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് ടീമും ചേർന്നാണ് രക്ഷപ്പെടുത്തുന്നത്. എന്നാൽ മിക്ക സമയങ്ങളിലും രക്ഷാപ്രവർത്തനങ്ങളെ വിഫലമാക്കി പലരുടെയും ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയും പരിതാപകരമാണ്. സംസ്ഥാന അതിർത്തിയായ വാളയാറിലാണ് ജില്ലയിൽ കൂടുതൽ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അണക്കെട്ടിലേക്ക് ഇറങ്ങുന്ന ഭാഗത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഡാമിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. മലമ്പുഴ അണക്കെട്ടിലും സമാനമായ സാഹചര്യമാണ് ഉള്ളത്. നിലവിൽ അണക്കെട്ടിൽ വെള്ളം കുറവാണെങ്കിലും വെള്ളത്തിൽ ഇറങ്ങുന്നവരുടെ ശ്രദ്ധയില്ലായ്മയാണ് പലപ്പോഴും ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നത്. അണക്കെട്ടുകൾക്ക് പുറമെ കുളങ്ങളിലും കനാലുകളിലും മുങ്ങി മരിക്കുന്നവരുമേറെയാണ്.
സംസ്ഥാനത്ത് ജലാശയങ്ങളെ മുങ്ങി മരിക്കുന്നവരിൽ കൂടുതലും യുവാക്കൾ ആണെന്നതും ദയനീയമായ വസ്തുതയാണ്. ശക്തമായ മഴക്കാലത്ത് പുഴകളിലും അണക്കെട്ടുകളിലും ശക്തമായ നീരൊഴുക്ക് ഉണ്ടാകുന്ന സമയങ്ങളിൽ വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും പലരും ഇത് അവഗണിക്കുന്നതും ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നതിനു കാരണമാകുന്നത്. ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ജലാശയങ്ങളിൽ സന്ദർശകർക്ക് വെള്ളത്തിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്കവരും ഇത് ലംഘിക്കുന്നതും പരിചയമില്ലാ ത്ത പുഴയില്‍ ഇറങ്ങുന്നതുമാണ് ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നുവെന്നും പരാതിയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.