മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴിയിൽ അഞ്ചു പേര്‍ കുടുങ്ങി, മൂന്നു പേരെ രക്ഷപ്പെടുത്തി

Web Desk
Posted on December 02, 2019, 2:04 pm

പൂനെ: മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഞ്ചു പേര്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ട് അഗ്നിശമന സേനാംഗങ്ങളടക്കം അഞ്ചു പേരാണ് കുടുങ്ങിയത്. ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

പൂനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. മണ്ണിനടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ച 15 അടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇവർ കുടുങ്ങിയത്. അബദ്ധത്തില്‍ കുഴിയിലേയ്ക്ക് വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് രണ്ടു പേർ. ഇവരും കുഴിയിൽ അകപ്പെട്ടതോടെ രക്ഷിക്കാന്‍ എത്തിയതാണ് രണ്ട് അഗ്നിശമന സേനാംഗങ്ങൾ. ഇവരും കുഴിയിൽ പെടുകയായിരുന്നു.

തുടര്‍ന്ന് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുഴിയ്ക്കു സമീപത്തെ കൂടുതല്‍ മണ്ണ് നീക്കുകയും ക്രയിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുഴിയില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. മറ്റു രണ്ടുപേരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പത്ത് അഗ്നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.

you may also like this video;