കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു

Web Desk
Posted on September 13, 2019, 10:17 am

പഴനി: വാടിപ്പട്ടിയില്‍ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെ വാടിപ്പട്ടിക്ക് സമീപം ദേശീയപാതയിലായിരുന്നു അപകടം. പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47), ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41) എന്നിവരാണ് മരിച്ചത്.

ഏര്‍വാടി തീര്‍ത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാര്‍ വഴിയില്‍ ബൈക്ക് ഇടിച്ചിട്ടശേഷം മലപ്പുറത്തു നിന്ന് പോയ കാറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മധുര, ദിണ്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.