സൈനികന്റെ വീട് ആക്രമിച്ച കേസില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി അറസ്റ്റില്‍

Web Desk
Posted on July 08, 2018, 2:44 pm

കൊല്ലം: സൈനികന്റെ വീട് ആക്രമിച്ച കേസില്‍ അഞ്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൂടി പിടിയില്‍. കണ്ണൂരിലെ പറശ്ശിനിക്കടവില്‍ ഒളിവിലായിരുന്നവരെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ശാസ്താംകോട്ട സിനിമാപ്പറമ്പ്  പനപ്പെട്ടി ചരുവില്‍ പുത്തന്‍വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെ (28) ആണ് അറസ്റ്റിലായത്. കേസില്‍ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ അബ്ദുല്‍ ജബ്ബാര്‍ പോപ്പുലര്‍ഫ്രണ്ട് താലൂക്ക് ഭാരവാഹിയും കോ-എക്‌സ്പാന്‍ഷണറുമാണ്.

കന്നുകാലികളെ കയറ്റിയ ലോറിയുമായി കൊട്ടാരക്കര ഭാഗത്തേക്ക് വന്നവരും സൈനികനായ വിഷ്ണുവുമായി സൈഡ് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വീട് അടിച്ചു തകര്‍ക്കലില്‍ കലാശിച്ചത്. പശുക്കളെ കൊണ്ടുപോകുന്നത് തടഞ്ഞതാണെന്ന വ്യാജ വാര്‍ത്ത പുറത്തു വന്നതോടു കൂടി സംഘടിച്ചെത്തിയ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകടനം നടത്തുകയും പിന്നീട് ഗൂഢാലോചന നടത്തി9 സൈനികന്റെ വീട് ആക്രമിക്കുകയുമായിരുന്നു.

ശശിധരന്റെ വീടിന് നേര്‍ക്കായിരുന്നു 2ന് ഉച്ചയ്ക്ക് ആക്രമണം നടന്നത്. വീട്ടിലെ പൂജാമുറി, വാതിലുകള്‍, ജനലുകള്‍ എന്നിവ അടിച്ചുതകര്‍ത്തു. അബ്ദുല്‍ ജബ്ബാറും സുഹൃത്ത് ഷാനവാസും ചേര്‍ന്നാണ് അക്രമത്തിന് പദ്ധതിയിട്ടത്. മറ്റ് അഞ്ച് പ്രവര്‍ത്തകരെ കൂടെ കൂട്ടി. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് പല സ്ഥലങ്ങളിലേക്ക് പോയി. പൊലീസ് പഴുതടച്ച്‌ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ ജബ്ബാര്‍ പിടിയിലായത്. മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.