ഭൂതത്താന്‍കെട്ടിലെ അഞ്ച് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം തുറന്നു

കെ എ സൈനുദ്ദീന്‍

കോതമംഗലം

Posted on May 29, 2020, 9:02 pm

പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭൂതത്താന്‍കെട്ട് ബാരേജിലെ അഞ്ച് ഷട്ടറുകള്‍ തുറന്നു. 50 സെന്റീമീറ്റര്‍ വീതം മൂന്നു ഷട്ടറുകളാണ് ഇന്നലെ തുറന്നതെന്ന് പെരിയാര്‍വാലി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. രാത്രി 8 മണിയോടെയാണ് രണ്ടാം ഘട്ടമായി 2 ഷട്ടറുകള്‍ കൂടി തുറന്നത്. നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആകെ 5 ഷട്ടറുകള്‍ 50 സെ.മീറ്റര്‍ വീതം തുറന്നിട്ടുണ്ട്.ബാരേജിന് 15 ഷട്ടറുകളാണുള്ളത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ഇടമലയാര്‍ ഡാമില്‍ നിന്നും വെള്ളം തുറന്നു വിടേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നതോടെ എല്ലാ വര്‍ഷവും ജൂണ്‍ ആദ്യവാരത്തോടെ 15 ഷട്ടറുകളും മുഴുവനായും തുറക്കും.

ഈയാഴ്ചയില്‍ തന്നെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് സാധ്യത. തുടര്‍ന്ന് നവംബര്‍ മാസം പതിനഞ്ചാം തീയതി യോടെയാണ് ഷട്ടറുകള്‍ അടയ്ക്കുക. ഭൂതത്താന്‍കെട്ട് ബാരേജിന്റെ പരിധി 160 മില്യണ്‍ ക്യൂബാണ്. ഭൂതത്താന്‍കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായി ഉയര്‍ത്തുന്നതോടെ പെരിയാര്‍ നിറഞ്ഞു കവിയും. ഭൂതത്താന്‍കെട്ടില്‍ നിന്നും വെള്ളം പെരുബാവൂര്‍ ‚കാലടി വഴി ആലുവയിലെത്തും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണ്. 2018 ലും 2019 ലും ഉണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും പെരിയാറിന്റെ ഇരുകരകളിലുമുള്ളര്‍ക്ക് വളരെയധികം നാശം സംഭവിച്ചിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ അടക്കം ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി നാശം സംഭവിച്ചിരുന്നു.

ഇടമലയാര്‍ ഡാമില്‍ നിലവില്‍ 30 ശതമാനം വെള്ളം മാത്രമാണുള്ളത്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്താല്‍ ഇടമലയാര്‍ ഡാമിലെ ഷട്ടറുകളും തുറക്കേണ്ടി വരും. ഇടമലയാര്‍ ഡാമിലെ വെള്ളവും ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ് ഒഴുകിയെത്തുന്നത്.  169 മീറ്റര്‍ ഉയരമുള്ള ഇടമലയാര്‍ ഡാമില്‍ ജൂണ്‍ 30 ന് 161 മീറ്റര്‍, ജൂലൈ 31 ന് 162 മീറ്റര്‍, ഓഗസ്റ്റ് 30ന് 164 മീറ്റര്‍ എന്നീ പരിധി കവിയരുതെന്നാണ് ദേശീയ ജല കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.  ജല നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്നും വൈദ്യുതി ഉല്‍പാദനത്തേക്കാള്‍ ഡാം സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ജല കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു.  ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കനത്താല്‍ വെള്ളം തുറന്നു വിടുകയോ വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ജലനിരപ്പു താഴ്ത്തുകയോ ചെയ്യണം. ഷട്ടറുകള്‍ ഉയര്‍ത്തി ഇടമലയാര്‍ ഡാമിലെ വെള്ളം ഭൂതത്താന്‍കെട്ടിലെത്തിയാല്‍ ബാരേജിലെ ഷട്ടറുകള്‍ ഉയര്‍ത്തുകയല്ലാതെ നിവര്‍ത്തിയില്ല .കര കവിയുന്ന പെരിയാറിന്റെ ഇരു കരകളിലുമുള്ളവരുടെ സുരക്ഷയെ കരുതിയാണ് ഇന്നലെ ഭൂതത്താന്‍കെട്ട് ബാരേജിലെ ഷട്ടറുകള്‍ ഭാഗികമായി ഉയര്‍ത്തിയത്.

 

ENGLISH SUMMARY:five shut­ters at Bhoothathanket­tu opened 50 cm each

You may also like this video