Web Desk

ന്യൂഡൽഹി:

October 27, 2020, 10:13 pm

ഇന്ത്യൻ സൈന്യത്തിന് ഇനി അഞ്ച് തിയേറ്റർ കമാൻഡുകൾ

Janayugom Online

ഇന്ത്യൻ സൈന്യത്തെ 2022 ഓടെ അഞ്ച് തിയേറ്റർ കമാൻഡുകൾക്ക് കീഴിൽ പുനസംഘടിപ്പിക്കാനൊരുങ്ങുന്നു. പുതുതായി രൂപീകരിക്കുന്ന ഓരോ കമാൻഡുകൾക്കും പ്രത്യേക പ്രവർത്തന മേഖലകളും കര, നാവിക, വ്യോമ സേനാവിഭാഗങ്ങളെ സമന്വയിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്ക് വ്യക്തമായ ഘടനയും ഉണ്ടായിരിക്കും. മന്ത്രിസഭ അംഗീകാരം നൽകുന്ന മുറയ്ക്ക് കമാൻഡുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സൈനിക കാര്യ വകുപ്പ് അധിക ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കും.

ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം നിലവിലുള്ള തിയേറ്റർ കമാൻഡുകളെക്കുറിച്ച് പഠിക്കാൻ മോഡി സർക്കാർ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് അനുമതി നൽകി. മൂന്ന് സൈനിക വിഭാഗങ്ങളെയും തീയേറ്റർ കമാൻഡുകളുടെ ഭാഗമാക്കി തിരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണി നേരിടുന്നതിനായി പശ്ചിമ കമാൻഡും ചൈനീസ് വെല്ലുവിളികളെ പ്രതിരോധിക്കാൻ നിർദ്ദിഷ്ട ഉത്തര കമാൻഡും പരിഗണനയിലുണ്ട്. ലഡാക്കിലെ കാറക്കോറം ചുരത്തിനും അരുണാചൽ പ്രദേശിലെ കിബിതുവിനും ഇടയിലായിരിക്കും ഉത്തര കമാൻഡ്. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിക്കപ്പെടുന്ന കമാൻഡിന്റെ ആസ്ഥാനം ലഖ്നൗവിലായിരിക്കും.

സിയാച്ചിൻ ഗ്ലേസിയറിലെ സാൽട്ടോറോ റിഡ്ജിലെ ഇന്ദിര കോളിനും ഗുജറാത്തിനും ഇടയിൽ പശ്ചിമ വിഭാഗം ഉത്തരവാദിത്തം നിർവഹിക്കും. മൂന്നാമത്തേത് തിരുവനന്തപുരം ആസ്ഥാനമായിരിക്കാനിടയുള്ള പെനിൻസുലർ കമാൻഡും നാലാമത്തെ കമാൻഡ് വ്യോമ പ്രതിരോധ കമാൻഡും അഞ്ചാമത്തേത് മാരിടൈം അല്ലെങ്കിൽ നേവി കമാൻഡും ആയിരിക്കും. ഏതൊരു സാഹചര്യമുണ്ടായാലും സേനയെ ശക്തമായി നിലനിർത്തുന്നതിന് മൂന്ന് വിഭാഗങ്ങളെയും സമന്വയിപ്പിച്ചുള്ള കമാൻഡുകളുടെ തിയേറ്ററൈസേഷൻ അനിവാര്യമാണെന്നാണ് സൈന്യത്തിലെ ഉന്നതവൃത്തങ്ങളും അഭിപ്രായപ്പെടുന്നത്.

ENGLISH SUMMARY: FIVE THEATRE COMMANDERS TO INDIAN ARMY

YOU MAY ALSO LIKE THIS VIDEO