Web Desk

ചമ്രൗദി

July 07, 2021, 6:22 pm

കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നല്‍കി; യുവതിയും മകളും അറസ്റ്റില്‍

Janayugom Online

കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് വയസ്സുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ അറസ്റ്റിലായ യുവതിയുടെ ഇളയമകനെ ചോദ്യം ചെയ്തിരുന്നു. കുട്ടി നല്‍കിയ മൊഴിയാണ് സംഭവത്തില്‍ വഴിത്തിരിവായത്. തന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും സമീപത്തെ പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്നും കുട്ടി മൊഴി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പുഴയില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് അയല്‍വാസിയായ യുവതിയെയും മകളെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ നിധി കണ്ടെത്താന്‍ വേണ്ടിയാണ് കുട്ടിയെ ബലി നല്‍കിയെന്ന കാര്യം പറയുന്നത്. ഒരു മന്ത്രവാദിയുടെ വാക്കനസുരിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കി. ഒരു കുട്ടിയെ ബലി നല്‍കിയാല്‍ തങ്ങള്‍ക്ക് നിധി കണ്ടെത്താനാകുമെന്നാണ് മന്ത്രവാദി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

ഇതനുസരിച്ച് ഇരുവരും അയല്‍വീട്ടിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. മദ്രവാദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Eng­lish sum­ma­ry: Five year old child killed inn uttarpradesh

You may also like this video: