24 April 2024, Wednesday

Related news

February 14, 2024
November 7, 2023
September 13, 2023
June 24, 2023
May 19, 2023
May 11, 2023
March 14, 2023
February 10, 2023
December 15, 2022
November 22, 2022

അഞ്ച് വർഷം: ബാങ്കുകൾ എഴുതിത്തള്ളിയത് 10 ലക്ഷം കോടി

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2022 11:07 pm

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപയുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒളിവിൽ കഴിയുന്ന വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസിന്റേതാണ് ഇതില്‍ 7,110 കോടി. 2017–18 മുതൽ 2021–22 വരെയുള്ള അഞ്ച് വർഷങ്ങളിൽ 9,91,640 കോടിയുടെ വായ്പകളാണ് എഴുതിത്തള്ളിയെതന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കെ കരാദ് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. 2022 മാർച്ച് അവസാനം വരെ ബോധപൂര്‍വം കുടിശിക വരുത്തിയ(വിൽഫുൾ ഡിഫോൾട്ടർ) 25 പേരുടെ വിവരങ്ങളാണ് മന്ത്രി പങ്കുച്ചത്. മെഹുൽ ചോക്സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസ് 7,110 കോടി രൂപയുടെ കുടിശികയുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. എറ ഇൻഫ്രാ എന്‍ജിനീയറിങ് 5,879 കോടി രൂപയും കോൺകാസ്റ്റ് സ്റ്റീൽ ആന്റ് പവർ ലിമിറ്റഡ് 4,107 കോടി രൂപയും ബാങ്കുകൾക്ക് നൽകാനുണ്ട്. ആർഇഐ അഗ്രോ ലിമിറ്റഡും എബിജി ഷിപ്‍യാർഡും യഥാക്രമം 3,984 കോടിയും 3,708 കോടിയും ബാങ്കുകളെ കബളിപ്പിച്ചു.

 

ഫ്രോസ്റ്റ് ഇന്റർനാഷണൽ ലിമിറ്റഡ് 3,108 കോടി, വിൻസം ഡയമണ്ട്സ് ആന്റ് ജ്വല്ലറി 2,671 കോടി, റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് 2,481 കോടി, കോസ്റ്റൽ പ്രോജക്ട്സ് ലിമിറ്റഡ് 2,311 കോടി, കുഡോസ് കെമി 2,082 കോടി എന്നിവയും മനഃപൂർവം കുടിശ്ശിക വരുത്തിയ പട്ടികയിലുണ്ട്. 2021–22ൽ 1.57 ലക്ഷം കോടി, 2020–21ൽ 2.02 ലക്ഷം കോടി, 2019–20ൽ 2.34 ലക്ഷം കോടി, 2018–19ൽ 2.36 ലക്ഷം കോടി, 2017–18ൽ 1.61 ലക്ഷം കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ നാല് വർഷങ്ങളിൽ ബോധപൂര്‍വം വായ്പ തിരിച്ചടയ്ക്കാതിരുന്നവരുടെ എണ്ണം 10,306 ആണ്. 2020–21 ലായിരുന്നു ഏറ്റവും കുടുതല്‍; 2,840. തൊട്ടടുത്ത വർഷം 2,700 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം 2021 വരെയുള്ള 10 വര്‍ഷം രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.68 ലക്ഷം കോടിയാണെന്ന് ഏതാനും മാസം മുമ്പ് വിവരാവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. ഇതിൽ 10.72 ലക്ഷം കോടി രൂപയും മോഡി സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നും വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് നൽകിയ മറുപടിയിലുണ്ടായിരുന്നു.
ഭക്ഷ്യേതരമേഖലയിൽ നല്കിയ മൊത്തം വായ്പകളുടെ 10 ശതമാനത്തോളമാണ് 10 വർഷത്തിനിടെ എഴുതിത്തള്ളിയത്. എഴുതിത്തള്ളുന്നതോടെ വായ്പ തിരിച്ചുപിടിക്കാനുള്ള സാധ്യത അവസാനിപ്പിക്കുന്നില്ലെന്നും അക്കൗണ്ട് കൃത്യമാക്കാൻ കിട്ടാക്കടം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും ബാങ്കുകള്‍ അവകാശപ്പെടുന്നുണ്ട്. എന്നാൽ 15–20 ശതമാനത്തിൽ കൂടുതൽ തുക തിരിച്ചുപിടിക്കാറില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നത്.

Eng­lish Summary:Five years: Banks write off Rs 10 lakh crore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.