മരട്: നഗര സഭാ നോട്ടീസിനെതിരെ ഫ്ലാറ്റ്  ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

Web Desk
Posted on September 18, 2019, 8:51 am

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ  ഫ്ലാറ്റ്  ഉടമകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അഞ്ച് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന നഗരസഭയുടെ അന്ത്യശാസനം നിയമവിരുദ്ധമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കും. ഹോളി ഫെയ്ത്ത് ഫ്‌ലാറ്റ് സമുച്ചയത്തിലെ താമസക്കാരനായ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

നഗരസഭയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നും തല്‍സ്ഥിതി തുരണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ലാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുമോയെന്ന് നിയമവൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസംങ്ങളില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചെങ്കിലും കുടിയൊഴിപ്പിക്കല്‍ നടപടികളുമായി നഗരസഭ മുന്നോട്ട് പോയാല്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഫ്‌ലാറ്റ് ഉടമകളുടെ തീരുമാനം. അതേസമയം ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമറിയിച്ച് 13 കമ്പനികള്‍ എത്തിയെങ്കിലും സുപ്രീംകോടതിയുടെ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാനാണ് നഗരസഭയുടെ തീരുമാനം. താത്പര്യപത്രം നല്‍കിയ കമ്പനികളുടെ യോഗ്യതയാകും അടുത്ത ഘട്ടത്തില്‍ പരിഗണിക്കുക. ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരിനെക്കൂടി അറിയിച്ച് മുന്നോട്ട് പോകാനാണ് മരട് നഗരസഭയുടെ തീരുമാനം.

you may also like this video