Site iconSite icon Janayugom Online

ഫ്ലക്സ് ബോര്‍ഡ് നിയന്ത്രണം: ഹര്‍ജി സുപ്രീം കോടതി തള്ളി

കേരളത്തിലെ ഫ്ലക്സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഉയര്‍ത്തിയാണ് ഹൈക്കോടതി വിധിക്കെതിരെ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
ഫ്ലക്സ് ബോര്‍ഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എത്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ നിയന്ത്രണം ഏര്‍പ്പെടുത്താനാകുമെന്നും ജനങ്ങള്‍ രാഷ്ട്രീയ പോരാട്ടം കോടതിയില്‍ നടത്തുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാന സര്‍ക്കാരിനെ അപമാനിക്കുകയാണ് ഹര്‍ജിക്കാരുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാക്കാല്‍ നിരീക്ഷിച്ചു. 

പിവിസി ഫ്ലക്സ് ബോര്‍ഡുകള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ കോടതി ഉത്തരവുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഫ്ലക്‌സ് ബോര്‍ഡ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഈ ഉത്തരവ് ചോദ്യം ചെയ്തിട്ടുണ്ടെന്ന് കോടതി മറുപടി നല്‍കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ ഹൈക്കോടതികളെ ഇടപെടല്‍ ഹര്‍ജിയുമായി സമീപിക്കുകയോ ചെയ്യാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.

Exit mobile version