പ്രളയത്തില്‍ കുടുങ്ങിയ ട്രെയിനിലെ 1050 യാത്രക്കാരെ രക്ഷപ്പെടുത്തി

Web Desk
Posted on July 28, 2019, 1:57 pm

മുംബൈ: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ തീവണ്ടിയിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. ഒമ്പതു ഗര്‍ഭിണികളും ഒരുമാസം മാത്രം പ്രായമായ കുട്ടിയുമടക്കം 1050 യാത്രികരാണ് തീവണ്ടിയിലുണ്ടായിരുന്നത്. 17 മണിക്കൂര്‍ എടുത്താണ് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച രാത്രി മുംബൈയില്‍നിന്ന് കോലാപ്പുരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്‌സ്പ്രസാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രളയത്തില്‍ കുടുങ്ങിയത്. മുംബൈയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ ബദ്‌ലാപൂരിനും വാന്‍ഗനിക്കുമിടയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങുകയായിരുന്നു.

ദുരന്തനിവാരണ സേനയുടെയും മൂന്ന് സേനാ വിഭാഗങ്ങളുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സംയുക്ത നീക്കത്തിലൂടെയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. റബ്ബര്‍ ബോട്ടുകളിലാണ് യാത്രികരെ മുഴുവന്‍ പുറത്തെത്തിച്ചത്.