പ്രളയ സെസ്സ് ഓഗസ്റ്റ് ഒന്ന് മുതല്‍

Web Desk
Posted on July 19, 2019, 6:05 pm

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതല്‍ സംസ്ഥാനത്ത് ചരക്കു സേവന നികുതിക്ക് ഒപ്പം ഒരു ശതമാനം പ്രളയ സെസ്സ് കൂടി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടിയാണ് സംസ്ഥാനത്തിനകത്തുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും വിതരണത്തില്‍ ഒരു ശതമാനം സെസ് ചുമത്തുന്നത്. സ്വര്‍ണം ഒഴികെ അഞ്ച് ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമല്ല.

കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയില്‍ വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ഇവ കൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും, മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിന്‍ മേല്‍ ഒരു ശതമാനവുമാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ജിഎസ്ടി നികുതി ചേര്‍ക്കാത്ത മൂല്യത്തിന്മേലാണ് പ്രളയ സെസ്സ് ഈടാക്കേണ്ടത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തില്‍ മാത്രമാണ് സെസ് ഈടാക്കുന്നത്. അതായത് ഉപഭോക്താക്കള്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്കും ബിസിനസ് ഇതര ആവശ്യങ്ങള്‍ക്ക് വാങ്ങുന്നവര്‍ക്കും അവര്‍ക്ക് നല്‍കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിന്‍മേല്‍ മാത്രയായി സെസ് നിജപ്പെടുത്തി.

പ്രളയ സെസ്സ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ തങ്ങളുടെ ബില്ലിംഗ് സോഫ്ട്‌വെയറില്‍ വ്യാപാരികള്‍ വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. അതാതു മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ www.keralataxes.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.

You May Also Like This: