പ്രളയ പ്രതിസന്ധി: കേന്ദ്രം പിന്തുണനൽകുമെന്ന് പ്രധാനമന്ത്രി

റെജി കുര്യന്‍

ന്യൂഡല്‍ഹി

Posted on August 10, 2020, 10:38 pm

കേരളമുള്‍പ്പെടെ മഴക്കെടുതി രൂക്ഷമായ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി യോഗം ചേര്‍ന്നു. സംസ്ഥാനങ്ങളിലെ പ്രളയ പ്രതിസന്ധിക്ക് കേന്ദ്ര പിന്തുണയുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാര്‍ക്ക് യോഗത്തില്‍ ഉറപ്പു നല്‍കി.

തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം സൃഷ്ടിക്കുന്ന കെടുതികളും വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്ന സംസ്ഥാനങ്ങളിലെ നിജസ്ഥിതിയും വെള്ളപ്പൊക്കം നേരിടാനുള്ള സംസ്ഥാനതല തയ്യാറെടുപ്പുകളും വിലയിരുത്താനാണ് മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്നലെ ആശയ വിനിമയം നടത്തിയത്.

കേരളം, അസം, ബിഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിയത്. കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മുഖ്യ വിഷയമായെത്തിയ യോഗത്തില്‍ പ്രളയം പ്രവചിക്കാനുള്ള ആധുനിക സാങ്കേതിക സംവിധാനവും ചര്‍ച്ചാ വിഷയമായി. പ്രളയം മുന്‍കൂട്ടി അറിയിക്കാന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, കേന്ദ്ര ജല കമ്മിഷന്‍ തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ യോഗത്തില്‍ പ്രധാനമന്ത്രി ഉയര്‍ത്തികാട്ടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

you may also like this video