Janayugom Online
Flood ernakulam- Janayugom

പ്രളയം കാര്‍ഷിക മേഖലയെ കശക്കിയെറിഞ്ഞു

Web Desk
Posted on August 21, 2018, 10:00 pm
സ്വന്തം ലേഖകര്‍

കൊച്ചി: ലക്ഷക്കണക്കായ മനുഷ്യരുടെ ജീവിതം കശക്കിയെറിഞ്ഞ മഹാപ്രളയം സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെയും നട്ടെല്ലൊടിച്ചു. പ്രളയം ഏറ്റവുമധികം നാശം വിതച്ച എറണാകുളം ജില്ലയില്‍ സകല കൃഷികളും നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴകൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നവര്‍ ഒലിച്ചുപോയ കൃഷിയിടങ്ങള്‍ നോക്കി കണ്ണീരൊഴുക്കുകയാണ്. പേമാരിയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരിതം വിതച്ച ഇടുക്കിയിലും സ്ഥിതി ഭിന്നമല്ല. ശീതകാല പച്ചക്കറി കര്‍ഷകരുടെ കേന്ദ്രമായ വട്ടവടയിലെ കൃഷികളെല്ലാം കനത്തമഴയില്‍ ചീഞ്ഞഴുകി.

കോട്ടയത്തും പ്രളയം കര്‍ഷകര്‍ക്ക് കണ്ണീരാണ് ബാക്കി നല്‍കിയത്. കാര്‍ഷിക ഗ്രാമങ്ങളായ അയ്മനം, തിരുവാര്‍പ്പ്, വൈക്കം, തലയോലപ്പറമ്പ്, തലയാഴം, കല്ലറ, കുമരകം, മുണ്ടക്കയം, പാല, തിടനാട്, തീക്കോയി തുടങ്ങിയ മേഖലകളില്‍ കൃഷിയിടങ്ങളെ തുടച്ചുനീക്കിയാണ് പ്രളയജലം പിന്‍വാങ്ങിയത്.

തൃശൂര്‍ ജില്ലയിലെ കോള്‍ മേഖല പൂര്‍ണ്ണമായി തകര്‍ന്നു. ഇരുപ്പൂ കൃഷിയിറക്കാന്‍ തീരുമാനിച്ച പാടശേഖരങ്ങളായിരുന്നു അവ. മാള, കുണ്ടൂര്‍, കുഴൂര്‍, ചേനം, ചേര്‍പ്പ് പ്രദേശങ്ങളിലാണ് കൂടുതല്‍ കൃഷി നാശമുണ്ടാക്കിയത്. കാറളം പഞ്ചായത്തില്‍ കൃഷി വകുപ്പ് മുന്‍കൈയെടുത്ത് വന്‍തോതില്‍ ആരംഭിച്ച ചേനകൃഷി പൂര്‍ണ്ണമായി നശിച്ചു.

പ്രളയക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ 204 കോടിയുടെ കൃഷി നാശമെന്ന് പ്രാഥമിക കണക്ക്. പെരിയാറിന്റെ തീര പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കുത്തിയൊലിച്ചതോടെ ഓണക്കാലത്ത് വിളവെടുക്കാന്‍ നിര്‍ത്തിയിരുന്ന കാര്‍ഷിക വിളകളെല്ലാം നശിച്ചു. പ്രളയത്തിന് മുന്‍പ് കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും കാര്യമായ കൃഷി നാശമുണ്ടായിരുന്നു. 27 കോടി രൂപയുടെ കൃഷി നാശമാണ് അന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിട്ടപ്പെടുത്തിയിരുന്നത്. ബാക്കിയുള്ള കണക്ക് എടുക്കുന്നതിനിടെയാണ് വീണ്ടും ജില്ലയിലെ കൃഷിയാകെ പ്രളയം തകര്‍ത്തു കളഞ്ഞത്.ജില്ലയിലെ 97 കൃഷി ഭവനുകളില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഇക്കുറി സമീപകാലത്തൊന്നും ഇല്ലാത്ത തരത്തിലുള്ള കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്.

വാഴ കുലച്ചത് 75,00000 , വാഴ കുലക്കാത്തത് 28,40000 , റബര്‍ ടാപ്പ് ചെയ്യുന്നത് 39,725 , ടാപ്പ് ചെയ്യാത്തത് 13,500, ജാതി കായ്ഫലമുള്ളത് 18,212 , കായ്ഫലമില്ലാത്തത് 6,797, തെങ്ങ് കായ്ഫലമുള്ളത് 3,486 , കായ്ഫലമില്ലാത്തത് 1960, കവുങ്ങ് കായ്ഫലമുള്ളത് 7390 , കായ്ഫലമില്ലാത്തത് 4823, കൊക്കോ 700 , കുരുമുളക് 42,000 എണ്ണവും, കവുങ്ങ് കായ്ഫലമുള്ളത് 7390 , കായ്ഫലമില്ലാത്തത് 4823, പച്ചക്കറി വിവിധ ഇനങ്ങള്‍ 850 ഹെക്ടര്‍ , മരച്ചീനി 1100 ഹെക്ടര്‍, നെല്ല് 400 ഹെക്ടര്‍, കിഴങ്ങ് 408 ഹെക്ടര്‍, പൈനാപ്പിള്‍ 100 ഹെക്ടര്‍, എള്ള് 1 ഹെക്ടര്‍, ഇഞ്ചി 47 ഹെക്ടര്‍, മഞ്ഞള്‍ 118 ഹെക്ടറുമാണ് നഷ്ടപെട്ടിട്ടുള്ളതെന്നാണ് ജില്ലാ കൃഷി ഓഫീസില്‍ പ്രാഥമികമായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഈ കണക്കുപ്രകാരം 204 കോടിയുടെ നഷ്ടമാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതിലും ഏറെയാണ്. വെള്ളം കയറികിടക്കുന്ന ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ കൃഷി ഓഫീസര്‍മാര്‍ക്ക് ഇതുവരെ കടന്നു ചെല്ലാന്‍ കഴിയാത്തതു കാരണം വിശദമായ റിപ്പോര്‍ട്ട് ഇനിയും വൈകും. ഇതിനു പുറമെ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നതേയുള്ളു. ചെളിപിടിച്ചു കിടക്കുന്ന വീടും പരിസരവും വൃത്തിയാക്കിയതിനു ശേഷമാകും കൃഷിയുടെ നഷ്ടം സംബന്ധിച്ച വിവരം കൃഷി ഓഫീസുകളില്‍ അറിയിക്കാന്‍ സാധ്യതയുള്ളൂ.

അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആശാ രവി പറഞ്ഞു.സാധാരണ നിലയില്‍ കൃഷി നാശം ഉണ്ടായാല്‍ 10 ദിവസത്തിനകം നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍ പ്രളയത്തിന്റെ കാര്യത്തില്‍ അത്തരം നിബന്ധന ഒഴിവാക്കിയിട്ടുണ്ട്.
അഞ്ച് ദിവസത്തെ ശക്തമായ മഴയില്‍ ജില്ലയിലെ കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളെ പൂര്‍ണ്ണമായും ഇല്ലാതാക്കിയ മഴ ജനങ്ങള്‍ക്ക് മാത്രമല്ല കര്‍ഷകര്‍ക്കും വലിയ ദുഖങ്ങളാണ് സമ്മാനിച്ചത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കൃഷിനാശം ഉണ്ടായത് ആലപ്പുഴയില്‍ തന്നെയാണ്. ഇവിടെ 301 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഏകദേശം 8391.55 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി അടക്കം നാമാവശേഷമായി. മുന്‍പ് മടവീഴ്ചയില്‍ നിന്നും രക്ഷപെടുത്തിയ രണ്ടാം കൃഷിയിലെ പാടശേഖരങ്ങള്‍ ഇക്കുറി തീര്‍ത്തും ജലശേഖരങ്ങളായി മാറി. മഴയ്ക്ക് കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ ഈ പാടശേഖരങ്ങള്‍ പുനരുപയോഗിക്കുവാന്‍ കഴിയുമെന്ന് കര്‍ഷകര്‍ക്കും അറിയില്ല. നാശനഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ആശ്വാസകരമായ നടപടിയിലേയ്ക്ക് മാറാന്‍ ഇനിയും കാലതമാസം എടുക്കുമെന്നാണ് അറിയുന്നത്. ജില്ലയിലെ ഏറ്റവും കൂടുതല്‍ തുകയുടെ കൃഷി നാശമാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയും വെള്ളത്തിലായി.

ആലപ്പുഴയിലെ റാണി കായല്‍, അപ്പര്‍കുട്ടനാട് മേഖലകളായ പത്തനംതിട്ടയിലെ ആറന്മുള പാടശേഖരം, കോട്ടയത്തെ മെത്രാന്‍ കായല്‍ എന്നിവിടങ്ങളിലെ കൃഷിയും പൂര്‍ണ്ണമായും നശിച്ചു. ഇതോടെ കര്‍ഷകര്‍ക്ക് ഇക്കുറി കണ്ണീരിന്റെ ഓണമാണ്. ഇടുക്കി ജില്ലയില്‍ പ്രാഥമിക കണക്കു പ്രകാരം 59 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഇതു വരെ ഉണ്ടായിട്ടുളളത്. അഞ്ചു താലൂക്കുകളിലും ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുളളത്. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിട്ടുളളത് വാഴ കര്‍ഷകര്‍ക്കാണ്. ഓണ വിപണി ലക്ഷ്യമിട്ട് ക്യഷിയിറക്കിയ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം വാഴകളാണ് മഴയില്‍ നശിച്ചത്.

3506 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷിയും നശിച്ചു. ചെടികളില്‍ കായ് പിടുത്തം ഉണ്ടാകുന്ന സമയത്ത് തുടര്‍ച്ചയായി മഴ പെയ്തത് ഉല്‍പ്പാദനത്തിലും സാരമായ കുറവുണ്ടാക്കിയിട്ടുണ്ട്. ലോറേഞ്ചിലെ കര്‍ഷകരുടെ മുഖ്യ വരുമാന മാര്‍ഗമായ റബ്ബറും കാറ്റിലും മഴയിലും വ്യാപകമായി നശിച്ചു. മുപ്പതിനായിരത്തോളം റബ്ബര്‍ മരങ്ങളാണ് കാലവര്‍ഷത്തില്‍ നശിച്ചത്. ടാപ്പിംഗ് സീസണ്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയ മഴ മൂലം റെയിന്‍ ഗാര്‍ഡിംഗ് നടത്തിയ മരങ്ങള്‍ പോലും ടാപ്പിംഗ് നടത്താന്‍ സാധിച്ചിട്ടില്ല. കാലവര്‍ഷം കുരുമുളക് കര്‍ഷകര്‍ക്കും തിരിച്ചടിയായി. 80,000 കുരുമുളക് ചെടികള്‍ ഇതുവരെ നശിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ 241 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും പൂര്‍ണ്ണമായും ജില്ലയില്‍ നശിച്ചു.