പ്രളയദുരന്തം: സഹായവുമായി വെറ്ററിനറി സര്‍വ്വകലാശാല

Web Desk
Posted on August 11, 2019, 7:25 pm

മണ്ണുത്തി: കേരളത്തില്‍ അതിവര്‍ഷം വിതച്ച ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വിവിധ പദ്ധതികളുമായി വെറ്ററിനറി സര്‍വ്വകലാശാല മുന്നിട്ടിറങ്ങുന്നു. ഉണര്‍വ് 2019 എന്ന പേരില്‍ മൂന്ന്! ഘട്ടങ്ങളായാണ് ആശ്വാസ പദ്ധതി സംഘടിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് സര്‍വ്വകലാശാല ഉല്‍പ്പന്നങ്ങളായ പാല്‍, മുട്ട മറ്റു അവശ്യവസ്തുക്കള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യാനാരംഭിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലുള്ള മൃഗങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായവും എത്തിക്കും.
നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍വ്വകലശാല സേവനങ്ങളായ കുടിവെള്ള ഗുണനിലവാര പരിശോധന, മൃഗ ചികിത്സ, രോഗനിര്‍ണ്ണയം തുടങ്ങിയവ ആഗസ്റ്റ് 31 വരെ സൗജന്യ നിരക്കില്‍ പൊതുജനങ്ങ്ള്‍ക്ക് ലഭ്യമാക്കും.

തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഉദ്യോഗസ്ഥരും തൊഴിലാളികളുമടങ്ങിയ സന്നദ്ധ സേന തിരഞ്ഞടുക്കപെട്ട ദുരന്ത ബാധിത സ്ഥലങ്ങളില്‍ സൗജന്യ മൃഗചികിത്സ രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അര്‍ഹരായ കര്‍ഷകര്‍ക്ക് സൗജന്യമായി പച്ചപുല്ല്, സമ്പൂര്‍ണ്ണ കാലിത്തീറ്റ മുട്ട, പാല്‍ എന്നിവ വിതരണം നടത്തും. മൂന്നാം, ഘട്ടത്തില്‍ കാലവര്‍ഷക്കെടുതി രൂക്ഷമായി ബാധിച്ച മൃഗസംരക്ഷണ മേഖലയെ പുനരുജ്ജിവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കും. മൃഗസംരക്ഷണക്ഷീരവികസനഅനുബന്ധ സര്‍ക്കാര്‍/ സര്‍ക്കാരിതര വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കാലാവസ്ഥ വ്യതിയാന വെല്ലുവിളികള്‍ നേരിടാന്‍ നൂതന കര്‍മ്മപരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശിന്ദ്രനാഥ് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളിലും പൊതുജന ആരോഗ്യ രംഗത്തും ശ്രദ്ധിക്കേണ്ട അടിയന്തിര കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നതിനും പദ്ധതിയുണ്ട്.
ഫോണ്‍ നമ്പരുകള്‍: ഡി ഇ, സര്‍വ്വകലാശാല — 9447019009, കോ-ഓര്‍ഡിനേറ്റര്‍ വയനാട്; ഡോ. ബിപിന്‍ കെ സി- 9447153448 , കോഡിനേറ്റര്‍ മണ്ണുത്തി, ഡോ. രാജീവ് ടി എസ് — 9447436130.