പ്രളയം മുന്‍കൂട്ടി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു

Web Desk
Posted on February 05, 2019, 10:23 pm

പ്രദീപ് ചന്ദ്രന്‍

കൊല്ലം: കേരളം കണ്ട ആകസ്മിക പ്രളയം പോലുള്ളവയെ മുന്‍കൂട്ടി കണ്ടെത്താനുള്ള സാങ്കേതികവിദ്യ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. നദികളിലും ജലാശയങ്ങളിലും അണക്കെട്ടുകളിലും മഴ വരുത്തിവയ്ക്കുന്ന ആഘാതം കൃത്യമായി നിര്‍വചിക്കുന്ന സംവിധാനമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതുമൂലം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മുന്‍കരുതല്‍ സ്വീകരിക്കാനാകും. അതിന് പുറമെ കനത്ത മഴയെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിലയിരുത്താനും കഴിയും. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ കെ ജെ രമേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മഴയുടെ അളവ് കൃത്യമായി നിര്‍വചിക്കാന്‍ കഴിയാതിരുന്നതാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാന്‍ കാരണം. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 15 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ലഭിച്ച മഴയുടെ അളവ് 352.2 മില്ലി മീറ്ററായിരുന്നുവെങ്കില്‍ 98.5 മില്ലി മീറ്റര്‍ മഴ മാത്രമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടുകള്‍ നിറഞ്ഞൊഴുകിയതിന്റെ ഫലമായി സംസ്ഥാനത്ത് അഞ്ഞൂറോളം പേര്‍ക്ക് ജീവഹാനി നേരിട്ടു. 10,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണുണ്ടായത്.

കടലിലെ വിവിധ മേഖലകളിലെ താപവ്യതിയാനത്തെ ആസ്പദമാക്കിയുള്ള വിവരശേഖരണ സാങ്കേതികവിദ്യ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ മാസം വികസിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് നിരീക്ഷണ ശൃംഖലകള്‍ക്ക് രൂപം നല്‍കുന്നത്. ചൂടുപിടിച്ചുകിടക്കുന്ന കടലിന് മുകളിലൂടെ വീശുന്ന, ഈര്‍പ്പാംശം കൂടുതലുള്ള കാറ്റ് സംയോജിച്ച് മുകളിലേയ്ക്ക് തള്ളപ്പെടുകയും വായുവിലുള്ള നീരാവി ഘനീഭവിച്ച് മേഘങ്ങള്‍ രൂപംകൊള്ളുന്നതുമാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ഇവയുടെ വരവ് കൃത്യമായി പ്രവചിക്കുന്നതോടെ ഡാമുകളുടെ ജലനിരപ്പ് ഏത് വിധത്തില്‍ ക്രമീകരിക്കണമെന്ന കാര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാനാകും.

അപ്രതീക്ഷിതമായുണ്ടാകുന്ന, ഓഖി പോലെയുള്ള ചുഴലിക്കാറ്റുകളുടെ രൂപവല്‍ക്കരണത്തിന് ഉയര്‍ന്ന സമുദ്ര താപനില ഒരു പ്രധാന ഘടകമാണ്. തുടക്കത്തില്‍ ന്യൂനമര്‍ദ്ദം മാത്രമായി പരിണമിക്കുകയും പിന്നീട് അതീവ തീവ്രതയുള്ള ചുഴലിക്കാറ്റായി മാറുകയും ചെയ്ത ഓഖി, കഴിഞ്ഞ 40 വര്‍ഷത്തിനിടെയുണ്ടായ അത്യപൂര്‍വ്വമായ പ്രതിഭാസമായിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഗുജറാത്ത് തീരമണയുന്നതുവരെ 2,400 കിലോമീറ്ററാണ് പിന്നിട്ടത്. കടലിലെ താപവ്യതിയാനത്തെക്കുറിച്ചുള്ള നിരീക്ഷണ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്തരം അപൂര്‍വ കാലാവസ്ഥ പ്രതിഭാസങ്ങളെയും മുന്‍കൂട്ടി പ്രവചിക്കാനാകും.