പ്രളയം: ധനസഹായ വിതരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും

Web Desk
Posted on January 30, 2019, 10:30 pm

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട മഹാപ്രളയത്തില്‍ തകര്‍ന്ന 2,55,964 വീടുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റകുറ്റപണികള്‍ നടത്താനുമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായത്തിന്റെ ആദ്യഗഡു നല്‍കി. ഫെബ്രുവരി 15 നകം രണ്ടാം ഗഡു ഉള്‍പ്പെടെ അവശേഷിക്കുന്നവര്‍ക്കെല്ലാം പൂര്‍ണമായി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.

പൂര്‍ണ്ണമായും തകര്‍ന്ന എല്ലാ വീടുകളും പണിയുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചു. 9,341 പേര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യഗഡു സഹായം നല്‍കുകയും വീടുപണി ആരംഭിക്കുകയും ചെയ്തു. ബാക്കിയുളളവയുടെ നിര്‍മ്മാണം സഹകരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ, കെയര്‍ഹോം, സന്നദ്ധസംഘടനകള്‍ എന്നിവ മുഖേന ഏറ്റെടുത്തിട്ടുണ്ട്. പൂര്‍ണ്ണമായും തകര്‍ന്ന 13,362 വീടുകളില്‍ 7,428 പേര്‍ സ്വയം വീട് നിര്‍മിച്ചുകൊളളാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
വീടുകളുടെ തകര്‍ച്ചയുടെ തോതനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചാണ് സഹായം നല്‍കുന്നത്. 15 ശതമാനം (1,27,781 വീടുകള്‍), 16 മുതല്‍ 29 ശതമാനം (63,307 വീടുകള്‍), 30 മുതല്‍ 59 ശതമാനം (35,446 വീടുകള്‍), 60 മുതല്‍ 74 ശതമാനം (16,068), പൂര്‍ണ്ണമായി തകര്‍ന്ന 13,362 വീടുകള്‍ എന്നിങ്ങനെ 2,55,964 വീടുകള്‍ക്കാണ് സഹായം നല്‍കുന്നത്. ഇതില്‍ ആദ്യ രണ്ട് വിഭാഗങ്ങള്‍ക്ക് ധനസഹായം പൂര്‍ണ്ണമായി നല്‍കി. ബാക്കിയുളളവര്‍ക്ക് ഒന്നാം ഗഡു ധനസഹായം വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം നേരിട്ട മഹാപ്രളയത്തെ കാര്യക്ഷമമായി നേരിടുകയും ഏറ്റവും മുന്‍ഗണന നല്‍കി കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിവരികയുമാണെന്ന് റവന്യൂ മന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം തകിടം മറഞ്ഞതായി ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. അര്‍ഹരായ നിരവധി ആളുകള്‍ ഗുണഭോക്താക്കളുടെ ലിസ്റ്റിലില്ലെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച വി ഡി സതീശന്‍ ആരോപിച്ചു.

അര്‍ഹരായ എല്ലാവരെയും ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് റവന്യുമന്ത്രി പറഞ്ഞു. ലഭ്യമായ കണക്കുകള്‍ പ്രകാരം 54,792 അപ്പീല്‍ അപേക്ഷകള്‍ വീടിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ചന്ദ്രശേഖരന്‍ നിയമസഭയ്ക്ക് ഉറപ്പ് നല്‍കി.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിനെ അനുസരിക്കാതെ കോണ്‍ഗ്രസ് യുവ നേതാക്കള്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് യുവ അംഗങ്ങളെ സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയത് യുഡിഎഫ് അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി.

പ്രളയത്തിന്റെ ദുരിതക്കയത്തില്‍പ്പെട്ട് സര്‍വ്വതും തകര്‍ന്ന കേരളത്തെയും ജനങ്ങളെയും സാധ്യമായ എല്ലാ സംവിധാനത്തിലൂടെയും കൈപിടിച്ചുയര്‍ത്താന്‍ ദീര്‍ഘവീക്ഷണത്തോടുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തിയത്. ഇതിനെയെല്ലാം ഇകഴ്ത്തിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിച്ചത്.