Monday
18 Feb 2019

ആലപ്പുഴയിൽ വെള്ളപ്പൊക്കം, രാത്രി സൂക്ഷിക്കണം

By: Web Desk | Thursday 16 August 2018 9:10 PM IST

ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട്, വെണ്മണി എന്നിവ ഒറ്റപ്പെട്ടു
ഡാലിയ രാജേഷ് 
ആലപ്പുഴ: കനത്ത മഴയോടൊപ്പം നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിൽ വ്യാപക വെള്ളപ്പൊക്കം. 111 ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ ക്യാമ്പുകളുടെ എണ്ണം ഇരട്ടിയായതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ജില്ല കളക്ടർ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലയുടെ സ്‌പെഷൽഓഫീസർ എൻ.പദ്മകുമാർ, ജില്ല പൊലീസ് മേധാവി എസ്.സുരേന്ദ്രൻ എന്നിവർ കളക്ട്രേറ്റിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ചെങ്ങന്നൂർ, പാണ്ടനാട് , ഇടനാട് എന്നീ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തിരുവൻവണ്ടൂർ, വാഴാർ, മംഗലം എന്നിവടങ്ങളിലും ജനജീവിതം ദുസഹമായി.
flood alpuzha

flood alpuzha

മഴക്കെടുതിയിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാൻ ജില്ല ദുരന്ത നിവാരണ സംഘത്തിന്റെ  25   ബോട്ടുകൾ ചെങ്ങന്നൂരിലുണ്ട്.   നിലവിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ സഹായം തേടുന്ന ജനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 483 ഭക്ഷണകേന്ദ്രങ്ങളാണ് ഇതുവരെ തുടങ്ങിയിരിക്കുന്നത്. കുട്ടനാട്ടിൽ 455 ഭക്ഷണകേന്ദ്രങ്ങളിൽ 22989 കുടുംബങ്ങളിലെ 93284 അംഗങ്ങളാണുള്ളത്. സന്നദ്ധ പ്രവർത്തകരായ 20മത്സ്യ തൊഴിലാളികളടങ്ങിയ സംഘവും പൊന്തുവള്ളങ്ങളിൽ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനുണ്ട്.  ദുരിതം കൂടുന്ന പ്രദേശങ്ങളിൽ ജനങ്ങൾക്ക് എളുപ്പം സഹായം ലഭിക്കാൻ സർക്കാർ- സ്വകാര്യ  വ്യക്തികൾ, രക്ഷാസഹായ  സംഘങ്ങൾ എന്നിവരുടെ ഫോൺ നമ്പർ   നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
flood alpauzha1

flood alpauzha

അമ്പലപ്പുഴ താലൂക്കിൽ 104 ദുരിതാശ്വാസ ക്യാമ്പിലായി 18623പേരാണുള്ളത്. ചെങ്ങന്നൂരിൽ 37 ക്യാമ്പുകളിലായി 2000  പേർ കഴിയുന്നു. രാത്രിയോടെ ഇത് ഇരട്ടിയാകാനാണ് സാധ്യത.  ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ  നേവിയുടെ ഹെലികോപ്റ്റർ  എത്തിയിട്ടുണ്ടെങ്കിലും മഴ  മേഘങ്ങൾ കാരണം വൈകുന്നേരമായിട്ടും ഇറക്കാനാകാതിരുന്നത് രക്ഷാപ്രവർത്തനത്തിന്റെ വേഗത കുറച്ചു. കൂടുതൽ െൈസനിക സഹായവും തേടിയിട്ടുണ്ട്.
തലവടി, വെളിയനാട്,കൈനകരി  പ്രദേശങ്ങളിൽ  മാവേലി സ്റ്റോറുകളിൽ വെള്ളംകയറി .വെളിയനാട് പ്രവർത്തിച്ചിരുന്ന മാവേലി   സ്‌റ്റോർ  വെളിയനാട്  പള്ളിയിലേക്ക് മാറ്റി. കൈനകരിയിലെ മാവേലിസ്റ്റോർ നിലവിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ രണ്ടാം നിലയിലേക്ക് മാറ്റി. കൈനകരിയിലും വെളിയനാടും രാമങ്കരിയിലും ജലനിരപ്പ് ഉയർന്നു. കൈനകരിയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. വെളിയനാട് 25,000 ലധികംവരുന്ന ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജലനിരപ്പ് ഉയർന്ന രാമങ്കരിയിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ എത്തിക്കുന്നുണ്ട്. രാമങ്കരി പള്ളി പ്രദേശത്ത് നിന്ന്  ജനങ്ങളെ സ്പീഡ് ബോട്ടിൽ കയറ്റി  ഹൗസ് ബോട്ടിലെത്തിച്ചാണ്  രക്ഷാപ്രവർത്തനം.
വേമ്പനാട്ട് കായലിൽ ജലം ഉയരുന്നതിനെ തുടർന്ന് നെഹ്‌റു ട്രോഫി, ചുങ്കം എന്നീ പ്രദേശങ്ങളിലെ  ജനങ്ങളെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരിക്കുന്നു.
വെള്ളം ഉയരുന്ന പ്രദേശങ്ങളിലെ ജനങ്ങൾ അധികാരികളുടെ നിർദ്ദേശമനുസരിച്ച്  സ്വമേധയ  ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്  മാറി താമസിക്കാൻ തയ്യാറാകണമെന്നും സർക്കാർ നിർ്‌ദ്ദേശങ്ങൾ പാലിക്കണമെന്നും സബ് കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു.
മാതാ ജെട്ടിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക്  എത്തിച്ച സാധനങ്ങൾക്ക് ബോട്ടുകൾ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടതായി പരാതി. ആയുഷ്, സ്‌നേഹത്തുമ്പി തുടങ്ങിയ ബോട്ടുകളാണ് കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടത്. ഇവയ്‌ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. പമ്പയുടെ തീരത്ത് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. ആലപ്പുഴ  ജില്ലയിൽ കുട്ടനാടും വേമ്പനാട് കായലിലും ജല നിരപ്പ് ഉയരാൻ സാധ്യതയുണ്ട്.  രാത്രിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അടിയന്തിര സഹായത്തിന് 1077, 0477 2238630, 2243721 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഹൗസ് ബോട്ടുകൾ  ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം
ആലപ്പുഴ:ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നാളെ രാവിലെ ഏഴിന് ആവശ്യമായ ജീവനക്കാരുമായി എല്ലാ പുരവഞ്ചികളും സജ്ജമാകണമെന്ന് ജില്ല കളക്ടർ ഹൗസ് ബോട്ടുടമകൾക്ക് നിർദേശം നൽകി.  സഹകരിക്കാത്ത ബോട്ടുകൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കും. ഉടമകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ക്രിമിനൽ കേസ് എടുക്കും
നേവിയുടെ എമർജൻസി റസ്‌പോൺസ് ടീം 15 മിനുട്ടിനകം ചെങ്ങന്നൂരിൽ 10 ബോട്ടുകളുമായി എത്തും.
ചെങ്ങന്നൂർ ബുധനൂർ കോലേത്ത്പടി ഹൗസ് നമ്പർ 436 വൃദ്ധരും കുട്ടികളും അടക്കം 8 പേർ കുടുങ്ങിക്കിടക്കുന്നു. കോൺടാക്ട് നമ്പർ 9605107751.
നാളെ രാവിലെ 6.30മുതല്‍ കുട്ടനാട് അവശേഷിക്കുന്നവരെ കൂടി രക്ഷിച്ചു ക്യാമ്പുകളിലേക്ക് മാറ്റും.100 പുരവഞ്ചികള്‍ രാവിലെ മുതല്‍  രംഗത്തുണ്ടാകും.
പാണ്ഡനാട് വില്ലേജ് ഓഫീസ് നു സമീപം ഇരു നില വീട്ടിൽ 40 പേർ കുടുങ്ങി 9946904436
ഏർമല്ലിക്കര കോളേജ് ഹോസ്റ്റലിൽ 40 വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നു
 പത്തനംതിട്ട കോഴിപാലത്തിൽ ഒരാൾ കാറിൽ കുടുങ്ങി കിടക്കുന്നു.
Related News