Janayugom Online
Flood- Janayugom

ക്രൗഡ് ഫണ്ടിംഗ് ; അറിയാതെ പോകുന്ന സഹായപ്പെരുമഴ

Web Desk
Posted on September 25, 2018, 2:44 pm

റോഷ്‌നി കെ ദാസ്

ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ് ഈ പ്രളയകാലം നമുക്ക് സമ്മാനിച്ചത് . നൂറുകണക്കിന് മനുഷ്യജീവനുകള്‍ പൊലിഞ്ഞുപോയി . ആയിരക്കണക്കിനു കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

എന്നാല്‍ ദുരന്തങ്ങളുടെയും നാശ നഷ്ടങ്ങളുടെയും വാര്‍ത്താ പ്രളയത്തിനിടയിലും മനസ്സ് തണുപ്പിക്കുന്ന വാര്‍ത്തകളുടെ പ്രവാഹത്തിനും കൂടിയാണ് ഇക്കാലയളവില്‍ നാം സാക്ഷ്യം വഹിച്ചത്. ഭിന്നതകളെല്ലാം മറന്ന് മനുഷ്യര്‍ക്കെങ്ങനെ ഒന്നിക്കാനാവുമെന്ന്, പരസ്പരം താങ്ങും തണലുമായി മാറാനാവുമെന്ന് ദുരന്തങ്ങള്‍ നമ്മെ പഠിപ്പിച്ചു.

മനുഷ്യര്‍ക്കിടയിലെ കൂട്ടായ്മകള്‍ക്ക് എന്തുമാത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് തെളിഞ്ഞു. മനുഷ്യമനസ്സുകളിലെ കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും ഉറവകള്‍ ഇനിയും വറ്റിപ്പോയിട്ടില്ലെന്ന് വിളിച്ചുപറയുന്ന വെളിപാടുകാലം കൂടിയായി അത് മാറി.

ഓണ്‍ലൈന്‍ ലോകത്തിന്റെ അനന്തമായ സാധ്യതകളെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ കൂടിയാണ് നമുക്ക് ഇതിലൂടെ കിട്ടിയിരിക്കുന്നത്.

എത്രവേഗത്തിലാണ് നാം മറ്റുമനുഷ്യരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞതും അതിനോട് പ്രതികരിച്ചതും. എത്ര വേഗതയോടെയാണ് നാം രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. എത്ര വേഗമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ പ്രവഹിച്ചത്.

ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു ഞൊടിയിടയില്‍ സഹായമെത്തിക്കാന്‍ ഓണ്‍ലൈന്‍ ലോകത്തിന്റെ വേഗതയും കാര്യക്ഷമതയും സഹായകമായി.

ക്രൗഡ് ഫണ്ടിങ് എന്ന, മലയാളികള്‍ക്കിടയില്‍ അത്ര പ്രചാരത്തിലില്ലാത്ത ഓണ്‍ലൈന്‍ ധനസമാഹരണ മാര്‍ഗത്തിന്റെ വര്‍ധിച്ച സാധ്യതയിലേക്കു കൂടിയാണ് ഈ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

ജീവകാരുണ്യ മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിനു കഴിയും.

ലോകമെങ്ങും പ്രചാരമുള്ളതാണ് ഓണ്‍ലൈനിലൂടെയുള്ള ക്രൗഡ് ഫണ്ടിങ് അഥവാ കൂട്ടായ ധനസമാഹരണം. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലായിരുന്നു ഇതിന്റെ തുടക്കം. മൂന്നാം ലോക രാജ്യങ്ങള്‍ പിന്നീടത് ഏറ്റെടുത്തു. ഇന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയൊരു മുന്നേറ്റമായി തന്നെ അത് മാറിയിട്ടുണ്ട്.

അടുത്തകാലത്താണ് മലയാളികള്‍ ഇതേപ്പറ്റി കൂടുതലായി അറിഞ്ഞുതുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപിന്റെ കേരളത്തിലേക്കുള്ള കടന്നുവരവാണ് അതിനു കാരണമായത്.

വിവിധ ജില്ലകളിലായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മിലാപിലൂടെ പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. കമ്പനിയുടെ വെബ് സൈറ്റില്‍ നിന്ന് നമുക്കതിന്റെ വിശദാംശങ്ങള്‍ ലഭിക്കും.

ഗുണഭോക്താക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നത് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിനെപ്പറ്റിയുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതിന്റെ ലക്ഷണമാണ്. പത്രമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളാണ് പ്രധാനം. ഓണ്‍ലൈനില്‍ ഇത്തരം ഒരു സാധ്യതയുണ്ട് എന്ന അറിവ് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കാന്‍ അത് സഹായകമാവുന്നു.

കേരളത്തില്‍ ഇതിനോടകം ഒട്ടേറെ പേര്‍ക്ക് ക്രൗഡ് ഫണ്ടിങ്ങിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പ്രളയത്തില്‍ സ്വന്തം ഉപജീവന മാര്‍ഗം തന്നെ നഷ്ടപ്പെട്ട എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തെ ബേബിച്ചേട്ടന് കൈത്താങ്ങായി മിലാപ് മാറിയിരിക്കുന്നു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നുപോയ അദ്ദേഹത്തിന്റെ പച്ചക്കറിക്കടയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള പണം ഓണ്‍ലൈനിലൂടെ കണ്ടെത്തുകയാണ്.

പ്രളയമോ വരള്‍ച്ചയോ ഭൂമികുലുക്കമോ പോലുള്ള ദുരന്തങ്ങള്‍ സംഭവിച്ചാല്‍ ഒരു നാടിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ നമുക്ക് മിലാപ് പോലുള്ള ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകളെ സമീപിക്കാവുന്നതാണ്. ആദ്യം ചെയ്യേണ്ടത് ചുരുങ്ങിയ വാക്കുകളില്‍ വസ്തുതകള്‍ സത്യസന്ധതയോടെ അവതരിപ്പിച്ച് അതേപ്പറ്റി ഒരു സ്റ്റോറി തയ്യാറാക്കുകയാണ്. ആധികാരികത ഉറപ്പാക്കിയതിനുശേഷം അവരത് പ്രസിദ്ധീകരിക്കും. അതിലൂടെ അധികം കാലതാമസമില്ലാതെ തന്നെ ആവശ്യത്തിനുള്ള പണം കണ്ടെത്താനാകും.

ലോകം മുഴുവന്‍ വിജയം കൈവരിച്ച സുതാര്യതയുള്ള ധനസമാഹരണ മാര്‍ഗമായി ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ് മാറിക്കഴിഞ്ഞു.

തകര്‍ന്നു പോയ ഒരു പാലം കെട്ടുന്നതിനോ റോഡ് പുനര്‍ നിര്‍മിക്കുന്നതിനോ നമുക്കിങ്ങനെ പണം കണ്ടെത്താം. ഇത്തരം കാര്യങ്ങള്‍ക്കായി കാലങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് നമ്മുടെ നടപ്പുരീതി . അല്ലെങ്കില്‍ നാട്ടുകാരില്‍ നിന്ന് പിരിക്കാന്‍ ശ്രമിക്കും. എത്രയോ നാളത്തെ അലച്ചിലിനും കാത്തിരിപ്പിനും ശേഷമാണ് കാര്യങ്ങള്‍ നടക്കുക.

ഒരു സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള പണത്തിനുവേണ്ടി ബുദ്ധിമുട്ടുകയാണെന്നിരിക്കട്ടെ. അതുമൂലം നിങ്ങളുടെ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തെ സുമനസ്സുകളെ ശരിയായ രീതിയില്‍ ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ താമസമില്ലാതെ തന്നെ അതിനുള്ള തുക കണ്ടെത്താന്‍ കഴിയും. ഈയിടെ കൊല്ലം കുമാരപുരത്തുള്ള ഒരു എല്‍ പി സ്‌കൂളിലേക്ക് ആവശ്യമായ വൈറ്റ് ബോര്‍ഡുകളും മറ്റും വാങ്ങാന്‍ സ്‌കൂളിലെ സുനിത ടീച്ചര്‍ മിലാപിനെയാണ് ബന്ധപ്പെട്ടത്. സ്‌കൂളിനെക്കുറിച്ചുള്ള സ്റ്റോറി പ്രസിദ്ധീകരിച്ച് ഏതാനും നാളുകള്‍ക്കുള്ളില്‍ പണം സംഭരിക്കാനും സ്‌കൂളിലേക്കാവശ്യമായ മുഴുവന്‍ വൈറ്റ് ബോര്‍ഡുകളും വാങ്ങാനും ടീച്ചര്‍ക്ക് കഴിഞ്ഞു.

ക്രൗഡ് ഫണ്ടിങ്ങിനെ കുറിച്ചുള്ള വേണ്ടത്ര അറിവ് ജനങ്ങള്‍ക്കിടയില്‍ ഇല്ലാത്തതാണ് ഈ രംഗം നേരിടുന്ന ഒരു പ്രധാന വെല്ലുവിളി എന്ന് പറയാം.

ഓണ്‍ലൈന്‍ പൗരന്മാരുടെ കൂട്ടായ്മകള്‍ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവും എന്ന് തെളിഞ്ഞു കഴിഞ്ഞ നമ്മുടെ പ്രളയകാല അനുഭവം മുന്‍നിര്‍ത്തി ഈ രംഗം സമീപകാലത്തുതന്നെ കുറേക്കൂടി ചലനാത്മകമാകും എന്ന് പ്രതീക്ഷിക്കാം.

ഭാവി എന്തായാലും ഓണ്‍ലൈനിന്റേതാണ്. മനുഷ്യര്‍ക്കിടയിലെ നാനാതരം വിനിമയങ്ങളെ സൗകര്യപ്രദവും ഊര്‍ജസ്വലവും കാര്യക്ഷമവുമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവും അവബോധവും ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിനെയും സമീപ ഭാവിയില്‍ തന്നെ ജനകീയമാക്കുമെന്ന് പ്രത്യാശിക്കാം.

അച്ചടി ദൃശ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയുടെ അകമഴിഞ്ഞ പിന്തുണയും സഹകരണവുമാണ് ഇക്കാര്യത്തില്‍ കൂടുതലായി വേണ്ടത്.

ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിതങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം നൂതന ആശയങ്ങളാകും നാളെകളെ നന്മയുള്ളതാക്കുക.