Monday
18 Feb 2019

കേരളം യോജിച്ച് പ്രവര്‍ത്തിക്കണം: കാനം

By: Web Desk | Saturday 29 December 2018 9:55 PM IST

തിരുവനന്തപുരം:

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളം കാണിച്ച ഐക്യം പുനര്‍നിര്‍മ്മാണത്തിലും കൂടിയേ തീരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍ജിഐഡിഎസ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ പ്രകടിപ്പിച്ച ഐക്യം പ്രളയാനന്തര പുനര്‍നിര്‍മ്മാണഘട്ടത്തില്‍ കേരളം രാഷ്ട്രീയമായി പ്രകടിപ്പിക്കുന്നില്ല. ഇത് കക്ഷിരാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല. കേരളത്തിന്റെ പ്രശ്‌നമാണ്. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി യോജിച്ച് നിന്ന് പുനര്‍നിര്‍മ്മാണത്തിലും യോജിച്ച് മുന്നോട്ട് പോകണം. പ്രളയസമയത്ത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സന്ദര്‍ശനം നടത്തിയിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും തുച്ഛമായ സഹായമാണ് ലഭിച്ചത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ പോലും ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അതേക്കുറിച്ച് ആലോചിച്ചില്ല.

കശ്മീരില്‍ പ്രളയമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും വിദേശസഹായമുണ്ടായി. എന്നാല്‍ കേരളത്തിന് വിദേശസഹായം സ്വീകരിച്ചുകൂടാ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന സങ്കല്‍പത്തിന് മാത്രമേ നിലനില്‍പുണ്ടാവൂ. പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ദുരന്ത നിവാരണ പ്ലാനുകള്‍ രൂപീകരിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ അവബോധവും പരിശീലനവും നല്‍കുകയും വേണമെന്നും കാനം പറഞ്ഞു.

Related News