പ്രളയ സഹായമായിസൗജന്യ സേവനവുമായി ടെലികോം കമ്പനികള്‍

Web Desk
Posted on August 16, 2018, 11:54 pm

തിരുവനന്തപുരം : മഹാപ്രളയ സഹായമായിസൗജന്യ സേവനവുമായി ജിയോ, ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍ എന്നീ ടെലികോം കമ്പനികള്‍. സൗജന്യ കോള്‍, ഡേറ്റ സേവനങ്ങള്‍ക്ക് പുറമെ ബില്‍ അടക്കുന്നതിനുള്ള തീയതിയിലും കമ്പനികള്‍ ഇളവ് നല്‍കിയിട്ടുണ്ട്. ജിയോ ഏഴ് ദിവസത്തെ സൗജന്യ സേവനമാണ് കേരളത്തില്‍ അനുവദിച്ചിരിക്കുന്നത്. ഈ അപകട ഘട്ടത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നു ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

പരിധിയില്ലാത്ത കോളുകള്‍ക്കും ഇന്റര്‍നെറ്റ് ഡേറ്റയ്‌ക്കും പുറമെ ദിവസേന 100 എസ്.എം.എസുമാണ് ബി.എസ്.എന്‍.എലിന്റെ വാഗ്ദാനം. ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും സ്വന്തം നെറ്റ്‌വര്‍ക്കിലേക്ക് പരിധിയില്ലാതെ സൗജന്യമായി വിളിക്കാം. മറ്റ് നെ‌റ്റ്‌വര്‍ക്കുകളിലേക്ക് 20 മിനിട്ടും സൗജന്യമായി സംസാരിക്കാം.
ഉപഭോക്താക്കള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ വായ്‌പാ സംസാ‌ര സമയം അനുവദിക്കുമെന്നു എയര്‍ടെല്‍ സന്ദേശം അയച്ചിട്ടുണ്ട്. 30 രൂപയുടെ അടിയന്തര സംസാര സമയമാണ് എയര്‍ടെല്‍ വാഗ്‌ദ്ധാനം ചെയ്യുന്നത്.

വോഡാഫോണ്‍ 30 രൂപയുടെ ‘ടോക് ടൈം’ ക്രെഡിറ്റ് ആണ് ലഭ്യമാക്കിയിട്ടുള്ളത്. *130*1# ഡയല്‍ ചെയ്‌തോ 144 എന്ന നമ്ബറിലേക്ക് CREDIT എന്ന് എസ്.എം.എസ്. ചെയ്‌തോ ഈ ചോട്ടാ ക്രെഡിറ്റ് ആക്ടിവേറ്റ് ചെയുവാന്‍ സാധിക്കും. കൂടാതെ പ്രീ പെയ്ഡ് ഉപഭോക്താക്കളായ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്കു 1 ജി.ബി. മൊബൈല്‍ ഡാറ്റയും സൗജന്യമായി ക്രെഡിറ്റ് ചെയ്യും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു തുടര്‍ച്ചയായ സേവനം ലഭ്യമാക്കും വിധം ബില്‍ അടക്കേണ്ട തീയ്യതികളും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.