ദുരിത കേരളത്തിന് കൈത്താങ്ങായി പ്രവാസി കേരളം

Web Desk
Posted on August 13, 2019, 8:48 pm
ദുബായില്‍ സംഭരിച്ച ദുരിതാശ്വാസ സാമഗ്രികള്‍

കെ രംഗനാഥ്

ദുബായ്: പ്രളയദുരിതത്തില്‍ മുങ്ങിയ കേരളത്തെ സഹായിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി കേരളം രംഗത്ത്. ദുരന്ത കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രവാസി സംഘടനകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സഹായ സാമഗ്രികള്‍ ശേഖരിക്കാനും തീരുമാനിച്ചു. പല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികള്‍ കേരളത്തിലേയ്ക്ക് നീങ്ങിത്തുടങ്ങി.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ അടിയന്തര യോഗം ശക്തി തിയേറ്റേഴ്‌സ് ആക്ടിംഗ് പ്രസിഡന്റ് മധു പരവൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സഹായ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

കേരള സോഷ്യല്‍ സെന്റര്‍ ആക്റ്റിംഗ് പ്രസിഡന്റും യുവകലാസാഹിതി നേതാവുമായ ചന്ദ്രശേഖരന്‍, യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റ് ബാബു വടകര, കേരള സോഷ്യല്‍സെന്റര്‍ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പി ബിജിത് കുമാര്‍, സഫറുള്ള പാലപ്പെട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ദുബായ് കെഎംസി യോഗവും അടിയന്തര പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന 5,000 കുടുംബങ്ങള്‍ക്ക് ക്യാമ്പുകളില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഭക്ഷണവും വസ്ത്രങ്ങളും ശുചീകരണ സാമഗ്രികളുമടങ്ങുന്ന കിറ്റുകള്‍ വിവിധ ജില്ലകളില്‍ വിതരണം ചെയ്യും. ഈദ് അവധിക്കു നാട്ടില്‍ പോയ കെഎംസിസി പ്രവര്‍ത്തകര്‍ പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിന്റെ നേതൃത്വത്തില്‍ രംഗത്തുണ്ട്. ദുബായ് കെഎംസിസി ആസ്ഥാനത്ത് ഒരു ഹെല്‍പ് ഡസ്‌ക് തുറന്നിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.

ദുബായിലെ നഫീസാ ഇസ്മായിലും മുജീബ് റഹ്മാനും ശേഖരിച്ച സാധനങ്ങള്‍ നാട്ടിലേയ്ക്ക് അവധിയില്‍ പോകുന്ന നല്ല മനസുള്ള പ്രവാസികള്‍ തങ്ങളുടെ ലഗേജുകളില്‍ കൊണ്ടുപോകുന്നുണ്ട്. ബന്ധുമിത്രാദികള്‍ക്കുള്ള സമ്മാനങ്ങള്‍ മാറ്റിവച്ചാണ് പലരും ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോകുന്നത്. ദുബായ് കരാമയില്‍ നിന്നു ശേഖരിച്ച പുല്‍പായ, കമ്പിളി, വസ്ത്രങ്ങള്‍, സോപ്പ്, പേസ്റ്റ്, ബിസ്‌കറ്റ് തുടങ്ങിയവ എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എയര്‍ ഇന്ത്യ കാര്‍ഗോ വിമാനത്തിലെ ഉദേ്യാഗസ്ഥന്‍ മലയാളിയായ അബ്ദുല്‍ കരിം ഇടപെട്ടതിനാല്‍ ചരക്കുകൂലിയില്ലാതെയാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. 500 കിലോ സാധനങ്ങള്‍ക്ക് 8,000 രൂപ ചരക്കുകൂലി നല്‍കേണ്ടതാണ് ഇളവുചെയ്തത്. ഗള്‍ഫിലെ പ്രമുഖ ചരക്കുകടത്തു സ്ഥാപനമായ എബിസി കാര്‍ഗോയും സൗജന്യമായാണ് ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത്. അവധിയില്‍ നാട്ടിലേയ്ക്ക് പോകുന്ന പ്രവാസികള്‍ വഴി സാധനങ്ങള്‍ എത്തിക്കാനുള്ള ഒരു വിപുലമായ ശൃംഖല തന്നെ ഗള്‍ഫിലെങ്ങും പ്രവര്‍ത്തനം ആരംഭിച്ചു.

ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചാല്‍ ഉടന്‍ സഹായമെത്തിക്കാന്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. സൗദി അറേബ്യയിലെ ‘നവയുഗം’ സാംസ്‌കാരിക വേദിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. കുൈവറ്റിലെ പള്ളികളില്‍ വെള്ളിയാഴ്ചത്തെ ജുംഅഖുത്തുബ മലയാളത്തില്‍ നടത്തുന്ന പള്ളികളിലടക്കം ദുരിതാശ്വാസ സഹായത്തിനുള്ള ആഹ്വാനങ്ങളുണ്ടായി. എല്ലാ പള്ളികളിലും ദുരിതത്തില്‍ നിന്നു കേരളം കരകയറണമെന്ന പ്രാര്‍ഥനകളും നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി. യുഎഇയിലെ ഏറ്റവും വലിയ ഈ മലയാളി സംഘടനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്.