കണ്ണീരകറ്റും കരുണ

Web Desk
Posted on August 14, 2019, 9:46 pm

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയജലം പ്രവേശിച്ച വീടുകളില്‍ വസിച്ച മുഴുവന്‍ കുടുംബങ്ങളെയും ദുരന്തബാധിത കുടുംബമായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്തബാധിത കുടുംബങ്ങള്‍ക്ക് 10,000 രൂപവരെ അടിയന്തര ധനസഹായം നല്‍കാനും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപവീതം നല്‍കുന്നതടക്കമുള്ള നിരവധി സഹായങ്ങള്‍ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

2018ലെ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് തിരിച്ചുവരവ് നടത്തുന്ന ഘട്ടത്തിലാണ് വീണ്ടും ഒരു ദുരന്തം നമ്മെ ഗ്രസിച്ചതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നല്‍കാനും തീരുമാനങ്ങള്‍ എടുക്കാനും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് ശുപാര്‍ശ നല്‍കാനും മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരടങ്ങുന്നതാണ് ഈ സമിതി.

പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കും. ദുരന്ത നിവാരണ നിയമവും ചട്ടങ്ങളും പ്രകാരം ഇതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കും.

പ്രകൃതിക്ഷോഭത്തില്‍ ഭാഗികമായോ പൂര്‍ണമായോ (15 ശതമാനം മുതല്‍ 100 ശതമാനം വരെ) തകര്‍ച്ച നേരിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍, പ്രകൃതിദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീടുവിട്ട് മറ്റിടങ്ങളിലേക്കോ സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകളിലേക്കോ മാറിയ കുടുംബങ്ങള്‍ എന്നിവരെ ദുരന്തബാധിത കുടുംബങ്ങളായി കണക്കാക്കും.

ഇവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പതിനായിരം രൂപ വരെ അടിയന്തരസഹായം നല്‍കും. കാലവര്‍ഷക്കെടുതി ബാധിച്ച മേഖലകളിലെ കുടുംബങ്ങള്‍ക്കാണ് ഈ സഹായം നല്‍കുക. പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നഷ്ടപരിഹാരം നല്‍കും.

പൂര്‍ണമായും തകര്‍ന്നതോ വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് നാലുലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ ആറുലക്ഷം രൂപ അനുവദിക്കും. രണ്ടും ചേര്‍ത്ത് പരമാവധി നല്‍കുന്ന തുക പത്തുലക്ഷം രൂപയാണ്. കൃഷിനാശം, കുടിവെള്ള, ജലസേചന പദ്ധതികളുടെ തകരാര്‍ പരിഹരിക്കല്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം പണം അനുവദിക്കും.

ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതുമേഖലസഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മിഷനും എക്‌സ്‌ചേഞ്ച് ചാര്‍ജും ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടും. ദുരിതബാധിതകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നല്‍കുന്ന തുക നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കാന്‍ സ്റ്റേറ്റ്‌ലവല്‍ ബാങ്കേഴ്‌സ് സമിതിചേര്‍ന്ന് ബാങ്കുകളോട് ആവശ്യപ്പെടും.

എഎവൈ കാര്‍ഡുടമകള്‍ക്ക് നിലവില്‍ 35 കിലോ അരി സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ എല്ലാവര്‍ക്കും 15 കിലോ അരി വീതം സൗജന്യമായി നല്‍കും. തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 15 കിലോ സൗജന്യ അരി അനുവദിക്കും.

ഇപ്പോഴത്തെ ദുരന്തത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി കേന്ദ്ര സര്‍ക്കാരില്‍നിന്ന് സഹായം ആവശ്യപ്പെട്ട് വിശദമായ മെമ്മോറാണ്ടം നല്‍കും. ഇത് തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തരജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, റവന്യുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, കൃഷിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി കെ സിങ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി.

ദുരന്തത്തില്‍ മരണമടഞ്ഞ എല്ലാവരുടെ വിയോഗത്തിലും മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണനിധിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ഉപയോഗിച്ച് 6,92,966 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം നല്‍കി. വീട്ടില്‍ വെള്ളം കയറുകയോ 75 ശതമാനത്തിലധികം നാശനഷ്ടമുണ്ടാവുകയോ ചെയ്ത് വീട് പൂര്‍ണമായി തകര്‍ന്നുപോയവര്‍ക്കോ ഒറ്റത്തവണയായി സഹായം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 102

ആശങ്കവേണ്ട; നാളെയോടെ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോര്‍ട്ട്

കവളപ്പാറയിലെ ദുരന്തഭൂമിയില്‍ നിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങള്‍ക്കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് പ്രകൃതിദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. 30 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറ ഭൂദാനത്തുനിന്ന് കണ്ടെത്തിയത്. വയനാട് മേപ്പാടി പുത്തുമലയില്‍ തിരച്ചില്‍ തുടരുകയാണ്.

മഴ നേരിയതോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു. വെള്ളം കുറഞ്ഞ ഇടങ്ങളില്‍ പല കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാത്രിവരെ സംസ്ഥാനത്ത് 1,239 ക്യാമ്പുകളിലായി 68,920 കുടുംബങ്ങളിലെ 2,26,491 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ച് ക്യാമ്പുകളുടെ എണ്ണം 1,119 ആയി ചുരുങ്ങി. 58,508 കുടുംബങ്ങളിലെ 1,89,649 പേര്‍ ഇപ്പോള്‍ ഇവിടങ്ങളില്‍ കഴിയുന്നുണ്ട്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ജില്ലകളില്‍ ഇന്നലെ മഴ ശക്തമായിരുന്നെങ്കിലും നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍. കേരളതീരത്ത് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.