Janayugom Online
njangal

ഇതാണ് ഹീറോയിസം; ക്യാമ്പ്യുകള്‍ക്കപ്പുറം സഹായവുമായി ചേട്ടന്മാരെത്തി..

Web Desk
Posted on September 27, 2018, 2:05 pm

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി യുവാക്കളുടെ കൂട്ടായ്മ

കൊച്ചി: പ്രളയത്തില്‍ തകര്‍ന്നു പോയ നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ സഹായഹസ്തങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. പ്രളയം വന്ന അന്നു മുതല്‍ ഇന്നുവരെ ഇവര്‍ പ്രദേശത്തുണ്ട്. വെള്ളമായും ഭക്ഷണമായും കിടക്കയായും പാത്രങ്ങളായും. ഇവരുടെ സഹായം ലഭിക്കാത്തവര്‍ കുറവ്. മത രാഷ്ട്രീയ സംഘടനകളുടെ മേല്‍വിലാസമൊന്നും അവകാശപ്പെടാനില്ല. സഹായം സ്വീകരിച്ച ആരെങ്കിലും നിങ്ങള്‍ എവിടെ നിന്നാണ് എന്നു ചോദിച്ചാല്‍ മറുപടി ലഭിക്കും ’ ഞങ്ങള്‍ മേയ്ക്കാടുകാരാ, ഞങ്ങള്‍ കൂട്ടുകാരാ’.

നെടുമ്പാശ്ശേരിക്കടുത്ത് മേയ്ക്കാട് സ്വദേശികളായ യുവാക്കള്‍. അഭിലാഷ്, ജേക്കബ്, സാലു, മനു, എല്‍ദോ, കണ്ണന്‍, മൈജിന്‍ എന്നിവര്‍ കുറച്ചു പേര്‍ മാത്രം. ഇനിയുമുണ്ട് കുറേ പേര്‍. ഒന്നും പ്രതീക്ഷിക്കാതെ സഹായം ചെയ്യുന്നവര്‍. പലരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, കൂലിപ്പണി ചെയ്യുന്നവര്‍ തുടങ്ങിയവര്‍. നല്ല മനസിന്റെ കൂട്ടായ്മയില്‍ മാത്രമാണ് ഇവര്‍ ഒത്തുചേര്‍ന്നത്.

നെടുമ്പാശ്ശേരി പഞ്ചായത്തില്‍ പ്രളയം ബാധിക്കാതിരുന്ന പ്രദേശമാണ് മേയ്ക്കാട് കുന്നുംപുറം. ചുറ്റിലും വെള്ളം കയറി. മേയ്ക്കാട് പള്ളി ഹാളിലും സ്‌ക്കുളുകളിലും ക്യാമ്പുകള്‍ തുറന്നു. അവിടെയെല്ലാം സഹായങ്ങളുമായി ഈ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ക്യാമ്പുകള്‍ പിരിച്ചുവിട്ടെങ്കിലും വീണ്ടും സഹായങ്ങളുമായി ഇവര്‍ ദുരിതബാധിതരോടൊപ്പം ചേരുകയായിരുന്നു.

വെള്ളം കയറിയവര്‍ വീടുകള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഭക്ഷണം എത്തിക്കുകയായിരുന്നു ഇവരുടെ ആദ്യ സഹായം. ഒരു ദിവസം 250 നടുത്ത് ഭക്ഷണ പൊതി വിതരണം ചെയ്തു. ജനശ്രീ കാറ്ററിംഗ് യൂണിറ്റിന്റെ സഹായത്തോടെയായിരുന്നു ഭക്ഷണ പൊതി വിതരണം. ആളുകള്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്തു തുടങ്ങുന്നതു വരെ ഇതു തുടര്‍ന്നു.

വീടുകളില്‍ താമസം തുടങ്ങിയവര്‍ക്ക് കുടിവെളളം എത്തിക്കലായിരുന്നു പീന്നീടുള്ള ജോലി. രാവിലെയും വൈകിട്ടും ടാങ്കില്‍ വെള്ളവുമായി വീടുകളില്‍ ചെല്ലും. ഇതിനായി ഒരു സുഹൃത്ത് വാഹനം നല്‍കി. മറ്റൊരാള്‍ ടാങ്കുകളും. അടുത്തുള്ള പള്ളിയിലെ കിണറില്‍ നിന്നും വെള്ളവും. അത് ഇപ്പോഴും തുടരുകയാണ്. ഇതോടൊപ്പമാണ് വീട്ടുപകരണങ്ങളുടെ വിതരണം.

എല്ലാവരും സ്വന്തം കൈകളില്‍ നിന്നും പണമെടുത്തായിരുന്നു ആദ്യ ദിന സഹായങ്ങള്‍. പിന്നീട് വിദേശത്ത് ജോലിയുള്ള സുഹൃത്തുക്കള്‍ സഹായം നല്‍കി തുടങ്ങി. ഇപ്പോള്‍ കേട്ടറിഞ്ഞ പലരും പണം നല്‍കി സഹായിക്കുന്നുണ്ടെന്ന് സാലു പോള്‍ പറയുന്നു.

പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ തേടി പിടിച്ചാണ് സഹായമെത്തിക്കുന്നത്. ഇതിനായി പ്രളയബാധിത മേഖലകളെല്ലാം ചുറ്റി കറങ്ങി കണ്ടു. കിടക്കകളും സ്റ്റൗവുകളും പാത്രങ്ങളൂം നേരിട്ട് വീടുകളില്‍ എത്തിക്കുകയാണ്. അനര്‍ഹര്‍ കൈപ്പറ്റരുതെന്ന ഉറച്ച തീരുമാനം ഇതിനു പിന്നിലുണ്ട്. കിടക്ക വേണ്ടാത്തവര്‍ക്ക് മിക്‌സി പോലുള്ള ഉപകരണങ്ങളും എത്തിക്കുന്നുണ്ട്.

ഇത്തരമൊരു യാത്രയിലാണ് ഇവര്‍ കുഞ്ഞപ്പനെയും തങ്കമ്മയെയും കണ്ടുമുട്ടുന്നത്. പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്ന വൃദ്ധ ദമ്പതികള്‍. ഇവര്‍ക്ക് കിടക്ക നല്‍കാന്‍ എത്തിയതാണ് സാലുവും കൂട്ടുകാരും. കിടക്കയിടാന്‍ സ്ഥലമില്ല മക്കളേ എന്നുള്ള കരച്ചില്‍ കേട്ടപ്പോഴാണ് വീടിന്റെ കാര്യം അറിയുന്നത്. സാലുവും കൂട്ടുകാരും പെട്ടെന്നു തന്നെ ഇവരുടെ വീടിരുന്ന സ്ഥലത്തെത്തി. അവിടെ ചെറിയൊരു മണ്‍കൂന മാത്രം. പ്രളയത്തില്‍ എല്ലാം തകര്‍ന്നു വീണു. മക്കളില്ലാത്ത ഇവര്‍ക്ക് ആശ്രയം ആരുമില്ല.

സുഹൃത്തുക്കളുടെ മനസില്‍ ഇവര്‍ക്കായുള്ള പുതിയ വീടിന്റെ പദ്ധതി തയാറായി കഴിഞ്ഞിരുന്നു. പലരുടെയും സഹായങ്ങള്‍ ഒപ്പിച്ചു. വിദേശ സുഹൃത്തുക്കളുടെ സഹായം മാണ് ഇതില്‍ കൂടുതലുള്ളത്. വീടിന്റെ പ്ലാന്‍ വരച്ചുകഴിഞ്ഞു. അടുത്തു തന്നെ നിര്‍മാണം തുടങ്ങും. ഇപ്പോള്‍ ഒറ്റമുറി വാടക വീട്ടില്‍ താമസിക്കുന്ന കുഞ്ഞപ്പനും തങ്കമ്മയും പുതിയ വീടിന്റെ കാത്തിരിപ്പിലാണ്.

അര്‍ഹതപ്പെട്ട മറ്റൊരാള്‍ക്കു കൂടി വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയും ഇവര്‍ക്കുണ്ട്. ഞങ്ങള്‍ക്ക് സംഘടനയോ പേരോ ഇല്ലെന്ന് സാലു പറയുന്നു. അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. ഞങ്ങള്‍ ഈ പ്രദേശത്തുകാരാണ്. ജാതിയും മതവും രാഷ്ട്രീയവും ഒന്നുമില്ല. ഇപ്പോള്‍ നാട്ടുകാരെല്ലാവരും സഹായിക്കാന്‍ തയാറാവുന്നുണ്ട്. പറ്റുന്ന അത്രയും ചെയ്യും. ഓരോ ദിവസവും പലരുമാണ് സഹായമെത്തിക്കുന്നത്. പണിയുള്ളവര്‍ പണിക്കു പോകും. അവര്‍ മറ്റൊരു ദിവസം നില്‍ക്കും. സ്‌കൂള്‍ ബസില്‍ ഡ്രൈവറാണ് സാലു. നില്‍ക്കാനും പറയാനും നേരമില്ല. ഇനിയും പലയിടത്തും കിടക്കകളും സാധനങ്ങളും എത്തിക്കാനുണ്ട്. കിടക്കകള്‍ കയറ്റിയ വണ്ടി റെഡിയായി കഴിഞ്ഞു. അയാള്‍ വണ്ടിയില്‍ കയറി യാത്രയായി. ദുരിതബാധിതരെ തേടി.