7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 6, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇന്ത്യൻതീരങ്ങളെ കടലെടുക്കും; വെള്ളപ്പൊക്കവും വരൾച്ചയും സ്ഥിരമാകും; കേരളത്തില്‍ മഴ അസ്ഥിരമാകും

Janayugom Webdesk
ന്യൂഡൽഹി
November 26, 2021 9:49 pm

സമുദ്രനിരപ്പ് അതിവേഗം ഉയരുന്നതിനാൽ ഇന്ത്യൻതീരങ്ങൾ വെള്ളത്തിനടിയിലാകുമെന്നും തുടർച്ചയായ വെള്ളപ്പൊക്കവും വരൾച്ചയും നേരിടാൻ രാജ്യം തയാറാകണമെന്നും കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രനിരപ്പ് അതിരൂക്ഷമായ നിലയിൽ ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം മെയ് 17 ന് ഗുജറാത്ത് തീരത്ത് വീശിയ അതിതീവ്ര ചുഴലിക്കാറ്റ് ടൗട്ടേയെ അപേക്ഷിച്ച് മെയ് 26 ന് വടക്കൻ ഒഡിഷ തീരത്തെത്തിയ യാഷ് വളരെ ശക്തിയാർജിച്ചതിനു കാരണം ഈ ക്രമാതീത ഉയർച്ചയാണെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞ സ്വപ്ന പണിക്കൽ പറയുന്നു. ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഇന്റർനാഷണൽ സിമ്പോസിയം ഓൺ ട്രോപ്പിക്കൽ മെറ്ററോളജി(ഇൻട്രോമെറ്റ്-21) അന്താരാഷ്ട്ര സെമിനാറിലാണ് അവർ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. 

സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ തോത് കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഇരട്ടിയായി. 1870 മുതൽ 2000 വരെ പ്രതിവർഷം 1.8 മില്ലിമീറ്ററാണ് സമുദ്രനിരപ്പ് ഉയര്‍ന്നിരുന്നത്. എന്നാല്‍ 1993 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രതിവർഷം 3.3 മില്ലിമീറ്ററായി വർധിച്ചു. അന്തരീക്ഷ താപത്തിന്റെ 91 ശതമാനവും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. ചൂട് കൂടുന്നതോടെ അറബിക്കടൽ ഉൾപ്പെടെ ജലനിരപ്പ് ഇനിയും വർധിക്കും. 2050 ഓടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കടൽനിരപ്പ് 15 മുതൽ 20 സെന്റീമീറ്റർ വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബെെ ഉൾപ്പെടെയുള്ള നഗരങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നതാണിത്, സ്വപ്ന പണിക്കൽ പറഞ്ഞു.
അനിയന്ത്രിതമായ നഗരവൽക്കരണം, വായു മലിനീകരണം എന്നിവ മഴക്കാലത്തിന്റെ വ്യതിയാനത്തിനും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുന്നതിനും കാരണമാകുമെന്ന് മുംബൈ ഐഐടി യിലെ സിവിൽ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസർ സുബിമൽ ഘോഷ് പറഞ്ഞു. ഇനിയുള്ള വർഷങ്ങളിൽ അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും രാജ്യത്ത് വർധിക്കും. ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ പെയ്യുന്നത് ഈ പ്രതിഭാസം മൂലമാണ്. ഭാവിയിൽ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയെ കൂടുതൽ ഗുരുതരമായി ബാധിക്കുമെന്നതിനാൽ കാര്യമായ തയാറെടുപ്പ് ആവശ്യമാണ്. 

വടക്കുകിഴക്കൻ മൺസൂണില്‍ മഴ തുടർച്ചയായി വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നതെന്നും സമീപഭാവിയിലെ കാലാവസ്ഥാ വ്യതിയാനം അത്യന്തം ഗുരുതരമായിരിക്കുമെന്നും ഭൗമശാസ്ത്ര മന്ത്രാലയം മുൻ സെക്രട്ടറി എം രാജീവൻ പറഞ്ഞു. മഴക്കാലം അസ്ഥിരവും പ്രവചനാതീതവുമാകും. എല്‍നിനോ പ്രതിഭാസം മൂലം വടക്കുകിഴക്കൻ മൺസൂണിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് പ്രതീക്ഷിച്ചതെങ്കിലും ഇത്തവണ കനത്ത മഴയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും മൺസൂൺ വ്യതിയാനത്തിൽ ഇന്ത്യൻ, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ പങ്കിനെക്കുറിച്ച് പഠിക്കാൻ ഒരു ഗവേഷണ റോഡ്മാപ്പ് വികസിപ്പിക്കുകയും വേണമെന്ന് സെമിനാർ ശുപാർശ ചെയ്യുന്നു. 

ENGLISH SUMMARY: Floods and droughts will be con­stant in india
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.