ബിജെപിയ്ക്ക് തിരിച്ചടി; മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

Web Desk
Posted on November 26, 2019, 10:50 am

ഡൽഹി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി ഉത്തരവിട്ടു.

എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയും എൻസിപിയും കോൺഗ്രസും ആവശ്യപ്പെട്ടപ്പോൾ  വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടപടികൾ നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചതോടെ വിധി ബിജെപിക്ക് വലിയ തിരിച്ചടിയായി. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.