ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും വളര്‍ത്തുനായയെയും കൊലപ്പെടുത്തി ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു: ആന്റണിയുടെ നരഹത്യയില്‍ ഞെട്ടി ബന്ധുക്കള്‍

Web Desk

ഫ്‌ലോറിഡ

Posted on January 16, 2020, 3:10 pm

ഭാര്യയെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും വളര്‍ത്തുനായയെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ച ആള്‍ പൊലീസ് പിടിയില്‍. ഫെയറി ടെയില്‍ പരിസരത്ത് താമസിക്കുന്ന ആന്റണി ടോഡ് (44)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെയും മക്കളുടെയും വളര്‍ത്തുനായയുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ ആന്റണി ടോഡിന്റെ ഭാര്യ മേഗന്‍ ടോഡ്, മക്കളായ അലക് (13), ടെയ്‌ലര്‍ (11), സോ (4) എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടില്‍ കണ്ടെത്തിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.

ഡിസംബര്‍ അവസാനത്തോടെയാണ് കൊലപാകം നടന്നതെന്നാണ് സൂചന. കുടുംബത്തെ കാണാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 29ന് ആന്റണി ടോഡിന്റെ ചില ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ആന്റണി ടോഡ് തന്നെയാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീടിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ആന്റണിയുടെ കുടുംബം എവിടെയെങ്കിലും യാത്ര പോയതായിരിക്കാം എന്ന നിഗമനത്തിലായിരുന്നു കുടുബം. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇവരെ കുറിച്ച് വിവരം ലഭിച്ചില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസികളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ അവരില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

അതേസമയം ഭാര്യയേയും മക്കളേയും വളര്‍ത്തുനായയേയും കൊന്നതെന്തിനാണെന്ന് പറയാന്‍ ടോഡ് ഇതുവരെ തയ്യാറായിട്ടില്ല. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്ന് ബന്ധുക്കള്‍ ഇനിയും മുക്തരായിട്ടില്ല. ഒരു വ്യക്തിക്ക് ഇത്രയും നീചവും ക്രൂരവുമായ പ്രവൃത്തികള്‍ എങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ആന്റണി ടോഡിനെതിരെ നിരവധി നരഹത്യകള്‍, മൃഗങ്ങളോട് ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.