തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലക്സ് ബോർഡുകള്‍. ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ’ ആണെന്നാണ് ബോർഡിലെ വരികൾ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ നിരവധി ഇടങ്ങളിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കെ മുരളീധരനെ പിന്തുണച്ച് നേരത്തെയും കോഴിക്കോട് നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും വ്യാപകമായി ഫ്ലക്സ് ബോർഡുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും കണ്ണൂരും തൃശൂരും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും പതിച്ചിരുന്നു. ‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’ എന്നായിരുന്നു പാലക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ എഴുതിയിരുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.കോൺഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങൾ എന്നാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. ‘നയിക്കാൻ നായകൻ വരട്ടെ’ എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു.
കെപിസിസി അധ്യക്ഷനുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയ്ക്കു പിന്നാലെയാണ് കെ മുരളീധരന്‍ പ്രവര്‍ത്തനരംഗത്ത് വീണ്ടും സജീവമാകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ പാര്‍ട്ടിയിലെ ഒരുവിഭാഗം തന്നെ കാലുവാരിയെന്ന് ആരോപിച്ച മുരളീധരന്‍ ഇനി മത്സരം രംഗത്തേക്കില്ലെന്നും പൊതുപ്രവര്‍ത്തന രംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണന്നും പ്രഖ്യാപിച്ചിരുന്നു. സമവായ ചര്‍ച്ചയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് താല്‍പര്യമെന്ന് മുരളി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷപദമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. പാലക്കാട് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും മുരളീധരന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ക്യാപ്ഷന്‍
കോഴിക്കോട് നഗരത്തില്‍ കെ മുരളീധരനായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലൊന്ന്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.