മനു എം

തിരുവനന്തപുരം

June 26, 2020, 7:51 pm

സമൂഹ വ്യാപന ഭീതി തടയാൻ കോവിഡ് ട്രാക്കറുമായി ഫ്ലൈസോഫ്റ്റ് ടെക്നോളജീസ്

'കോവിഡ് ട്രാക്കർ- ദി ചെയിൻ ബ്രേക്കർ' മൊബൈൽ ആപ്പ് പ്രോജക്ട് താല്പര്യ പത്രം സർക്കാരിന് സമർപ്പിച്ചു
Janayugom Online

മനു എം
സംസ്ഥാനത്ത് സാമൂഹ്യ വ്യാപന ഭീതി നിലനിൽക്കുകയും ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും സമ്പർക്ക ലിസ്റ്റുകളും വ്യക്തിഗത ലോഗ് വിവരങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ ‘കോവിഡ് ട്രാക്കർ ദ ചെയിൻ ബ്രേക്കർ’ മൊബൈൽ ആപ്ലിക്കേഷനുമായി ഫ്ലൈസോഫ്റ്റ് ടെക്നോളജീസ്. സ്ഥാപനങ്ങളിലും മറ്റും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള ആപ്പ് കോവിഡ് കാലത്ത് സന്ദർശകരുടെ ലോഗിൻ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്ന രജിസ്റ്ററിന് ബദൽ സംവിധാനമൊരുക്കാൻ പ്രാപ്തമാണ്. ബ്രേക്ക് ദി ചെയൻ ഡയറിക്ക് പകരം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ സർക്കാരിന് വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. പ്രോജക്ട് അനുമതിക്ക് വേണ്ടി ഫ്ലൈസോഫ്റ്റ് സർക്കാരിന് തല്പര്യ പത്രം സമർപ്പിച്ചിട്ടുണ്ട്.

പൂർണമായും ഉപയോക്ത സൗഹൃദമായാണ് ആപ്പിന്റെ രൂപകല്പന. ആപ്പ്/പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ കൊടുത്ത് ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പ്രവാസികൾ, അതിഥി തൊഴിലാളികൾ, സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ, സംസ്ഥാനത്തുള്ളവർ, ഉദ്യോഗസ്ഥർ, വിവിധ ജോലിക്കാർ തുടങ്ങിയ ഓപ്ഷനുകള്‍ തെരഞ്ഞെടുത്ത് ലോഗിൻ പൂർത്തിയാക്കാം. വാഹനങ്ങളുള്ളവർക്ക് വാഹന നമ്പര്‍ കൂടി ചേർത്ത് രജിസ്റ്റർ ചെയ്യാം. ഓരോരുത്തർക്കും ഓരോ ക്യൂആർ കോഡ് ലഭിക്കും. വ്യക്തിഗതമായും സ്ഥാപനങ്ങൾക്കും മറ്റ് സംവിധാനങ്ങൾക്കും ക്യൂആർ കോഡ് രജിസ്റ്റർ ചെയ്യാം.

എവിടെങ്കിലും പോകുമ്പോൾ, സ്ഥാപനങ്ങളിലും മറ്റും സന്ദർശിക്കുമ്പോൾ, മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ രജിസ്റ്ററിൽ ഇത്തരം സന്ദർശന/യാത്രാ വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിന് പകരം ഈ ആപ്ലിക്കേഷനിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സന്ദർശനത്തിന്റെ സമയവും തീയതിയും ഉൾപ്പെടെ ലോഗ് വിവരങ്ങൾ രജിസ്റ്റർ ചെയ്യപ്പെടും. വ്യക്തികളുടെ കോൺടാക്ട് ട്രേസിംഗിന് പ്രായോഗികമായി ഒട്ടനേകം പരിമിതികൾ നേരിടുന്ന നിലവിലെ സാഹചര്യത്തിൽ ഈ സംവിധാനം മുതൽക്കൂട്ടാകും. ഒട്ടേറെ കവാടങ്ങളുള്ള സർക്കാർ സ്ഥാപനങ്ങളിലും മറ്റ് ഇൻസ്റ്റിറ്റ്യൂഷനുകളിലും ഇത് പ്രായോഗികമായി നടപ്പാക്കാനാകും. അഡ്മിൻമാരെയും അനായാസം ക്രമപ്പെടുത്താനാകും.

you may also like this video;

അഞ്ച് കോവിഡ് സ്റ്റാറ്റസുകളാണ് ആപ്പിലുള്ളത്. ചുവപ്പ് നിറം- കോവിഡ് പോസിറ്റീവ്, ഓറഞ്ച് നിറം- പ്രൈമറി കോണ്ടാക്ട്, ക്വാറന്റൈന്‍, നീല നിറം- സെക്കന്ററി കോണ്ടാക്ട്, ചാര നിറം- ക്വാറന്റൈനു ശേഷം നെഗറ്റീവായവർ, പച്ച നിറം- നെഗറ്റീവ്. ആളുകളെ കൂടുതൽ ഭയാശങ്കകളിലാക്കാതെ ഏത് തലത്തിൽ വേണമെങ്കിലും ലിസ്റ്റിംഗ് സാധ്യമാക്കാനും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനും ആപ്പിലൂടെ സാധിക്കും. ക്യൂആർ കോഡ് സ്കാനിംഗിലൂടെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നില്ല. സ്മാർട്ട് ഫോണുകളുടെ കാമറ മാത്രമാണ് ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നത്. നൂറ് ശതമാനം സുതാര്യതയും കൃത്യതയുമാണ് നിർമ്മാതാക്കൾ ഉറപ്പു നൽകുന്നത്. സ്മാർട്ട് ഫോണില്ലാത്തവർക്ക് നാലക്ക ടോള്‍ ഫ്രീ നമ്പറിലേക്ക് വ്യക്തിഗതമായി ലഭിക്കുന്ന ഐഡി നമ്പർ മെസേജായി അയച്ചും ലോഗ് വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

ഡേറ്റാ കളക്ഷന്റെ കാര്യത്തിൽ ഒട്ടേറെ വിവാദങ്ങൾ വന്നുപോയ പശ്ചാത്തലത്തിൽ വ്യക്തികളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ആപ്പ് പ്രവർത്തിക്കുന്നത്. സർക്കാർ സെർവറിലായിരിക്കും വിവരങ്ങൾ സൂക്ഷിക്കുക. ക്യൂആർ കോഡ് സ്കാനിംഗിലൂടെയുള്ള പ്രവർത്തനത്തിൽ വ്യക്തികളുടെ ഐഡി നമ്പർ അല്ലാതെ മറ്റൊരു വിവരവും കൈൈമാറ്റം ചെയ്യുന്നില്ല. എന്നാൽ സർക്കാർ നിർദ്ദേശം നൽകുകയാണെങ്കിൽ ആധാറുമായി ആപ്പിനെ ലിങ്ക് ചെയ്യാനാകും. ഇങ്ങനെ ലിങ്ക് ചെയ്യുന്നതിലൂടെ ഒന്നിലധികം മൊബൈൽ നമ്പറുകളിലൂടെയുള്ള രജിസ്ട്രേഷൻ ഒഴിവാക്കി വിവരങ്ങളുടെ കൃത്യത കൂടുതൽ മെച്ചപ്പെടുത്താനാകും.

ബ്ലൂടൂത്ത്, ജിപിഎസ് സൗകര്യങ്ങളും ആപ്പിൽ ലഭ്യമാക്കാൻ നിർമ്മാതാക്കൾ സജ്ജമാണ്. വിവിധ സ്ഥാപനങ്ങൾ, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഈ സൗകര്യം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. ഇവ സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ നിർദ്ദേശ പ്രകാരമായിരിക്കും കൈക്കൊള്ളുക. പ്രോജക്ടിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും 15 ദിവസത്തിനുള്ളിൽ ആപ്പ് കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ആപ്പ് രൂപകല്പനയ്ക്ക് നേതൃത്വം നൽകിയ ഫ്ലൈസോഫ്റ്റ് ടെക്നോളജീസിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ലവിൻ മൈക്കിൾ പറഞ്ഞു.

you may also like this video;