ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

January 12, 2021, 5:46 am

ഉന്നത വിജയത്തിന് ഫോക്കസ് മേഖല ശ്രദ്ധിക്കൂ…

Janayugom Online

ലോകമഹാമാരി കോവിഡ് 19 ന്റെ കാലഘട്ടത്തില്‍പോലും കേരള ഗവണ്‍മെന്റും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി അതീവ കരുതലോടെ സ്തൂള്‍തല പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മുന്തിയ പ്രാധാന്യമാണ് നല്കിയത്. പ്രീ-പ്രൈമറി തലം മുതല്‍ പ്ലസ് ടൂ തലം വരെയുള്ള കുട്ടികള്‍ക്ക് സുദൃഢവും സുശക്തവും സുരക്ഷിതവുമായ രീതിയില്‍ ശാസ്ത്രീയാവലോകനം നടത്തി പ്രായോഗിക കര്‍മ്മപരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കിയത് ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാണ്.

കോവിഡ് മൂലമുണ്ടായ പ്രതികൂല സാഹചര്യത്തെ അതിജീവിക്കുന്നതിനു വേണ്ടി 2020–21 അക്കാദമിക വര്‍ഷം സാധാരണപോലെ ജൂണ്‍ ഒന്നാം തീയതി തന്നെ ക്സാസുകള്‍ ആരംഭിച്ച കാര്യം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. എന്നാല്‍ കുട്ടികളുടെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ കുറവും സംഭവിക്കാതിരിക്കുന്നതിനും വേണ്ടി ക്ലാസ്റൂം ക്ലാസുകള്‍ക്ക് പകരം വീഡിയോ ക്ലാസുകളാണ് ക്രമീകരിച്ചത്.

ഗവണ്‍മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ പ്രഗത്ഭമതികളും അനുഭവ സമ്പന്നരുമായ അധ്യാപകരുടെ സഹായത്താല്‍ വിക്ടേഴ്സ് ചാനലിലൂടെ ‘ഫസ്റ്റ്ബെല്‍’ വീഡിയോ ക്ലാസുകള്‍ ഒന്നാംതരം മുതല്‍ പ്ലസ് ടൂ തരം വരെയുള്ള കുട്ടികള്‍ക്ക് ആരംഭിച്ചുവെന്നത് ഏവരേയും അത്ഭുതസ്‌തബ്ധരാക്കി. ആരംഭകാലത്ത് വീഡിയോ ക്ലാസുകളില്‍ പങ്കെടുക്കുവാന്‍ സാങ്കേതികമായി തടസമുണ്ടായിരുന്ന കുട്ടികള്‍ക്ക് അതീവ ജാഗ്രതയോടും കരുതലോടും സമയബന്ധിതമായും വേണ്ട ക്രമീകരണങ്ങള്‍ നടത്തി എല്ലാവരേയും ക്ലാസില്‍ എത്തിച്ചതും സമാനതകളില്ലാത്ത അനുഭവമാണ്.

വീഡിയോ ക്ലാസുകളിലൂടെ കുട്ടികളുടെ പഠന തുടര്‍ച്ച ഉറപ്പുവരുത്തി കാര്യക്ഷമതയും മികവും നിലനിര്‍ത്തി ഇപ്പോഴും പ്രസ്തുത ക്ലാസുകള്‍ തുടര്‍ന്നുപോകുകയാണ്. എങ്കിലും ക്ലാസുമുറി പഠന പ്രവര്‍ത്തനങ്ങളിലൂടെ മാത്രം പഠനം നടത്തിവന്നിരുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള പഠന സംബന്ധമായ വിഷയാധിഷ്ഠിത സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവ സമയബന്ധിതമായി ദൂരീകരിക്കുന്നതിനും പഠന മികവ് പരമാവധി പരിപോഷിപ്പിക്കുന്നതിനും വേണ്ടി കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് എസ്എസ്എല്‍സി, പ്ലസ് ടു കുട്ടികള്‍ക്ക് ജനുവരി (2021) മാസം മുതല്‍ സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിച്ചുവെന്ന വസ്തുത അറിയാമല്ലോ.

ഗവണ്‍മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മുന്‍ തീരുമാനപ്രകാരം എസ്എസ്എല്‍സി, പ്ലസ് ടൂ പൊതു പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കുകയാണല്ലോ. കോവിഡ് കാലഘട്ടമായതിനാല്‍ പ്രസ്തുത പൊതു പരീക്ഷകള്‍ക്കുള്ള പാഠഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മേഖലയെ വിഷയാധിഷ്ഠിതമായി നിര്‍ണയിച്ചിട്ടുണ്ട്. അതിനാല്‍ കൂട്ടുകാരായ നിങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ അനുസരിച്ച് ഫോക്കസ് മേഖലകള്‍ക്ക് മുന്‍ഗണന നല്കി പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിരന്തരവും സമയബന്ധിതവും ശക്തവും കാര്യക്ഷമവും പ്രായോഗികവുമായ ശാസ്ത്രീയ ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്. അതുകൊണ്ട് കോവിഡിനോടുളള പ്രതിരോധത്തോടൊപ്പം രക്ഷിതാക്കളും അധ്യാപകരും സ്കൂള്‍ മേധാവികളും ഇനിയുള്ള പരിമിത നാളുകളില്‍ അവിശ്രമ പരിശ്രമത്തിലൂടെ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കേണ്ടതാണ്. അതിലൂടെ കുട്ടികൾക്ക് പരമാവധി മികവാര്‍ന്ന വിജയം കരസ്ഥമാക്കാം.