പ്രകൃതി സൗഹൃദ കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കണം: ഗവര്‍ണര്‍

Web Desk
Posted on December 27, 2018, 7:06 pm

തൃശൂര്‍: പ്രകൃതി സംരക്ഷണത്തിന് ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിയില്‍ പ്രാമുഖ്യം നല്‍കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി സദാശിവം അഭിപ്രായപ്പെട്ടു. സമാനതകളില്ലത്ത പ്രകൃതി ദുരന്തത്തിനുശേഷം അതിജീവനത്തിലൂടെ തിരികെ വരുന്ന സംസ്ഥാനത്തിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും പകരുവാന്‍ വൈഗ‑കൃഷി ഉന്നതി മേളയിലൂടെ സാധ്യമാകണണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികോത്പന്ന സംസ്‌കരണ‑മൂല്യവര്‍ദ്ധന അടിസ്ഥാനമാക്കി തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിച്ച സംസ്ഥാന കൃഷിവകുപ്പിന്റെ വൈഗ‑കൃഷി ഉന്നതി മേള മൂന്നാം പതിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയിലെ നൂതന സംവിധാനങ്ങള്‍ കര്‍ഷകരിലെത്തിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന വൈഗ കാര്‍ഷിക മേളയ്ക്ക് കഴിഞ്ഞിട്ടുള്ളതായി ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും ലാഭകരമായ സംരംഭകത്വമായി അഗ്രോ-ബിസിനസ്സ് മേഖല മാറിയിരിക്കുകയാണ്. കര്‍ഷക വരുമാനം ഇരട്ടിയാക്കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ 2016 ‑ല്‍ ആരംഭിച്ച കൃഷി ഉന്നതി മേള ഇത്തവണ വൈഗയോടൊപ്പം നടത്തുവാന്‍ കഴിഞ്ഞത് ഏറെ പ്രയോജനകരമായിരിക്കും. കര്‍ഷകരെയും വിവിധ സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഒറ്റ വേദിയില്‍ കൊണ്ടു വരാനുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അനേകം ചെറു രാജ്യങ്ങള്‍ കാര്‍ഷിക മേഖലയില്‍ വളരെയധികം മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ഉത്പാദനത്തിലും കയറ്റുമതിയിലും മികച്ച പുരോഗതി കാഴ്ചവയ്ക്കുന്നുമുണ്ട്. ശാസ്ത്രത്തിന്റെയും സങ്കേതിക വിദ്യയുടെയും ക്രിയാത്മകമായ ഇടപെടലുകള്‍ കാര്‍ഷിക മേഖലയില്‍ ആവശ്യമാണ്.

രാജ്യത്ത് 50 ശതമാനത്തിലധികം തൊഴിലാളികള്‍ കൃഷി-അനുബന്ധ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. സാധാരണ കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവുകള്‍ സ്വായത്തമാക്കുവാന്‍ കഴിയണം. ചെറുകിട‑നാമമാത്ര കര്‍ഷകര്‍ക്കു യന്ത്രവത്കരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ പ്രയോജനം ലഭിക്കേണ്ടതായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൃഷി സാഹചര്യത്തിനൊപ്പം കര്‍ഷകരുടെ മാനസിക പുന:നിര്‍മ്മാണവും വൈഗയിലൂടെ സൃഷ്ടിക്കേണ്ടതാണെന്ന് മുഖ്യപ്രഭാഷണത്തില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അ്യക്ഷത വഹിച്ചു.