Janayugom Online
Eatable Oyster at KMFRI Food Market Fest

കടൽ മുരിങ്ങ കഴിക്കാം, ജീവനോടെ 

Web Desk
Posted on April 10, 2018, 6:05 pm
കടൽ മുരിങ്ങ (ഓയിസ്റ്റർ) 
  • ദേശീയ സമ്മേളനത്തോടനുബന്ധിച്ച് സിഎംഎഫ്ആർഐയിൽ ഭക്ഷ്യ‑കാർഷിക‑പ്രകൃതിസൗഹദ ഉൽപ്പന്ന മേളയും പ്രദർശനവും നാളെ  (ബുധൻ) തുടങ്ങും
  • മേള രാവിലെ 9.30 മുതൽ രാത്രി 8 വരെ 
കൊച്ചി: ഏറെ ഔഷധമൂല്യമുള്ള സമുദ്രഭക്ഷ്യോൽപ്പന്നമായ കടൽമുരിങ്ങ (ഓയിസ്റ്റർ) ജീവനോടെ കഴിക്കാൻ അവസരം. കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഇന്നും നാളെയും (ബുധൻ, വ്യാഴം) നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ ഭക്ഷ്യ‑കാർഷിക‑പ്രകൃതിസൗഹൃദ ഉൽപ്പന്ന മേളയിലെ പ്രധാന ആകർഷണമാണ് ജീവനുള്ള കടൽ മുരിങ്ങ. കർഷക സംഘങ്ങൾ നേരിട്ട് കൃഷിചെയ്‌തെടുക്കുന്ന കടൽ മുരിങ്ങ വിളവെടുത്ത ശേഷം ശുദ്ധീകരണം നടത്തിയാണ് സിഎംഎഫ്ആർഐ മേളയിൽ വിപണനത്തിനെത്തുന്നത്. പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധഗുണമേൻമയ്ക്ക് പേര് കേട്ട ഭക്ഷ്യവിഭവമാണ് കടൽ മുരിങ്ങ. അത്യപൂർവ ധാതുലവണമായ സെലീനിയം കൊണ്ട് സമൃദ്ധമായ കടൽ മുരിങ്ങ പോഷകസമ്പുഷ്ടമാണ്.
ഇതിന് പുറമെ, കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിന്റെ സ്റ്റാളിൽ മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ ഏലം, കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട,  ജീരകം, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യഞ്ജന വിഭവങ്ങൾ ലഭ്യമാകും. കൂടാതെ, ഇവ ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ കറി പൗഡറുകളും ലഭിക്കും. അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ (ബുഷ് പെപ്പർ) തൈകളുമുണ്ടാകും.
നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, നീര ഉപയോഗിച്ചുള്ള മധുരപലഹാരങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുമായി നാളികേര വികസന ബോർഡ് മേളയിലുണ്ടാകും. ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീ കൂട്ടായ്മയായ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൻ (സാഫ്) തയ്യാറാക്കിയ സ്റ്റാളിൽ ചെമ്മീൻ, കരിമീൻ തുടങ്ങി പാചകം ചെയ്ത ഭക്ഷ്യവിഭവങ്ങൾ ലഭിക്കും.
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) സ്റ്റാളിൽ മീനിൽ നിന്നുള്ള മാലിന്യം വളമാക്കുന്ന സാങ്കേതികവിദ്യ, മാലിന്യസംസ്‌കരണ മാതൃകകൾ എന്നിവ പ്രദർശിപ്പിക്കും. കൂടാതെ, ജൈവപച്ചക്കറി വിത്തുകൾ, വിവിധ ജൈവവളങ്ങൾ, പച്ചക്കറി വിത്തുകൾ, ജൈവകീടിനാശിനി, വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളും കെവികെയുടെ സ്റ്റാളിൽ നിന്നും ലഭിക്കും.
പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ 
പ്ലാസ്റ്റികിന് പകരമായി ഉപയോഗിക്കുന്ന ജൂട്ട് ബാഗുകൾ, പാള ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ, മരത്തടിയിൽ തീർത്ത കാഴ്ചവസ്തുക്കൾ, പോളപ്പായലിൽ നിന്നുണ്ടാക്കിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ, വാഴനാര് കൊണ്ടുള്ള വിവിധ ഉൽപ്പന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് സംസ്‌കരിച്ചുണ്ടാക്കിയ ഉൽപ്പന്നങ്ങളും ഉപകരണങ്ങളുടെ പ്രദർശനവുമുണ്ടാകും. പ്ലാസ്റ്റിക് സംസ്‌കരണം വീടുകളിൽ സ്വന്തമായി ചെയ്യാവുന്നതിന്റെ മാതൃകകളും പ്രദർശനത്തിൽ സന്ദർശകർക്ക് മുന്നിൽ വിശദീകരിക്കും.
രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. 
കടലിലെ മാലിന്യ ഭീഷണി ചെറുക്കുന്നതുമായി ബന്ധപ്പെട്ട് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സിഎംഎഫ്ആർഐയിൽ ദ്വദിന ദേശീയ സമ്മേളനം നടത്തുന്നത്. സമ്മേളനം പ്ലാസ്റ്റിക് മാൻ ഓഫ് ഇന്ത്യ ഡോ വാസുദേവൻ രാജഗോപാലൻ ഉദ്ഘാടനം ചെയ്യും.