Tuesday
19 Mar 2019

പ്രളയദുരിതബാധിതര്‍ക്കുള്ള മരുന്നിനും ഭക്ഷണത്തിനും വിലക്ക്

By: Web Desk | Saturday 10 November 2018 10:47 PM IST


കെ രംഗനാഥ്

ദുബായ്: രാക്ഷസ പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട മലയാളികള്‍ക്കു സഹായമെത്തിക്കാന്‍ പ്രവാസികള്‍ സംഭരിച്ച കോടിക്കണക്കിനു രൂപയുടെ ഭക്ഷണവും മരുന്നും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുന്നതിന് മോഡി സര്‍ക്കാരിന്റെ വിലക്ക്. ഇതുമൂലം ആയിരം കോടിയോളം രൂപയുടെ ദുരിതാശ്വാസ സാമഗ്രികളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിക്കിടക്കുന്നത്.

പ്രളയദുരിതാശ്വാസമായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച 700 കോടിയുടെ അടിയന്തര സഹായം കേരളം കൈപ്പറ്റുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ദുരിതാശ്വാസത്തിനുള്ള ഉല്‍പന്നങ്ങളും കേരളത്തിലെത്തിക്കുന്നതിന് വിലക്കു കല്‍പ്പിച്ച മനുഷ്യത്വരഹിതമായ നടപടി. യുഎഇയില്‍ മാത്രം സ്വദേശികളും പ്രവാസികളും സംഭരിച്ചു നല്‍കിയ 500 കോടിയുടെ ഭക്ഷ്യ ഉല്‍പന്നങ്ങളും മരുന്നും പാല്‍ ഉല്‍പന്നങ്ങളും വസ്ത്രങ്ങളും നിരോധനംമൂലം റെഡ്ക്രസന്റിന്റെ വിവിധ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. മറ്റു ഗള്‍ഫ് നാടുകളില്‍ സംഭരിച്ച ദുരിതാശ്വാസ സാമഗ്രികളുടെ ഗതിയും ഇതുതന്നെയാണ്. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമായി പ്രവാസികളും സ്വദേശികളും ബിസിനസ് സമൂഹവും സംഘടനകളും ഉദാരമതികളായ കോടീശ്വരന്മാരും നല്‍കിയ ആയിരത്തില്‍പരം കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ റെഡ്ക്രസന്റിലും മറ്റു പല ഏജന്‍സികളിലുമായി കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇപ്രകാരം ലഭിച്ച സാധനങ്ങള്‍ നാട്ടിലേയ്ക്ക് അയക്കാന്‍ അനുമതിതേടി യുഎഇയിലെ എമിറേറ്റ്‌സ് റെഡ്ക്രസന്റ് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ഇവ ദുരിതബാധിതര്‍ക്ക് അയക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്കുണ്ടെന്നായിരുന്നു വിശദീകരണമെന്ന് റെഡ്‌ക്രോസിന്റെ ഒരുന്നത വക്താവ് അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ അനുമതി കിട്ടാത്തിടത്തോളം സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കാനാവില്ലെന്ന് റെഡ്ക്രസന്റിന്റെ അന്തര്‍ദേശീയ സഹായനിധി ഡെപ്യൂട്ടി സെക്രട്ടറി ഫഹദ് അബ്ദുല്‍ റഹുമാന്‍ ബിന്‍ സുല്‍ത്താന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇതുവരെ ലഭിച്ച ദുരിതാശ്വാസ സാമഗ്രികളുടെ വില നിര്‍ണയിച്ച് മൊത്തം തുക കേരളത്തിലെത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനായി ലഭിച്ച ദുരിതാശ്വാസ സാമഗ്രികള്‍ മറ്റു രാജ്യങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങളിലും അഭയാര്‍ഥി ക്യാമ്പുകളിലും എത്തിക്കാനാണ് യുഎഇ റെഡ്ക്രസന്റ് പദ്ധതി തയ്യാറാക്കുന്നത്.

കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഉല്‍പന്ന ശേഖരണത്തിന് റെഡ്ക്രസന്റും നൂറുകണക്കിന് വോളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. ഉല്‍പന്ന പിരിവ് പൂര്‍ത്തിയായപ്പോഴാണ് ക്രൂരതയുടെ വെള്ളിടിപോലെ മോഡി സര്‍ക്കാരിന്റെ വിലക്കുവീണത്.

Related News