28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024
March 14, 2024

തടവറയിൽ പൊട്ടിക്കരയുന്ന ദൈവം

അജിത് കൊളാടി
വാക്ക്
March 12, 2023 4:45 am

വളരെ വളരെ പണ്ട്, ആശ്രമം എന്നു കേൾക്കുമ്പോൾ അതിന്റെ പവിത്രതയും നൈർമ്മല്യവും ലാളിത്യവും ആണ് ഓർമ്മയിലെത്തുക. എന്നാൽ ഇന്നത്തെ ആശ്രമങ്ങളിൽ നിന്ന് ലാളിത്യം മാറി ആർഭാടം മാത്രമായി മാറി. ആത്മീയ മൂല്യങ്ങൾ പാടെ അപ്രത്യക്ഷമായി പരക്കെ അറിയപ്പെടുന്ന ആൾദൈവങ്ങളുടെ ആശ്രമങ്ങളിൽ നിന്ന്. കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം, ബലാത്സംഗം എന്നിവയെല്ലാം നടക്കുന്ന വിധമുള്ള ഭീകര കേന്ദ്രങ്ങളായി ആൾദൈവ കേന്ദ്രങ്ങൾ മാറി. ഇന്നത്തെ ആശ്രമങ്ങളിൽ സ്വയം വിളക്കാവാനുള്ള പരിശീലനമില്ല, പൂർണ സ്വതന്ത്രരാകാൻ പഠിപ്പിക്കുന്നില്ല, നിർമ്മലരാകാനുള്ള ശ്രമങ്ങൾ ഇല്ല, പക്ഷെ മാനസിക അടിമത്തം ബാധിച്ചവരായി മാറാനുള്ള നിർബന്ധങ്ങൾ കൃത്യമായി പരിശീലിക്കപ്പെടുന്നു. അവിടെ വരുന്നവരെല്ലാം തനിക്ക് കീഴടങ്ങണമെന്നാണ് ആശ്രമാധിപതി പറയുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്ത്, നിരന്തരം ആശ്വാസം തേടുന്ന മനുഷ്യമനസിന്റെ ദുർബലതയെ മുതലെടുത്ത്, ആൾദൈവങ്ങൾ കണക്കില്ലാത്ത ധനം ആർജിക്കുന്നു. ഉപനിഷത്തിൽ പറയുംപോലെ പൂർണതയെ അറിയുക, അതിനെക്കുറിച്ച് കേൾക്കുക, അതിനെക്കുറിച്ച് പറയുക തുടങ്ങിയ ആത്മീയ തത്വങ്ങൾ ഒന്നും അവിടെ ആൾദൈവങ്ങൾക്കും ശിഷ്യ ഗണങ്ങൾക്കും ബാധകമല്ല. ഇവർ ഒരിക്കലും ഈ കപട വേഷം അഴിച്ചുവയ്ക്കില്ല. കാരണം അവർക്കറിയാം അവരെക്കാൾ കപടതയിൽ വിശ്വസിക്കുന്നവരാണ് തങ്ങളുടെ ഭക്തരായ ജനങ്ങൾ എന്ന്. പണ്ട് ഇവിടെ ബുദ്ധൻ ഉണ്ടായിരുന്നു. ബുദ്ധൻ ശിഷ്യരുമായി സംവദിച്ചു. അവർ ബുദ്ധനോട് സംശയങ്ങൾ ചോദിച്ചു. ബുദ്ധന്റെ ബോധനങ്ങൾ അന്നത്തെ ബ്രാഹ്മണിക യാഥാസ്ഥിതികത്വത്തിനെതിരായിരുന്നു. യാഥാസ്ഥിതികരുടെ അക്രമാസക്തമായ എതിർപ്പ് ബുദ്ധനെതിരെ നിരന്തരം ഉണ്ടായി. എല്ലാവരും തുല്യരും ഏവർക്കും വിഭവങ്ങളുടെ മേൽ തുല്യതയുണ്ട് എന്നും ശ്രീബുദ്ധൻ പറഞ്ഞു.

ക്രിസ്തുവിൽ സംവാദത്തിന്റെ വിസ്താരങ്ങളുണ്ടായിരുന്നു. ഭഗവത് ഗീതയിൽ അർജുനനും കൃഷ്ണനും തമ്മിലുള്ള സംഭാഷണമാണ്. ശ്രീരാമകൃഷ്ണ പരമഹംസരും വിവേകാനന്ദനും മറ്റു ശിഷ്യരും തമ്മിൽ സംഭാഷണങ്ങൾ എത്രയോ നടന്നു. ശ്രീനാരായണ ഗുരു ശിഷ്യരോട് നിരന്തരം സംസാരിച്ചു. അന്യോന്യം ഇവരെല്ലാം ചോദ്യങ്ങൾ ചോദിച്ചു. മഹാത്മാഗാന്ധിയും ശിഷ്യരും നിരന്തരം സംവാദത്തിലേർപ്പെട്ടു. ഗാന്ധി തന്നെ ജീവിതത്തിൽ ലക്ഷക്കണക്കിനു കത്തുകൾ എഴുതിയിട്ടുണ്ട്. എന്തൊരു മഹത്തരമായ സംവാദം. രമണമഹർഷിയുടെ ആശ്രമത്തിലും സംഭാഷണങ്ങൾ നടന്നു. സോക്രട്ടീസിന്റെ, ശിഷ്യരുമായുള്ള സംവാദങ്ങൾ പ്രസിദ്ധമാണ്. ബുദ്ധനെപ്പോലെയായിരുന്നു സംവാദത്തിന്റെ കാര്യത്തിൽ, ഏതാണ്ട് ബുദ്ധ കാലത്തിനടുത്ത് ജീവിച്ച സോക്രട്ടീസും. അദ്ദേഹം ക്രിസ്തുവിന് മുമ്പ് അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കിലാണ് ജീവിച്ചത്. ഗ്രീക്കിലെ അഥീനിയൻ ദേവതകളുടെ അസ്തിത്വത്തെ സോക്രട്ടീസ് വിമർശിച്ചു, ആഥൻസിലെ നീതി വ്യവസ്ഥയെയും. ഫലമോ, ഭരണകൂടം അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നു. ഇവിടെ ആൾദൈവ സന്നിധിയിൽ സംവാദങ്ങളില്ല. ആൾദൈവങ്ങളെ പോലെ പെരുമാറുന്ന, അഥവാ താൻ അപ്രമാദിത്വമുള്ളവനാണ് എന്ന് സ്വയം ധരിക്കുന്ന രാഷ്ട്രീയ സാമൂഹ്യ നേതാക്കളുടെ സന്നിധിയിലും ഇന്ന് സംവാദമില്ല, ചർച്ചയില്ല. സംശയങ്ങൾ ചോദിക്കാൻ പാടില്ല എന്നത് അലിഖിത നിയമമാണ്. സംവാദം നിലച്ചാൽ മനുഷ്യ സംസ്കാരം മരിച്ചു എന്നാണർത്ഥം. ചോദ്യങ്ങൾ ഭയപ്പെടുന്ന, മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംവാദങ്ങൾക്ക് വിലങ്ങിടുന്ന ഭരണാധികാരികൾ ജനാധിപത്യത്തിന്റെ അന്തകരാണ്. മനുഷ്യ സംസ്കാരത്തിന്റെ ഘാതകരാണ്. ഇന്ന് ആൾദൈവങ്ങളും ഭരണാധികാരികളും അവരുടെ ഉപജാപകരും കാണിക്കുന്നത് ജനാധിപത്യ സംഹാരമാണ്.


ഇതുകൂടി വായിക്കൂ:പട്ടിണിയുടെ വർത്തമാനം 


ഉപനിഷത്തിൽ യാജ്ഞവൽക്യനും ഗാർഗിയും ഗഹനമായ സംഭാഷണം നടത്തുന്നു. അവർ ദാർശനികരായിരുന്നു. ഗാർഗി സ്ത്രീ ആയിരുന്നിട്ടും അത്തരമൊരു സംഭാഷണം അക്കാലത്ത് നടന്നുവെന്നത് ആശ്ചര്യം തന്നെ. ഇന്നത്തെ ഇന്ത്യയിൽ പോലും, ആൾ ദൈവ സദസുകളിലും, ഭരണാധികാര സദസുകളിലും, സ്ത്രീകൾക്ക് പരക്കെ ചോദ്യം ചോദിക്കാൻ പറ്റുന്നില്ല. ഗാർഗി ചോദിച്ചത് മനുഷ്യനായിരിക്കുന്നതിന്റെ അർത്ഥം, ജീവിതം എന്നതിന്റെ അർത്ഥം എന്നിവയാണ്. ഇവിടെ യഥാർത്ഥ ദൈവികത സംഭവിക്കാൻ സംവാദം വേണം. യാഥാസ്ഥിതികത്വത്തെ നേരിടണം. പൗരോഹിത്യത്തിന്റെ അധീശത്വത്തെ ദൃഢമായി എതിർക്കണം. അനേകം സാംസ്കാരിക വിനിമയത്തിന്റെ ധാരകളുടെ ഫലമായാണ് പുരോഗമന സമൂഹം ഉണ്ടായത്. ആപത്ഘട്ടങ്ങളിലാണ് ഒരു സമൂഹം അതിന്റെ സർഗാത്മക ധാതുക്കൾ ചരിത്രത്തിൽ നിന്നും വലിച്ചെടുക്കുന്നത്. ശരീരം രോഗാതുരമാകുമ്പോൾ ശരീരത്തിനുള്ളിൽ നിന്നു തന്നെ പ്രതിരോധത്തിന്റെ വൈറസുകൾ ഉണ്ടാകുന്നതു പോലെയാണ് അത്. വൈകുണ്ഠ സ്വാമികൾ, അയ്യന്‍കാളി, വാഗ്ഭടാനന്ദൻ, ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, ബ്രഹ്മാനന്ദ ശിവയോഗി, വി ടി ഭട്ടതിരിപ്പാട്, വക്കം അബ്ദുൾ ഖാദർ മൗലവി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി നിരവധി മനുഷ്യരിലൂടെ രൂപപ്പെട്ട സാമൂഹ്യ‑സാംസ്കാരിക പ്രതിരോധങ്ങളാണ് നമ്മുടെ കേരളത്തെ ഭ്രാന്താലയമല്ലാതാക്കാൻ സഹായകമായത്. അവരൊന്നും ആൾദൈവങ്ങളായി ചമഞ്ഞതല്ല. അവർ നിർമ്മലരായിരുന്നു, പരിശുദ്ധരായിരുന്നു, ലാളിത്യമായിരുന്നു. ഇന്നത്തെ ആൾദൈവങ്ങളും, മതങ്ങളിലെ പ്രമുഖന്മാരും ജീവിക്കുന്നത്, അഖണ്ഡമായ അറിവിന്റെ വെളിച്ചത്തിലല്ല, അവർ വാങ്ങിക്കൂട്ടിയതും വച്ചുപിടിപ്പിച്ചതുമായ മുടിഞ്ഞ സമൃദ്ധിയുടെയും ധൂർത്തിന്റെയും കൃത്രിമ വെളിച്ചത്തിലാണ്. ഗുരുദേവൻ പണ്ട് ആത്മോപദേശശതകത്തിൽ വ്യക്തമാക്കിയതു പോലെ അവർ “കപട“രാണ്. ഇത്തരക്കാരെ വളർത്തുന്നത് ഫാസിസ്റ്റുകളും മൂലധന ശക്തികളുമാണ്.

ചരിത്രം പിടിച്ചെടുക്കാനുള്ള മാർഗം വിളക്കു കാലുകൾ പിടിച്ചെടുക്കുകയാണെന്ന് ഫാസിസത്തിന് അറിയാം. നമ്മുടെ കാഴ്ചയെ പിടിച്ചെടുത്താൽ ഓർമ്മയെ പിടിച്ചെടുക്കാൻ കഴിയും എന്നും അവർക്കറിയാം. അതുകൊണ്ട് അവർ ശ്രീരാമനേയും ശ്രീകൃഷ്ണനേയും ഖുറാനേയും ബൈബിളിനേയും ദുർവ്യാഖ്യാനിക്കും. ഇതാണ് ഫാസിസം ചെയ്തുകൊണ്ടിരിക്കുന്നത്. തുളസീദാസന്റെ രാമചരിതമാനസം പറയുന്നത് നോക്കുക. ”വിജയത്തിലേക്കു നയിക്കുന്ന രഥം മറ്റൊരു തരത്തിലുള്ളതാണ്. നെഞ്ചുറപ്പും സഹനശക്തിയുമാണ് ആ രഥത്തിന്റെ ചക്രങ്ങൾ. സത്യസന്ധതയും, ധാർമ്മികമായ പെരുമാറ്റവുമാണ് അതിന്റെ കൊടിക്കൂറ. വിവേകം, ആത്മനിയന്ത്രണം, പരസ്നേഹം, ആത്മധൈര്യം എന്നിവയാണതിന്റെ നാല് കുതിരകൾ. സഹിഷ്ണുതയും, കാരുണ്യവും സമചിത്തതയുംചേര്‍ന്നുള്ള ഞാണുകള്‍ കൊണ്ടാണ് ആ കുതിരകൾ നിയന്ത്രിതമാകുന്നത്.” പക്ഷെ ഇതൊന്നും, ഇന്ന് ഒരാൾദൈവങ്ങളും ഉപദേശിക്കുന്നില്ല. നമ്മുടെ നാട്ടിൽ അമ്പലങ്ങൾക്കും പള്ളികൾക്കും യാതൊരു ക്ഷാമവുമില്ല. ഒരു യഥാർത്ഥ വിശ്വാസിക്ക് ഇവ രണ്ടുമില്ലെങ്കിലും വീടിന്റെ സ്വകാര്യതയിലോ മറ്റേതെങ്കിലും വിജനതയിലോ തന്റെ ദൈവവുമായി സംസാരിക്കാം. ഏതു ദൈവത്തിനും അതായിരിക്കും ഇഷ്ടം. ദൈവവും വിശ്വാസവും ഒരു വ്യക്തിയുടെ സ്വകാര്യമായ കാര്യമാണ്. ഭരണകൂടത്തിന്റെ ബാധ്യത ജനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയാണ്. ഭക്ഷണം, തൊഴിൽ, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു, ശൗചാലയം എന്നിവ നൽകുന്നതിലാണ് അവർ ബദ്ധശ്രദ്ധരാകേണ്ടത്. അപ്പോഴെ ദൈവം കരയാതിരിക്കുകയുള്ളു. പക്ഷെ ഭരണാധികാരികൾ ഇന്നോളം അത് ചെയ്തിട്ടില്ല. അതുകൊണ്ട് ദൈവത്തിന് തടവറയിൽ കിടന്നു കരയുകയേ നിവൃത്തിയുള്ളു. നവലിബറലിസത്തിന്റെ അസമത്വത്തിനോടൊപ്പം ഭൂരിപക്ഷമതത്തിന്റെ പേരിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ യുദ്ധത്തിനു പുറപ്പെടുകയും ചെയ്യുമ്പോൾ ദൈവത്തെ തടവറയിലിട്ടേ മതിയാകൂ എന്ന് ഫാസിസ്റ്റുകൾക്ക് അറിയാം. നമ്മുടെ വിശ്വാസം മുഴുവൻ കൊണ്ടിടുന്ന സ്ഥലത്തെയാണ് ക്ഷേത്രം എന്നും പള്ളി എന്നും പറയുന്നത്. അത് അധികാരക്കൊതിപൂണ്ടവർ, സമ്പത്ത് മാത്രം ലക്ഷ്യമിടുന്ന പുരോഹിതർ, ധൂർത്തടിക്കുന്നു. വിശ്വാസം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു. ഇപ്പോൾ അതും മാറി. പണമാണ് വലുത് എന്നേവരും മനസിലാക്കി. അതുകൊണ്ട് നമ്മുടെ രാഷ്ട്രീയവും വിശ്വാസവും പരിവര്‍ത്തനപ്പെട്ട് പണമായി മാറി. അങ്ങനെ ശ്രീരാമനും, നബി തിരുമേനിയും, ക്രിസ്തുവും, അപ്രസക്തമായി തീർന്നു. മറിച്ച് അധികാരവും വൻ സമ്പത്തും പ്രസക്തമായി.


ഇതുകൂടി വായിക്കൂ: ദരിദ്രരുടെ ഇന്ത്യയും കേരള ബദലും


പോഷകാഹാരക്കുറവുകൊണ്ട് വരൾച്ച മുരടിക്കുന്ന ഏറ്റവുമധികം കുഞ്ഞുങ്ങളുള്ള രാജ്യം, ഏറ്റവും കൂടുതൽ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം പോലും ചെയ്യാനാവാതെ കൊഴിഞ്ഞുപോകുന്നതും ഈ രാജ്യത്താണ്. ആദിവാസികളെ കടപുഴക്കി എറിയുന്നതും, അസമത്വം ഭയാനകമാകുന്നതും ഈ രാജ്യത്താണ്. പട്ടിണി വർധിക്കുന്ന രാജ്യമായി മാറി. നവ ലിബറൽ മുതലാളിത്തത്തിന്റെ ചതിക്കുഴികൾ മനുഷ്യനെ ഇല്ലായ്മ ചെയ്യുന്നു. അണക്കെട്ടുകളും, പല വ്യവസായ ശാലകളും ആദിവാസികളെ, ദളിതരെ അഭയാർത്ഥികളാക്കി. അധ്വാന മേഖലയിൽ കൊടിയ ചൂഷണമാണ് നടക്കുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും വെള്ളത്തിനും അന്നത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും കൂരയ്ക്കും വേണ്ടി ബദ്ധപ്പെടുന്നു. ഈ അവസ്ഥയിലും ആൾദൈവങ്ങൾ ചിരിക്കുന്നു. സുഖലോലുപതയിൽ മുഴുകുന്നു. അവരെ സ്തുതിക്കുന്ന ഭരണാധികാരികൾ, മൂലധനശക്തികൾക്ക് രാജപാത ഒരുക്കുന്നു. പ്രതികരിക്കാത്ത ജനത അവരെ വീര കേസരികളായി കാണുന്നു. മനസും ചിന്തയും ഇത്തരം കപട മനുഷ്യർക്ക് അടിയറവയ്ക്കുന്നു ജനം. ദൈവം തടവറയിൽ നിന്നു പുറത്തു വരണം. അതിന് ജനം സർഗാത്മകതയെ ഉണർത്തി, മനുഷ്യനെ പ്രാകൃത ചിന്തയിലേക്ക് തള്ളിവിടുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അചഞ്ചലമായ പോരാട്ടം നടത്തിയേ പറ്റൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.