പ്രത്യേക ലേഖിക

ന്യൂഡൽഹി

July 04, 2021, 10:01 pm

ഭക്ഷ്യോല്പന്നങ്ങളുടെ വില കുതിച്ചുയരുന്നു; അടുക്കള ബജറ്റ് താളംതെറ്റി

Janayugom Online

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റം ഇരട്ടപ്രഹരമാകുന്നു. ചില ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വർധിക്കുന്നത് പോഷകാഹാരങ്ങൾ ഒഴിവാക്കുന്നതിന് കുടുംബങ്ങളെ നിർബന്ധിക്കുന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നു. വിതരണശൃംഖലയില്‍ കോവിഡ് സൃഷ്ടിച്ച സമ്മര്‍ദ്ദത്തിന് പുറമെ ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുന്നു. പാചകവാതകത്തിന്റെ വിലകൂടി കൂട്ടിയതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റ് അപ്പാടെ താളംതെറ്റി.
ഭക്ഷ്യ എണ്ണകൾ, പയര്‍വര്‍ഗങ്ങള്‍, പാല്‍ എന്നിവയുടെ വിലയിൽ വലിയ വർധനവാണ് അടുത്തിടെ ഉണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഉപഭോക്തൃ വില സൂചിക ഇത് വ്യക്തമാക്കുന്നു. രാജ്യത്തെ ചില്ലറ, മൊത്ത വിപണി പണപ്പെരുപ്പം ഓരോ മാസവും പുതിയ റെക്കോഡുകളാണ് രേഖപ്പെടുത്തുന്നത്. 

ചെലവ് കൂടിയതോടെ ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി കുടുംബങ്ങൾ ചോറ്, ചപ്പാത്തി തുടങ്ങിയ വിഭവങ്ങളിലേക്ക് മാത്രമായി ചുരുങ്ങി. വിലക്കയറ്റം താങ്ങാനാവാതെ ദരിദ്ര കുടുംബങ്ങൾ ഭക്ഷണത്തിൽ നിന്നും മാംസം, മുട്ട, പയറുവർഗങ്ങൾ തുടങ്ങിയ പോഷകാഹാരങ്ങൾ ഒഴിവാക്കി. ഇത് രാജ്യം നേരിടുന്ന പോഷകാഹാരക്കുറവ് രൂക്ഷമാക്കുമെന്ന് ന്യൂസ് ക്ലിക്ക് പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

മാംസവില്പനയിൽ ബിജെപി സൃഷ്ടിച്ച അനിശ്ചിതത്വം ഇറച്ചി വിലയിൽ സമ്മർദ്ദം തുടരാൻ കാരണമായി. ഇതോടൊപ്പം ഭക്ഷ്യ എണ്ണകളുടെയും പയറുവർഗങ്ങളുടെയും വില കുതിച്ചുയര്‍ന്നു. പാമോയിൽ, സോയാബീൻ എണ്ണ എന്നിവയുടെ വിലക്കയറ്റത്തിനുള്ള പ്രധാനകാരണം ഇറക്കുമതി തീരുവയും സെസും ഉയര്‍ന്നുനില്‍ക്കുന്നതാണ്. വലിയ വ്യവസായികൾ മറ്റ് എണ്ണകളുടെ ഉല്പാദനത്തിലേക്ക് മാറിയപ്പോൾ അവയുടെ വിലയും കൂടി. 

ആഭ്യന്തര ആവശ്യങ്ങൾക്കായി ഭക്ഷ്യ എണ്ണ ഇറക്കുമതിയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. 2019–20 വർഷത്തിൽ ആഭ്യന്തര ആവശ്യത്തിനുള്ള ഭക്ഷ്യ എണ്ണയുടെ 56 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇറക്കുമതി തീരുവയില്‍ കാര്യമായ കുറവ് വരുത്തിയാല്‍ മാത്രമേ സാധാരണക്കാരന്റെ ദുരിതം പരിഹരിക്കാനാകൂ. എന്നാല്‍ മോഡി സർക്കാർ മൗനം തുടരുകയാണ്. 

47 ശതമാനം വരെ വിലക്കയറ്റം

ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ തുവര, ചെറുപയർ, ഉഴുന്ന്, തുടങ്ങിയ പയറു വർഗങ്ങളുടെ വിലയില്‍ പെട്ടെന്ന് 13 ശതമാനം മുതൽ 23 ശതമാനം വരെ വർധനവാണ് ഉണ്ടായത്. മാംസം, മത്സ്യം, മുട്ട എന്നിവയുടെ വിലയിലും ജനുവരിക്കു ശേഷം വർധനവ് ഉണ്ടായി. ഏറ്റവും കൂടുതൽ വില വർധിച്ചത് കോഴിക്കാണ്. കോഴിവില 33 ശതമാനവും പോർക്ക്, ആട് എന്നിവയുടെ വിലയിൽ 23 ശതമാനവും വർധനവ് ഉണ്ടായി.
അടുക്കളകളിൽ തീർത്തും ഒഴിച്ചുകൂടാനാകാത്ത ഭക്ഷ്യ എണ്ണകളുടെ വിലയിലുണ്ടായ വർധനവാണ് സാധാരണക്കാരെ ഏറ്റവും വലച്ചത്
ഈ വർഷം മെയ് മാസത്തില്‍ ഭക്ഷ്യ എണ്ണകളുടെ വിലയിൽ 11 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണർ പാചകത്തിന് കൂടുതലായി ഉപയോഗിക്കുന്ന കടുകെണ്ണയുടെ വില 43 ശതമാനമാണ് വർധിച്ചത്. നിലക്കടല എണ്ണ 37 ശതമാനം, സൂര്യകാന്തി, സോയാബീൻ തുടങ്ങിയ ശുദ്ധീകരിച്ച എണ്ണകളുടെ വിലയിൽ 47 ശതമാനം എന്നിങ്ങനെയാണ് വർധനവ്. 

Eng­lish Sum­ma­ry : food items prices increas­es high and kitchen bud­jet disturbed

You may also like this video :