29 March 2024, Friday

വീണ്ടും കരുതലിന്റെ സ്നേഹക്കിറ്റ്

Janayugom Webdesk
July 28, 2022 5:00 am

ണപ്പെരുപ്പവും വിലക്കയറ്റവും നടുവൊടിക്കുന്നതിനിടെ സാധാരണക്കാരന്റെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന സമീപനങ്ങളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ചരക്കു സേവന നികുതി ചുമത്തിയ നടപടി അതില്‍ അവസാനത്തേതായിരുന്നു. സാമ്പത്തിക മേഖലയിലെ കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ജനവിരുദ്ധ നയങ്ങളും കോര്‍പറേറ്റ് ആഭിമുഖ്യവും എല്ലാം കൂടിച്ചേര്‍ന്നപ്പോഴാണ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഇന്ധന വിലയില്‍ ആഗോള തലത്തിലുണ്ടായ വര്‍ധനയും റഷ്യ — ഉക്രെയ്‌ന്‍ യുദ്ധവുമൊക്കെ ഇപ്പോള്‍ അതിനു കാരണമായി പറയുന്നുണ്ടെങ്കിലും രാജ്യത്തെ ദയനീയാവസ്ഥയുടെ കാലഗണന പരിശോധിച്ചാല്‍ ഇവിടെയുള്ള ഭരണാധികാരികളുടെ നയങ്ങള്‍ തന്നെയാണ് അടിസ്ഥാന കാരണമെന്ന് വ്യക്തമാകും. ആഗോളതലത്തില്‍ ഇന്ധന വില കുറഞ്ഞിരിക്കുമ്പോഴും ഇവിടെ കൂടുകയും അതിന്റെ ഫലമായി അവശ്യവസ്തുക്കളുടെ വില ഉയരുകയും ചെയ്യുന്ന പ്രവണത റഷ്യ — ഉക്രെയ്‌ന്‍ യുദ്ധമാരംഭിച്ച ഈ വര്‍ഷം ഫെബ്രുവരിക്കുശേഷമുണ്ടായതല്ല. കോവിഡിന്റെ അടച്ചുപൂട്ടലില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുമ്പ് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പത്തുശതമാനത്തോളം അധിക ചുങ്കം ചുമത്തിയതും ഇതിനൊപ്പം ഓര്‍ത്തെടുക്കാവുന്നതാണ്. ഇങ്ങനെ സര്‍ക്കാര്‍ തന്നെ ദുരിത ജീവിതത്തിന് ആക്കം കൂട്ടുന്ന സമീപനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ വേറിട്ട രീതിയിലും അധിക ബാധ്യത ഏറ്റെടുത്തും ജനങ്ങള്‍ക്ക് വലിയ ആശ്വാസം നല്കുന്ന തീരുമാനങ്ങള്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട് എന്നത് വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുന്നതിന് കാരണമാകുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  കേരളമെന്നത് വീണ്ടും കരുതലിന്റെ പേരാവട്ടെ


സപ്ലൈകോ ഉള്‍പ്പെടെയുള്ള പൊതുവിതരണ സംവിധാനത്തിലൂടെ സബ്സിഡി നിരക്കില്‍ അവശ്യവസ്തുക്കളും ഹോര്‍ട്ടി കോര്‍പ്, വിഎഫ്‌പിസികെ പോലുള്ള സംരംഭങ്ങളിലൂടെ പച്ചക്കറി ഉല്പന്നങ്ങളും വില്പന നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ആ ദൗത്യം നിര്‍വഹിച്ചുപോരുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിനു കോടി രൂപ അധിക ബാധ്യത ഏറ്റെടുത്താണ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നത്. അതിനിടയിലാണ് കോവിഡും ലോക്ഡൗണും എത്തിയത്. തൊഴിലും വരുമാനവുമില്ലാതെ വലിയൊരു വിഭാഗം വീട്ടില്‍ അടച്ചിരിക്കേണ്ടി വന്ന ആ ഘട്ടത്തില്‍ എല്ലാ കുടുംബങ്ങളിലും സൗജന്യ ഭക്ഷ്യക്കിറ്റുകളും മറ്റ് അവശ്യ സൗകര്യങ്ങളുമെത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായി. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യക്കിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപന ശേഷി കുറയുന്നതുവരെയുള്ള ഒരുവര്‍ഷത്തിലധികം ആ പദ്ധതി തുടര്‍ന്നു. സംസ്ഥാനത്തിന് ഏറ്റെടുക്കേണ്ടിവരുന്ന വന്‍ ബാധ്യതയും കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനങ്ങളും അത് മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസം സൃഷ്ടിച്ചു.
അതുകൊണ്ടുതന്നെ എല്ലാ മാസവും കിറ്റ് നല്കുന്ന രീതി നിര്‍ത്തേണ്ടിവന്നു. എന്നാല്‍ കേന്ദ്ര നയങ്ങളുടെ പ്രത്യാഘാതം വളരെ കനത്തതാകയാല്‍ ആഘോഷങ്ങളുപേക്ഷിക്കേണ്ടിവരുന്ന കുടുംബങ്ങള്‍ ഉണ്ടാകരുതെന്നതിനാല്‍ കഴിഞ്ഞ വര്‍ഷം മലയാളിയുടെ ദേശീയോത്സവമായ ഓണത്തിന് എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. 2021 ജൂലൈ മാസം 39,374, ഓഗസ്റ്റില്‍ 85,97,143, സെപ്റ്റംബറില്‍ 55,547 വീതം ആകെ 86,92,064 കാര്‍ഡ് ഉടമകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഓണക്കിറ്റ് നല്കിയത്. ഒരു കിറ്റിന് 568.75 രൂപ നിരക്കില്‍ 484.83 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന് അധികമായി ചെലവഴിക്കേണ്ടിവന്നത്. 2021ലെ ഓണക്കിറ്റും അതുവരെ 12 മാസം തുടര്‍ച്ചയായി ഭക്ഷ്യക്കിറ്റും നല്കിയ വകയില്‍ 5600 കോടി രൂപയാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് ചെലവഴിച്ചത്. 11.5 കോടി കിറ്റുകളാണ് ഇക്കാലയളവില്‍ സംസ്ഥാനത്ത് കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തത്. ഇതിനു പുറമേ ലോക്ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്കും നഗരങ്ങളിലും മറ്റും കുടുങ്ങിയ ജനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കളുള്‍പ്പെടെ നല്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമായി.


ഇതുകൂടി വായിക്കൂ:  ഭക്ഷ്യസുരക്ഷാ സൂചിക; കേരളത്തിന്റെ നേട്ടവും ഉയരുന്ന ആശങ്കകളും


കരുതലിന്റെ ഈ സ്നേഹസ്പര്‍ശം തുടരുന്നതിന്റെ ഭാഗമായി ഇത്തവണയും ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 14 ഇനങ്ങളടങ്ങിയ കിറ്റാണ് നല്കുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതിന് 425 കോടി രൂപയുടെ അധികച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധിയുടെയും മറ്റും പേരു പറഞ്ഞ് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം അവകാശപ്പെട്ട ധാന്യങ്ങളും ഭക്ഷ്യവസ്തക്കളും നല്കുന്നതില്‍ പോലും കേന്ദ്രം വെട്ടിക്കുറവ് വരുത്തുമ്പോഴാണ് സംസ്ഥാനത്തെ ജനകീയ സര്‍ക്കാര്‍ തികച്ചും ജനപക്ഷത്തു നില്ക്കുന്ന ഇത്തരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ അവശ്യവസ്തുക്കള്‍ക്കെല്ലാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തില്‍ ഇത്തരം സഹായങ്ങള്‍ അനുഗ്രഹീതമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ചരക്കു സേവന നികുതി സംവിധാനത്തിലെ പോരായ്മകളും മറ്റും കാരണത്താല്‍ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങളെ ഓണത്തിന് സഹായിക്കുന്നതിനുള്ള ഈ തീരുമാനത്തിന് ഹൃദയത്തില്‍ നിന്ന് അഭിവാദ്യം നല്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.