പ്രവാസികള്‍ ജാഗ്രത പാലിക്കുക, ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ദുബായില്‍ റെസ്റ്റാറന്റ് അടച്ചുപൂട്ടി

Web Desk
Posted on September 25, 2019, 6:21 pm

ദുബായ്: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ജുമൈറയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ റെസ്റ്റാറന്റ് ദുബായ് മുനിസിപ്പാലിറ്റി അടച്ച് പൂട്ടി. 15 പേര്‍ക്ക് വിഷബാധയേറ്റതിനെ തുടര്‍ന്ന് പാചകക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഷബാധയേറ്റവര്‍ കഴിച്ച ഭക്ഷണത്തില്‍ ‘സാല്‍മൊണല്ല’ എന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കുട്ടികളടക്കം 15 പേര്‍ക്ക് വയറിളക്കവും പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഭക്ഷണത്തില്‍ അസംസ്‌കൃത മുട്ട ചേര്‍ത്തതായും മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

അസംസ്‌കൃത മുട്ട ഉപയോഗിക്കുന്നതിന് 2012 മുതല്‍ തന്നെ ദുബായ് മുനിസിപ്പാലിറ്റി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ദുബായ് മുന്‍സിപാലിറ്റി കടുത്ത നടപടികള്‍ എടുത്തിരിക്കുകയാണ്.