ഭക്ഷ്യ വിഷബാധ: കീഴ്പയ്യൂരില്‍ 19 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Web Desk
Posted on June 21, 2019, 5:08 pm

കൊയിലാണ്ടി/പേരാമ്പ്ര: സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച എല്‍ കെ ജി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 19 കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ചത്തെ ഉച്ചഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന സോയാബീനിന്‍ നിന്നാണ് വിഷബാധയേറ്റതെന്ന് കരുതുന്നു.

വീട്ടിലെത്തിയ കുട്ടികള്‍ക്ക് വൈകീട്ടോടെ തലവേദന, പനി, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെട്ടു. ഇവര്‍ സമീപത്തെ ഡോക്ടര്‍മാരെ സമീപിച്ച് ചികിത്സ നടത്തി. രോഗലക്ഷണം കണ്ട കുട്ടികളൊന്നും വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയിരുന്നില്ല. കൂടുതല്‍ പേര്‍ അവധി ആയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് കാര്യം മനസ്സിലായത്. തുടര്‍ന്ന്, എല്ലാവരേയും താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുളളര്‍ സുഖം പ്രാപിച്ചു വരുന്നു. ആശുപത്രി അധികൃതര്‍ ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി. രണ്ടു പീഡിയാട്രീഷ്യരെ കൂടുതല്‍ എത്തിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതറിഞ്ഞ് ആളുകള്‍ ആശുപത്രിയിലേക്ക് കൂട്ടത്തോടെ എത്തി.

കാശിനാഥന്‍, മഹ്‌റ ഖദീജ, സാബിയ ഫാത്തിമ, നുമാ മെഹാവിഷ് എന്നീ വിദ്യാര്‍ത്ഥികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കദീജ, റിസ ഫാത്തിമ, മോയിന്‍ അഹമ്മദ്, ഫാത്തിമ നിസറിന്‍, അമീന, മുഹമ്മദ് ഫൈസാന്‍, സെയ്ത്, ഷെറിന്‍, അല്‍ഫാ ഫാത്തിമ, ആദില്‍, അലിയ ഫര്‍ദ, ഷെയ് ഹമൂസ ആയിഷ, ഫാത്തിമറിദുഫ, നബിന്‍, നിഹാല്‍ അബ്ദുള്ള, ഫായിസ് തുടങ്ങിയവരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കെ ദാസന്‍ എം എല്‍ എ, സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ കെ ബാലന്‍, മണ്ഡലം അസി.സെക്രട്ടറി എസ് സുനില്‍ മോഹന്‍, നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍, മേലടി ബി പി ഒ രാഹുല്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.

You May Also Like This: