Friday
22 Nov 2019

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ വിഷബാധ; വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

By: Web Desk | Friday 26 October 2018 6:35 PM IST


നെടുങ്കണ്ടം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നെടുങ്കണ്ടം പോളിടെക്നിക് കോളേജിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. എറണാകുളം സ്വദേശി അന്ന ഏലിയാസ് (19), തൃശ്ശൂര്‍ സ്വദേശി വിദ്യ ബേബി (18), ആലപ്പുഴ സ്വദേശി ഗായത്രി സജീവ് (18), പത്തനംതിട്ട സ്വദേശി ശ്രുതി രാജ് (18), ഇടുക്കി സ്വദേശി ആഗ്നസ് ടോമി (18) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഇന്ന് നടന്ന യൂണിവേഴ്സിറ്റി പരീക്ഷ ഇവര്‍ക്ക് എഴുതാനായില്ല. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് ഹോസ്റ്റലില്‍ പരിശോധന നടത്തി.
കഴിഞ്ഞ ബുധനാഴ്ച ഹോസ്റ്റലില്‍ നിന്നും കഴിച്ച കോഴിക്കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.  കോളേജ് ക്യാമ്പസിനുള്ളിലെ വനിതകളുടെ ഹോസ്റ്റലില്‍ 11 വിദ്യാര്‍ഥികളും, ഒമ്പത് അധ്യാപകരുമാണ് താമസിക്കുന്നത്. കുട്ടികള്‍ക്ക് ഛര്‍ദിയും, വയറുവേദനയും വ്യാഴാഴ്ച രാവിലെ മുതല്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് കോളേജ് അധികൃതര്‍ തയാറായില്ല. സംഭവം വീട്ടിലറിയിച്ചാല്‍ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ ആരോപിക്കുന്നു. അവശനിലയിലായ പെണ്‍കുട്ടികളെ കോളേജ് യുണിയന്‍ ഭാരവാഹികളാണ് വെള്ളിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസിനും, ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയതായി യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സഹല്‍, ചെയര്‍പേഴ്സണ്‍ എലിസബത്ത് ടോം എന്നിവര്‍ അറിയിച്ചു.
ഹോസ്റ്റലിലെ കുടിവെള്ള ടാങ്ക് ശുചീകരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ വകുപ്പ്  നിര്‍ദേശിച്ചിരുന്നെങ്കിലും ഇതിനുള്ള നടപടികള്‍ അധികൃതര്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ലെന്നും കുട്ടികള്‍ പറഞ്ഞു. ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന ഒരു സ്ത്രീയാണ് ഹോസ്റ്റലില്‍ ഭക്ഷണം പാചകം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ ഭക്ഷണത്തിനുള്ള സാധനങ്ങള്‍ കുട്ടികള്‍ തന്നെയാണ് വാങ്ങി നല്‍കിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ പ്രിന്‍സിപ്പാളിന്റെ നിര്‍ദേശപ്രകാരം പാചകക്കാരിയാണ് സാധനങ്ങള്‍ വാങ്ങിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുട്ടികള്‍ക്കുണ്ടായ ലക്ഷണങ്ങള്‍ ഭക്ഷ്യ വിഷബാധയുടേതാണെന്ന് താലൂക്കാശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു.
കുട്ടികളുടെ രക്തം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധമൂലം രാവിലെ എത്തിയ അഞ്ച് കുട്ടികളില്‍ നാല് കുട്ടികളെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ കുട്ടികളുടേയും, കോളേജ് യൂണിയന്‍ ഭാരവാഹികളുടെയും ആരോപണങ്ങള്‍ കോളേജ് പ്രിന്‍സിപ്പാള്‍ ബീന നിഷേധിച്ചു. ഹോസ്റ്റലിലെ ഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നതിന് സ്ഥിതീകരണമില്ല. കുട്ടികള്‍ പുറത്തുനിന്നും കഴിച്ച ഭക്ഷണമാവാം പ്രശ്നത്തിന് കാരണം. ഞാന്‍ ഉള്‍പ്പെടെ ഒമ്പത് അധ്യാപകര്‍ ഭക്ഷണം കഴിക്കുന്നതും, താമസിക്കുന്നതും ഹോസ്റ്റലില്‍ നിന്ന് തന്നെയാണ്. അവര്‍ക്കോ, മറ്റ് ആറ് വിദ്യാര്‍ഥികള്‍ക്കോ യാതൊരു കുഴപ്പവുമില്ല. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം ഹോസ്റ്റല്‍ മെസില്‍ ഇറച്ചി പാചകം ചെയ്യുന്നത് നിര്‍ത്തിയതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Related News