ഭക്ഷ്യവിഷബാധ; ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച് എഴുപതോളം കുട്ടികള്‍ ആശുപത്രിയില്‍

Web Desk
Posted on September 21, 2019, 10:37 am

ആന്ധ്രാപ്രദേശ് : ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച് എഴുപതോളം കുട്ടികള്‍ ആശുപത്രിയില്‍. കോണ്ടാപൂര്‍ പ്രദേശത്തെ ശ്രീ ചൈതന്യ ഗേള്‍സ് കോളേജിലെ കുട്ടികളെയാണ് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച ഭക്ഷണം കഴിച്ചയുടനെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും ഉണ്ടാകുകയായിരുന്നു. ഉടന്‍തന്നെ വിദ്യാര്‍ത്ഥികളെ വൈദ്യസഹായത്തിനായി ആശുപത്രിയില്‍ എത്തിക്കുകയും ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തുകയും ചെയ്തു.

അതേസമയം സ്‌കൂള്‍ ഭരണകൂടത്തിനെതിരെ നീരസം പ്രകടിപ്പിച്ച് മാതാപിതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. ഹോസ്റ്റല്‍, ട്യൂഷന്‍ ഫീസായി ലക്ഷക്കണക്കിന് രൂപ ഈടാക്കിയിട്ടും വിദ്യാര്‍ത്ഥിനികള്‍ക്ക് ശരിയായ രീതിയില്‍ കുടിവെള്ളവും ഭക്ഷണവും നല്‍കുന്നില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ പെരുമാറ്റമാണ ഉണ്ടായതെന്നും മാതാപിതാക്കള്‍ പറഞ്ഞു.