ഉത്തര്‍ പ്രദേശിലെ അനാഥാലയത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു, 10 പേര്‍ ആശുപത്രിയില്‍

Web Desk
Posted on August 30, 2019, 1:22 pm

മതുര(ഉത്തര്‍പ്രദേശ്): ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ അനാഥാലയത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിക്കുകയും 10 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മരിച്ച കുട്ടികള്‍ ആറുമാസം മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ളവരാണ്. രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും 12 കുട്ടികള്‍ക്ക് വിഷബാധയേറ്റു എന്നതും വളരെ നിര്‍ഭാഗ്യകരമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് സര്‍വ്വഗ്യ രാം മിശ്ര പറഞ്ഞു. ആറ് കുട്ടികളെ ആഗ്രയിലേക്ക് മാറ്റി. ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണെന്നും മറ്റ് ആറ് പേര്‍ സുഖം പ്രാപിക്കുകയാണെന്നും മിശ്ര പറഞ്ഞു.

പ്രഥമ ദൃഷട്യാ കുട്ടികളുടെ മരണത്തിന് കാരണം ഭക്ഷ്യ വിഷബാധയാണെന്നും ഇവര്‍ വളരെ ചെറിയ കുട്ടികളായതിനാല്‍ ശരിയായ പരിചരണം നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാരികള്‍ക്ക് വേഗത്തില്‍ മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നു. ‘ഇന്ന് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയം മുന്‍േപ ശ്രദ്ധയില്‍പ്പെടുത്തേണ്ടതായിരുന്നു.’ 24 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ കണ്ടെത്തുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.