7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 3, 2024
November 28, 2024
November 11, 2024
November 5, 2024
October 2, 2024
September 24, 2024
September 16, 2024
September 9, 2024
September 5, 2024
August 15, 2024

സ്‌കൂൾ ഉച്ചഭക്ഷണം: സംയുക്ത പരിശോധന നടത്തും

Janayugom Webdesk
തിരുവനന്തപുരം
June 5, 2022 5:58 pm

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ആരോഗ്യം, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്തും.

ഭക്ഷണ സാധനങ്ങൾ, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും. സംസ്ഥാനത്തെ മൂന്നു വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ ചികിത്സ തേടേണ്ടി വന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയിലെ എൽഎംഎസ്എൽപിഎസ് ഉച്ചക്കട, ആലപ്പുഴ ജില്ലയിലെ കായംകുളം ടൗൺ ഗവൺമെന്റ് യുപിഎസ്, കാസർകോട് ജില്ലയിലെ ഗവൺമെന്റ് എൽപിഎസ് പടന്നക്കാട് എന്നിവിടങ്ങളിലെ ഭക്ഷണ സാമ്പിൾ പരിശോധനാ ഫലവും ആരോഗ്യവകുപ്പ് ശേഖരിച്ച സാമ്പിളുകളുടെ ഫലവും അഞ്ചു ദിവസത്തിനകം ലഭ്യമാകും. ഇതിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ആറു മാസത്തിലൊരിക്കൽ വെള്ളം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. പാചകപ്പുര, പാത്രങ്ങൾ എന്നിവയുടെ വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകാൻ നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു.

ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണ വേളയിൽ കുട്ടികൾക്കൊപ്പം പങ്കുചേരാൻ അഭ്യർത്ഥിക്കും. കോഴിക്കോട് ജില്ലയിലെ സ്‌കൂളിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയും തിരുവനന്തപുരത്തെ സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച പങ്കെടുക്കും. പാചകത്തൊഴിലാളികൾക്ക് പരിശീലനം നൽകും. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിൽ ഡ്രൈഡേ ആചരിക്കും.

ലാബ് റിപ്പോർട്ട് ലഭിച്ച ശേഷം അരി വിതരണത്തിൽ വീഴ്ചയുള്ളതായി കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സംസ്ഥാനത്തെ 12302 സ്‌കൂളുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. ഓരോ ദിവസവും കുട്ടികൾക്ക് നൽകേണ്ട ആഹാരം സംബന്ധിച്ച് സ്‌കൂളുകൾക്ക് സാമ്പിൾ മെനുവും നൽകിയിട്ടുണ്ട്.

Eng­lish summary;Food poi­son­ing; Min­is­ter V Sivankut­ty said that strict inspec­tions will be car­ried out in schools

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.