Janayugom Online
civil supplies corporation

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു: ഭക്ഷ്യമന്ത്രി

Web Desk
Posted on June 17, 2019, 11:33 pm

തിരുവനന്തപുരം: ഏറെ പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മുന്‍ വര്‍ഷങ്ങളേക്കാള്‍ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ 14,430 റേഷന്‍ കടകളിലൂടെ 11 രൂപ നിരക്കില്‍ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചതായും,നിലവില്‍ സപ്ലൈക്കോയിലൂടെ 11 രൂപ നിരക്കില്‍ കുപ്പിവെള്ളം ലഭ്യമാക്കിവരുന്നതായും മന്ത്രി അറിയിച്ചു. രാജ്യത്തെമ്പാടും അരിയുടെയും പയറുവര്‍ഗ്ഗങ്ങളുടെയും വില കുതിച്ചുയര്‍ന്നപ്പോള്‍ കേരളത്തിലെ കമ്പോളത്തില്‍, വിലക്കുറവിന്റെ കാലം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി തിലോത്തമന്‍ പറഞ്ഞു.
സംസ്ഥാനത്ത് പച്ചക്കറികള്‍ക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലവര്‍ദ്ധനവുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടിപറയുകയായിരുന്നു മന്ത്രിമാര്‍. എം വിന്‍സന്റാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന കടത്തുകൂലി വര്‍ദ്ധനവ് കമ്പോളത്തില്‍ പ്രതിഫലിക്കാതിരിക്കാന്‍ ശക്തമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി തിലോത്തമന്‍ പറഞ്ഞു. സപ്ലൈക്കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വ്യാപാര ശാലകള്‍ക്ക് പുറമേ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയിലൂടെ സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പച്ചക്കറിക്ക് ചെറിയൊരു ശതമാനം വില വര്‍ദ്ധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. രാജ്യത്ത് ആകമാനം കാലാവസ്ഥയിലുണ്ടായ വ്യതിയാനം പച്ചക്കറി മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തില്‍ രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി വലിയൊരു അളവില്‍ കുറഞ്ഞ് ജൈവവള കൃഷി വ്യാപകമായി. അതിലൂടെ ജനങ്ങള്‍ക്ക് ജൈവവള പച്ചക്കറികള്‍ നല്‍കാന്‍ കഴിയുന്നുമുണ്ട്. അതിനാല്‍ ജൈവകൃഷിക്ക് ഉല്‍പാദന ചെലവ് വര്‍ദ്ധിക്കുന്നത് ഇപ്പോഴത്തെ നേരിയ വില വര്‍ദ്ധനവിന് ഇടയാക്കി. ഇത് ഗണ്യമായി കുറയാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരിയുടെ വിലയില്‍ റെക്കോഡ് കുറവുണ്ടാക്കാനും സര്‍ക്കാരിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മട്ട അരിക്ക് എട്ട് ശതമാനത്തിന്റെയും ചമ്പ അരിക്ക് ഒമ്പത് ശതമാനത്തിന്റെയും റോസ് അരിക്ക് 5.85 ശതമാനത്തിന്റെയും കുറവുണ്ടായി. കേരളീയര്‍ ഏറെ ഉപയോഗിക്കുന്ന ജയ അരിക്ക് എട്ട് ശതമാനത്തിന്റെ വിലക്കുറവുണ്ടായി. കേരളത്തിലെ കൃഷിക്കാര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ലിന് 25.30 രൂപ നല്‍കിയാണ് സംഭരിക്കുന്നത്. അടുത്ത സീസണില്‍ 26.30 രൂപയാകും. ഈ നെല്ല് കുത്തി അരിയാക്കുമ്പോള്‍ കിലോയ്ക്ക് 45 രൂപയോളം ചെലവു വരും. ഈ സാഹചര്യത്തിലാണ് സബ്‌സിഡി നിരക്കില്‍ 25 രൂപയ്ക്ക് ജയ അരിയും 24 രൂപയ്ക്ക് മട്ട അരിയായും സപ്ലൈക്കോ വഴി അരി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
മുന്‍കാലങ്ങളില്‍ റേഷന്‍ കടകള്‍ക്ക് ലഭിച്ചിരുന്ന പഞ്ചസാര വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടെങ്കിലും സപ്ലൈക്കോ വഴി 28 രൂപയ്ക്ക് പഞ്ചസാര നല്‍കിവരികയാണ്. വെട്ടിക്കുറച്ച പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
18 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയാണ് ലഭിച്ചിരുന്നത് 18 ലക്ഷം കുടുംബങ്ങളിലാണ് എത്തിയിരുന്നത്. അത് 36 ലക്ഷം കുടുംബങ്ങളില്‍ എത്തുവാന്‍ വേണ്ടിയുള്ള നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചത്.
റേഷന്‍കടകളില്‍ നിന്നും സമീപകാല ചരിത്രത്തില്‍ ഏറ്റവും ക്വാളിറ്റിയുള്ള അരിയാണ് കൃത്യമായ അളവില്‍ സുതാര്യമായി നല്‍കിവരുന്നത്. ബഹുഭൂരിപക്ഷം ജില്ലകളിലും സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന കുത്തരി നല്‍കിവരുന്നുണ്ട്. റേഷന്‍കടകള്‍ വഴി ശബരി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ സംസാരിച്ച മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.