June 6, 2023 Tuesday

Related news

March 17, 2023
August 31, 2022
March 12, 2022
December 12, 2021
November 30, 2021
November 19, 2021
July 27, 2020
June 3, 2020

രാജ്യത്ത് വൻതോതിൽ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്

Janayugom Webdesk
ന്യൂഡൽഹി
July 27, 2020 10:24 pm

വൻതോതിൽ ഉല്പാദനം നടന്നിട്ടും മാർക്കറ്റിലെത്തുന്ന ഭക്ഷ്യധാന്യങ്ങൾ, പയർ വർഗങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവയുടെ അളവ് ഗണ്യമായി കുറഞ്ഞതിന് പിന്നില്‍ പൂഴ്ത്തിവയ്പ്പെന്ന് സംശയം. ഇടനിലക്കാർ ശേഖരിച്ച് വ്യാപകമായി പൂഴ്ത്തിവയ്ക്കുന്നതു കാരണമാണ് ഇതെന്നാണ് നിഗമനം. പത്തുചാക്കുകൾ വരെ എത്തിക്കൊണ്ടിരുന്നിടത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഴ് ചാക്ക് വരെ മാത്രമാണ് എത്തുന്നത്. മുൻ വർഷത്തെ താരതമ്യം ചെയ്യുമ്പോഴാണ് ഇത്. ഈ വർഷത്തെ വർധിച്ച ഉല്പാദനം കണക്കാക്കുമ്പോൾ വളരെ കുറവാണിതെന്നാണ് കണക്കാക്കുന്നത്.

കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ അളവിൽ കാർഷിക ഉല്പന്നങ്ങൾ അനധികൃതമായി സംഭരിക്കുന്നുണ്ടെന്നാണ് വിഗ്ധരുടെ വിലയിരുത്തൽ. ഗുജറാത്തിൽ നിന്നുള്ള ആവണക്ക്, മധ്യപ്രദേശിൽ നിന്നുള്ള കടല, രാജസ്ഥാനിൽ നിന്നുള്ള കടല, കടുക് എന്നിവ എത്തുന്നതിൽ മുൻ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിന്റെ കുറവുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മഞ്ഞൾ, ചോളം, മുളക്, കൊപ്ര, പരുത്തി എന്നിവയുടെ വരവിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം മെയ് 15ന് കേന്ദ്ര കർഷകക്ഷേമ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിളവ് മുൻ വർഷത്തെക്കാൾ കൂടിയ അളവിലായിരുന്നു.

109 ലക്ഷം ടൺ പയർവർഗങ്ങളുടെ ഉല്പാദനം രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിൽ 22 ലക്ഷം ടണ്ണാണ് നാഫെ‌ഡ് വഴി സംഭരിക്കുന്നത്. 33 ലക്ഷം ടണ്ണിന് പകരം മാർക്കറ്റിലെത്തിയത് 10.94 ലക്ഷം ടണ്ണും. അവശേഷിക്കുന്ന 76 ലക്ഷം ടൺ എവിടെപ്പോയെന്നതാണ് അവ്യക്തമായി തുടരുന്നത്. കർഷകർ, ചെറുകിട കച്ചവടക്കാർ, സം‌സ്‌ക‌‌രിക്കുന്നവർ എന്നിവർക്ക് ഇത്രയും ഭീമമായ തോതിൽ പയർ വർഗങ്ങൾ സംഭരിക്കാനുള്ള സൗകര്യങ്ങളില്ല. അങ്ങനെ വരുമ്പോൾ വൻതോതിലുള്ള പൂഴ്ത്തിവയ്പിലേയ്ക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാർക്കറ്റുകളിലെത്താതെ ഉല്പന്നങ്ങൾ വിറ്റൊഴിവാക്കാൻ കർഷകർക്ക് സാധിക്കില്ല. അതുകൊണ്ട് കർഷകരിൽനിന്ന് ഇടനിലക്കാർ വാങ്ങിസംഭരിക്കുന്നുവെന്ന നിഗനമനം സാധൂകരിക്കപ്പെടുകയാണ്. ‍ എന്നാൽ ലോക്ഡൗൺ കാരണം വില്പനശാലകൾ അടച്ചിടപ്പെട്ടതിനാൽ കർഷകർ നേരിട്ട് വില്പന നടത്തുന്ന പ്രവണത കൂടിയതിനാലാണ് ഇപ്പോൾ വിപണിയിലെത്തുന്ന അളവിൽ കുറവുവന്നതെന്ന വിശദീകരണവുമുണ്ട്.

അടച്ചുപൂട്ടലും കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുവരവും ഗ്രാമീണ ഉപഭോഗത്തിൽ ഉണ്ടാക്കിയ വർധനവും മറ്റൊരു കാരണമായി പറയുന്നുണ്ട്. എന്നാൽ ഈ കണക്കുകളെല്ലാം ചേർത്താലും വൻതോതിലുണ്ടായ ഉല്പാദന വർധനവ് പരിഗണിക്കുമ്പോൾ പൂഴ്ത്തിവയ്പ് സാധ്യത തന്നെയാണ് വിദഗ്ധർ പ്രധാന കാരണമായി കണ്ടെത്തുന്നത്.

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.