ഭക്ഷ്യസുരക്ഷ പരിശോധന: പിഴ ഇനത്തില്‍ കിട്ടിയത് 17,99,500 രൂപ; 52 സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു

Web Desk
Posted on September 08, 2019, 9:03 am

തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റാറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുവാന്‍ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 21 മുതല്‍ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ 17,99,500 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍. 4625 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 1722 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയ 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. 252 സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.

തിരുവനന്തപുരം ജില്ലയില്‍ 375 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,68,000 രൂപ പിഴ ഈടാക്കി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 11 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. കൊല്ലം ജില്ലയില്‍ 156 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒന്‍പത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
പത്തനംതിട്ട ജില്ലയില്‍ 84 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.

ആലപ്പുഴ ജില്ലയില്‍ 129 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. എട്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. കോട്ടയം ജില്ലയില്‍ ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഇടുക്കി ജില്ലയില്‍ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
എറണാകുളം ജില്ലയില്‍ 218 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 12 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ 34 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
പാലക്കാട് ജില്ലയില്‍ 106 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.

മലപ്പുറം ജില്ലയില്‍ 194 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ 146 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മൂന്ന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു.
വയനാട് ജില്ലയില്‍ 52 സ്ഥാപനങ്ങള്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 136 സ്ഥാപനങ്ങള്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 78 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.

ഭക്ഷ്യസുരക്ഷ ലൈസന്‍സോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ടോള്‍ഫ്രീ നമ്പരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കണം. ചൂട് പായസം, പ്ലാസ്റ്റിക്ക് കവറുകളില്‍ ഒഴിവാക്കണം. അനുവദനീയമായ ഫുഡ് ഗ്രേഡ് അലുമിനിയം ഫോയില്‍ കവറുകളില്‍ (കട 8970) മാത്രം ഭക്ഷണ സാധനം പാഴ്‌സല്‍ ആക്കി നല്‍കാന്‍ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങള്‍ പൊതിയുവാനോ സൂക്ഷിക്കുവാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പര്‍ കര്‍ശനമായി ഉപയോഗിക്കുവാനോ പാടില്ല. കര്‍ശനമായ പരിശോധന സംസ്ഥാന വ്യാപകമായി തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു.