Site iconSite icon Janayugom Online

ഭക്ഷ്യസുരക്ഷ എല്ലാവരിലേക്കും എത്തണം: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ദേശീയ ഭക്ഷ്യസുരക്ഷാ നിയമ (എന്‍എഫ്എസ്എ) ത്തിനു കീഴില്‍ നല്‍കുന്ന ഭക്ഷ്യധാന്യങ്ങള്‍ അവസാനത്തെ ആളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിശന്ന വയറുമായി ആരും ഉറങ്ങരുത് എന്നത് നമ്മുടെ സംസ്കാരമാണെന്നും കോടതി പറഞ്ഞു. ഇശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും പുതുക്കിയ പട്ടിക സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എം ആര്‍ ഷാ, ഹിമാ കോലി എന്നിവരുടെ ബെഞ്ച് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

കോവിഡ് കാലത്തെ ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2011ന് ശേഷം രാജ്യത്തെ ജനസംഖ്യ വർധിച്ചിട്ടുണ്ടെന്നും എൻഎഫ്എസ്എയുടെ കീഴിൽ വരുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നുമാണ് സാമൂഹിക പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്തര്‍, ജഗ്‌ദീപ് ചോക്കര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമം ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെങ്കില്‍ നിരവധി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു. അതേസമയം എൻഎഫ്എസ്എയ്ക്കു കീഴില്‍ 81.35 കോടി ഗുണഭോക്താക്കളുണ്ടെന്നും, ഇന്ത്യയുടെ കാര്യത്തില്‍ ഇത് വളരെ വലിയ സംഖ്യയാണെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞു. 2011 ലെ സെൻസസ് ഗുണഭോക്താക്കളുടെ പട്ടികയിൽ കൂടുതൽ ആളുകളെ ചേർക്കുന്നതിൽ നിന്ന് സർക്കാരിനെ തടഞ്ഞിട്ടില്ലെന്നും എഎസ്ജി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ നാളെ വാദം തുടരും. 

Eng­lish Sum­ma­ry: Food secu­ri­ty should reach every­one: Supreme Court to cen­tral government

You may also like this video

Exit mobile version