Saturday
23 Mar 2019

എന്തുണ്ടിനി കാല്‍പന്തല്ലാതെ… ഊറ്റം കൊള്ളാന്‍…

By: Web Desk | Tuesday 12 June 2018 10:58 PM IST


മലപ്പുറത്തെ ഫുട്‌ബോള്‍ ഫാന്‍സ് ആഘോഷം

സുരേഷ് എടപ്പാള്‍

മലപ്പുറം: ഊറ്റം കൊള്ളാന്‍ മറ്റൊന്നും ഇവര്‍ക്ക് വേണ്ട, ആ തുകല്‍ പന്ത് ധാരാളം. നാട്ടുകാര്‍ക്ക് കേട്ടറിവുപോലുമില്ലാത്ത രാജ്യങ്ങളുടെ കൊടികളും അവരുടെ കളിക്കാരുടെ ഫോട്ടോകള്‍ നിറച്ച ഫ്‌ളക്‌സുകളും നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ നിറയുകയാണ് ഈ മലയാളക്കരയില്‍. ശരിക്കും ഇതൊരു അഹങ്കാരമായി തോന്നിയേക്കാം. പക്ഷേ സ്‌നേഹം ആ രാജ്യത്തോടല്ല, അവരുടെ ഫുട്‌ബോള്‍ ടീമിനോടാണ്. എല്ലാം ഫുട്‌ബോളിലേക്ക് ഒതുങ്ങി കൊണ്ടിരിക്കുമ്പോള്‍ പ്രിയതാരത്തിനും ടീമിനുമോപ്പം യാത്രയാവുകയാണ് ആരാധകന്‍. ലോകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയെപോലെ നമ്മുടെ നാടും ഒടുക്കത്തെ ഒരുക്കത്തിലാണ്.

കളി ലോകത്തെവിടെ വേണേലും നടന്നോട്ടെ, ആവേശം ഇവിടെ കേരളത്തിലാണെന്നത് സമ്മതിച്ചേ പറ്റൂ. ആവേശതള്ളിച്ചയുടെ പ്രഭവസ്ഥാനം തേടിയെത്തിയാല്‍ മലബാറില്‍. കൃത്യമായി പറഞ്ഞാല്‍ മലപ്പുറത്ത്. നാലു വര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന ലോകക്കപ്പിന്റെ ജ്വരം മലപ്പുറത്തെ ശരിക്കും പിടിച്ചു കുലുക്കുയാണ്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഗ്രാമങ്ങള്‍ തകര്‍ത്തു പെയ്യുന്ന മഴയില്‍ ഫുട്‌ബോള്‍ കിനാവിലമര്‍ന്നു കഴിഞ്ഞു. ഈ നാട്ടുകാര്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന നാമങ്ങള്‍ ദൂരെ ദരെയുള്ള രാജ്യക്കാരുടേതാണ്. ഊണിലും ഉറക്കത്തിലും തന്റെ താരം ഗോളടിക്കുന്നതും കപ്പുയര്‍ത്തുന്നതും സ്വപ്‌നം കണ്ട് അരീക്കോടുകാരനും മമ്പാട്ടുകാരനും, മഞ്ചേരിക്കാരനും, തിരൂക്കാരനും ദിവസങ്ങള്‍ എണ്ണാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

മെസ്സിയും നെയ്മറും ഇല്ലാത്ത ഒരു നാട്ടുവഴി പോലും ഇവിടെയില്ല. അര്‍ജന്റീനക്കും ബ്രസ്സീലിനുമാണ് കൂടുതല്‍ ആരാധകരേറെയങ്കിലും ജര്‍മ്മനിയും ഫ്രാന്‍സും. ബെല്‍ജിയവും,സെനഗലും, ഇംഗ്ലണ്ടും,പോര്‍ച്ചുഗലും ഒപ്പത്തിനൊപ്പമുണ്ട്. പരസ്പരം വെല്ലുവിളിച്ചും, പ്രതിഭകളുടെ വീരേതിഹാസങ്ങള്‍ മുഴക്കിയും നാടെങ്ങും ഫ്‌ളക്‌സാണ്. തട്ടുപൊളിപ്പന്‍ ഡയലോഗുകളാണ് ഒരോ ബോര്‍ഡുകളുടേയും സവിശേഷത. ചങ്കാണ്, ചങ്കിടിപ്പാണ് അര്‍ജന്റീന എന്നതിന് ബ്രസ്സീലിന്റെ മറുപടി ചങ്കാണ്, ചങ്കുറപ്പാണ് ബ്രസ്സീല്‍ എന്നാണ്. നീലകളെന്നും മഞ്ഞകളെന്നും പരസ്പരം പര്‌സപരംകളിയാക്കല്‍ ഓരോ ഫ്‌ളക്‌സിലും ഉണ്ട്. മറ്റു ടീമുകള്‍ക്കും ആരാധകരുണ്ടെങ്കിലും കൊമ്പുകോര്‍ക്കുന്നത് മഞ്ഞപ്പടയും നീലപ്പടയുമാണ്.

ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ ബ്രസ്സീലും അര്‍ജന്റീനയും തമ്മിലുള്ള വൈരം ഇവിടെ മലപ്പുറത്തും കോഴിക്കോട്ടും,തൃശ്ശൂരിലും, കണ്ണൂരിലും പാലക്കാട്ടുമൊക്കെ പ്രകടം. മെസ്സിയെ നിര്‍ത്തി പൊരിക്കാനാന്‍ ബ്രസ്സീലുകാര്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ നെയ്മറിനെയാണ് അര്‍ജന്റീനയുടെ ആരാധകര്‍ ലക്ഷ്യമിടുന്നത്. മെസ്സി നേരിടുന്നതുപോലുള്ള കൂട്ടമായി ആക്രമണം നെയ്മറിനെതിരെ ഇല്ലെന്നതും ശ്രദ്ദേയമാണ്. ജര്‍മ്മനിയോട് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ വച്ചുണ്ടായ വന്‍മാര്‍ജിനിലുള്ള പരാജയമാണ് ബ്രസിലിനെതിരെയുള്ള തുരപ്പ് ശീട്ടെങ്കില്‍ അടുത്ത കാലത്തൊന്നും കപ്പടിക്കാന്‍ കഴിയാത്ത അര്‍ജന്റിനയുടെ കാത്തിരിപ്പാണ് എതിരാളികളുടെ മറുമരുന്ന്.

സോഷ്യല്‍ മീഡിയയാണ് ആരാധകരുടെ താവളം. നിരവധി വാട്‌സാപ്പ്, ഫേയ്‌സ്ബുക്ക് കൂട്ടായ്മകളാണ് ഇരു ടീമുകള്‍ക്കും വേണ്ടി രൂപം കൊണ്ടിരിക്കുന്നത്. തങ്ങളുടെ ടീമിന്റെ സാധ്യതകളെ കുറിച്ചു ഗെയിം പ്ലാന്‍ ഏതു വിധമായിരിക്കണമെന്നതുമൊക്കെ ഈ ഗ്രൂപ്പുകളില്‍ വിശദമായി ചര്‍ച്ചചെയ്യുകയാണ്. ഫലത്തില്‍ ചേരികളായി തിരിഞ്ഞ് കണക്ക് നരത്തിയും കരുത്തില്‍ ഊറ്റം കൊണ്ടും ചൂടുപിടിച്ചിരിക്കയാണ് നഗരവും ഗ്രാമവുമെല്ലാം.പലയിടങ്ങളിലും ഘോഷയാത്രകളും, റാലികളും, വിളബര ജാഥകളും, പ്രദര്‍ശന മത്സരങ്ങളും സംഘടിപ്പിച്ചു കൊണ്ടിരിക്കയാണ്. റംസാന്‍ വ്രതത്തിനിടയിലും ജിവവായുവായ ഫുട്‌ബോളിനെ ചേര്‍ത്തു പിടിച്ചിരിക്കയാണ് വലിയൊരു കൂട്ടം ജനം. ചെറിയപെരുന്നാളിനൊപ്പം വന്നെത്തുന്ന ഫുട്‌ബോളിന്റെ വലിയ പെരുന്നാള്‍ മലബാറിന് സമ്മാനിച്ചിരിക്കുന്നത് ആവേശക്കടലാണ്. ക്ലബ്ബുകളും കൂട്ടായ്മകളും കളി കാണാനുള്ള സൗകര്യങ്ങള്‍ തയ്യാറാക്കുന്നതിനുള്ള അവസാന ജോലികളിലാണ്. ബിഗ് സ്‌ക്രീനുകളില്‍ കളി കാണാനാണ് ഏറെ പേര്‍ക്കും താല്‍പര്യം. പണപരിവ് നടത്തിയും വാടകക്കെടുത്തും വലിയ സ്‌ക്രീനും മറ്റു സൗകര്യങ്ങളും തയ്യാറാക്കി കഴിഞ്ഞു. ഇനി ആ വിസില്‍ മാത്രം കേട്ടാല്‍ മതി…..ലുഷ്‌നികി സ്റ്റേഡിയത്തില്‍ നിന്നുള്ള ആദ്യവിസില്‍…..